ഇനി വൈദ്യുതിക്കമ്പിയിൽ നിന്നും ഷോക്കേൽക്കില്ല : പുതിയ സുരക്ഷാവിദ്യയുമായി കെഎസ്ഇബി
വൈദ്യുതിയില്‍ നിന്നുള്ള അപകടം കുറക്കാന്‍ കെഎസ്ഇബി മുന്‍കരുതലെടുക്കുന്നു. ജീവനക്കാരുടെയും ജനങ്ങളുടെയും സുരക്ഷയ്ക്കായി വൈദ്യുതി കമ്പിയില്‍ നിന്നുള്ള അപകടം ഇല്ലാതാക്കാനാണ് കെഎസ്ഇബി പുതിയ സാങ്കേതിക വിദ്യ ഒരുക്കുന്നത്. സ്മാര്‍ട്സ് എംസിസിബി (മോള്‍ഡഡ് കേസ് സര്‍ക്യൂട്ട്) ബ്രേക്കര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഷോക്കില്‍നിന്ന് സംരക്ഷണം ഒരുക്കുന്നത്.
വീട്ടിലേക്ക് നടന്നുപോകുന്ന വഴിയേ വൈദ്യുതികമ്പി പൊട്ടിവീണ വെള്ളത്തില്‍ ചവുട്ടി പിടഞ്ഞുമരിച്ചവര്‍ നമുക്ക് മുന്നിലുണ്ട്. പൊട്ടിവീണ വൈദ്യുത കമ്പി കാണാതെ ബൈക്ക് ഓടിച്ചുപോയ യുവാവ് മരണപ്പെട്ട വാര്‍ത്തയും നമ്മെ അസ്വസ്ഥമാക്കിയിട്ട് അധികനാളായിട്ടില്ല. എത്ര സുരക്ഷാക്രമം പാലിച്ചാലും ഷോക്കേറ്റ് മരിക്കുന്ന കെഎസ്ഇബി ജീവനക്കാരും നമുക്ക് കണ്ണീരാണ്. ജനങ്ങൾക്കും ജീവനക്കാർക്കും സുരക്ഷ ഒരുക്കി അപകടങ്ങളെ ഇല്ലാതാക്കാനാണ് കെഎസ്ഇബി പുതിയ സാങ്കേതിക വിദ്യ പരീക്ഷിക്കുന്നത്.
സ്മാര്‍ട്സ് എംസിസിബി (മോള്‍ഡഡ് കേസ് സര്‍ക്യൂട്ട്) ബ്രേക്കര്വഴി വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേല്‍ക്കുന്നത് ഇല്ലാതാക്കുകയാണ് കെഎസ്ഇബിയുടെ ലക്ഷ്യം. ട്രാന്‍സ്ഫോര്‍മറിലാണ് സ്മാര്‍ട്സ് എംസിസിബി ഘടിപ്പിക്കുക. കമ്പി പൊട്ടിവീഴുന്നതടക്കമുള്ള സന്ദര്‍ഭങ്ങളില്‍ ഇത് സ്വയം പ്രവര്‍ത്തിക്കുകയും ലൈന്‍ ഓഫാകുകയും ചെയ്യും. കമ്പിയിലൂടെയുള്ള അമിത വൈദ്യുതിപ്രവാഹം, ചോര്‍ച്ച, തടസ്സം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളും തടയും. തകരാറുണ്ടായാല്‍ ഇത് സ്വയം ഓഫാകുകയും പ്രശ്നം പരിഹരിക്കുന്നതോടെ ഓണാകുകയും ചെയ്യും. വൈദ്യുതിക്കമ്പിയില്‍ പ്രശ്നമുണ്ടായാല്‍ ആ പ്രദേശത്തെ കെഎസ്ഇബി ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണിലേക്ക് സന്ദേശവും എത്തും.
സ്വകാര്യ കമ്പനിയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കെഎസ്ഇബിയുടെ മേല്‍നോട്ടത്തില്‍ കമ്പനി സൗജന്യമായി ഉപകരണം സ്ഥാപിച്ച് നല്‍കുകയാണ് ചെയ്യുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം നെടുമങ്ങാട് ഡിവിഷനു കീഴിലെ കല്ലറ സെക്ഷനിലാണ് ആദ്യം സ്മാര്‍ട്സ് എംസിസിബി സ്ഥാപിക്കുന്നത്. ഒരുവര്‍ഷം പുരോഗതി വിലയിരുത്തിയശേഷം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും.