കോവിഡ്‌ 19 : മാസ്ക് ധരിച്ചതുകൊണ്ട് മാത്രം രോഗം പടരാതിരിക്കില്ല

Sharing is caring!

കേരളത്തിൽ വീണ്ടും കൊറോണ ഭീതി പടർന്നതോടെ ആളുകൾ സ്വയരക്ഷയ്ക്കായി വ്യാപകമായി മാസ്കുകൾ വാങ്ങി ഉപയോഗിക്കുകയാണ്. റെയിൽവെ സ്റ്റേഷനുകളിലും ബസ്റ്റാൻറുകളിലും ആളുകൾ മാസ്ക് ഉപയോഗിച്ചാണ് നടക്കുന്നത്. ആൾക്കൂട്ടങ്ങൾക്കിടയിൽ മാസ്ക് വെക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. എന്നാൽ കോവിഡ്–19  പ്രതിരോധിക്കാൻ രോഗം ഇല്ലാത്തവർ അനാവശ്യമായി മാസ്‌ക്‌ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുകയെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. രോഗപ്രതിരോധത്തിന്‌ നിർദേശിച്ച വ്യക്തിശുചിത്വം കൃത്യമായി പാലിക്കുന്നതിലാണ്‌ എല്ലാവരും ശ്രദ്ധിക്കേണ്ടത്. മാസ്ക് ധരിച്ചതുകൊണ്ട് മാത്രം രോഗം പടരാതിരിക്കില്ലെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു.

മാത്രമല്ല, മാസ്ക് ഉപയോഗിച്ച് നടക്കുന്നതിലൂടെ സുരക്ഷിതരാണെന്ന തെറ്റിദ്ധാരണയുണ്ടാക്കുകയും മറ്റു സുരക്ഷാ നിർദേശങ്ങളോട്‌ അശ്രദ്ധ പാലിക്കുകയും ചെയ്തേക്കാം. അനാവശ്യമായി മാസ്കുകൾ വാങ്ങിക്കൂട്ടുന്നതിലൂടെ അത്യാവശ്യക്കാർക്ക്‌ കിട്ടാത്ത സ്ഥിതിയും ഉണ്ടാകും.

ദയവായി ക്ഷാമം ഉണ്ടാക്കരുത്..

കോവിഡ്‌ 19 ആശങ്ക പടർന്നതോടെ  മുഖാവരണത്തിന്‌ സംസ്ഥാനത്ത്‌ വൻ ക്ഷാമമാണ് അനുഭവപ്പെടുന്നത്. കച്ചവടക്കാർ കൃത്രിമ ക്ഷാമം ഉണ്ടാക്കുകയാണെന്നും ആക്ഷേപമുണ്ട്. പല മെഡിക്കൽ സ്‌റ്റോറുകളിലും മാസ്‌കുകൾ കിട്ടാനില്ല. മിക്ക കടകളിലും  വില കുത്തനെ ഉയർത്തി. മൊത്തവിതരണ കേന്ദ്രങ്ങളിലും വിൽപ്പന  നിലച്ചു.  

ടൂ ലെയർ, ത്രി ലെയർ മാസ്‌കുകൾക്കാണ്‌ ആവശ്യക്കാരേറെ. പച്ച നിറത്തിലുള്ള ഇത്തരം മുഖാവരണത്തിന്‌ അഞ്ച്‌ രൂപയായിരുന്നു വില. ആശങ്ക പടരുന്നതോടൊപ്പം തന്നെ ഇത് 20 രൂപവരെയായി ഉയർന്നു. വെള്ള നിറത്തിലുള്ള എൻ 95 മാസ്‌കിന്‌ 85–100 രൂപയായിരുന്നു വില. ഇത്‌ 150 നും 200 നും  ആയി. നിപാ കാലത്ത്‌  ഇതിന്‌ 100 രൂപയായിരുന്നു.  ദ്വാരമുള്ള പൊല്യൂഷൻ മാസ്‌കുകൾക്ക്‌ 150 രൂപയാണ്‌ വില. 

എൻ 95 മാസ്ക് എല്ലാവരും വാങ്ങി ഉപയോഗിക്കുന്നത്‌ അനാവശ്യമാണ്‌.  സാധാരണ സർജിക്കൽ മാസ്കാണെങ്കിൽ 4-6 മണിക്കൂർവരെ ഉപയോഗിക്കാം. എൻ 95 മാസ്കുകൾ നാലു മണിക്കൂറിലധികം ഉപയോഗിക്കരുത്‌ എന്നും ആരോഗ്യ പ്രവർത്തകർ പറഞ്ഞു.

രോഗം പടരുമെന്ന ഭയത്താലാണ് ആളുകൾ വ്യാപകമായി മാസ്കുകൾ ഉപയോഗിക്കുന്നത്. അനാവശ്യമായ ഇത്തരം ആശങ്കകളും രോഗമില്ലാത്തവരുടെ സ്വയം രക്ഷയ്ക്കുള്ള മുൻ കരുതലും ഗുണത്തേക്കാളേറെ ദോഷം ഉണ്ടാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം മാത്രം പ്രവർത്തിക്കുക എന്നാണ് ഇവർ പറയുന്നത്.

മാസ്ക് ഉപയോഗിക്കുന്ന വിധം

രോഗമുള്ളവരോ  രോഗലക്ഷണങ്ങളുള്ളവരോ അത്തരക്കാരുമായി ഇടപഴകുന്നവരോ ആണ്‌ മാസ്‌ക്‌ ഉപയോഗിക്കേണ്ടത്. രോഗം പകരുന്നത്‌ തടയാനാണിത്‌. മൂന്നു പാളികളുള്ള മാസ്കാണ് രോഗികളും ലക്ഷണങ്ങളുള്ളവരും ധരിക്കേണ്ടത്.

നീല (അല്ലെങ്കിൽ പച്ച) നിറമുള്ള ഭാഗം പുറമെയും വെള്ള നിറം ഉള്ളിലും വരും വിധമാണ്‌ ധരിക്കേണ്ടത്‌. ഇതിനിടയിൽ മറ്റൊരു പാളിയുള്ളത്‌ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തെറിക്കുന്ന സ്രവങ്ങളും മറ്റും തടയും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com