കരൂഞ്ഞിയിലെ നോവുകളും ദുരൂഹതകളും തുടരുന്നു…
കരൂഞ്ഞിമലയുടെ വികസനത്തിന് തടസ്സം നില്ക്കുന്നതില് റോഡ് ഗതാഗതത്തിനാണ് പ്രധാന പങ്ക്. ചുരത്തെ വെല്ലുന്ന, കയറി വരാന്‍ ടാക്സികള്‍ പോലും മടിക്കുന്ന ചെങ്കുത്തായ കയറ്റങ്ങളും വളവുകളും. ബദല്‍ റോഡ് എന്ന നാട്ടുകാരുടെ ആവശ്യത്തിന് കാലങ്ങളുടെ പഴക്കം. കൊടുവന്മുഴി -നെടുമല റോഡ് യാഥാര്‍ത്ഥ്യമാക്കിയാല്‍ സൌത്ത് കൊടുവള്ളി ഭാഗത്തേക്ക് സുഗമമായി യാത്ര ചെയ്യാം. പട്ടികജാതി വിഭാഗങ്ങള്‍ ഏറെയുള്ള മേഖലയിലൂടെ കടന്നു വരുന്ന ഈ ബദല്‍ റോഡ് പട്ടികജാതി ഓഫീസറുടെ അനുമധിക്കായ് ചുവപ്പുനാടയില്‍ കാത്തു നില്‍ക്കുകയാണ്.
രണ്ടു കുടിവെള്ള പദ്ധതികള്‍ ഉണ്ടെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്നതല്ല. വേനല്കാലങ്ങളില് അധികാരികളുടെയോ സന്നദ്ധ സംഘടനകളുടെയോ കുടിവെള്ള പദ്ധതികള്‍ ഇവിടേക്ക് എത്തിപ്പെടാന്‍ മടിക്കുന്നു. വന്‍ കയറ്റങ്ങള്‍ കയറി എത്തിപ്പെടാനുള്ള ഗതാഗത പ്രശ്നം തന്നെ പ്രധാന കാരണം. ഫലത്തില്‍ കുടിവെള്ളവും ഇവര്‍ക്ക് നിഷേധിക്കപ്പെടുന്നു.
ആദിവാസികളല്ലാഞ്ഞിട്ടും അവരെപ്പോലെ ജീവിക്കേണ്ടി വരുന്ന ഒരു നാടിന്റെ ജീവിത സാഹചര്യങ്ങല്ക്കുമുണ്ട് പറയാനേറെ.. നോവിന്റെയും ദുരൂഹതയുടെയും കഥകള്‍ ……
ഉത്തരമില്ലാത്ത മരണങ്ങള് …
കാര്പാര്ത്യന് മലയിടുക്കിലെ ദുരൂഹമായ മരണങ്ങളുടെ കഥ പോലെയാണ് പല മരണങ്ങളും ഇവിടെയും സംഭവിച്ചത്. കരൂഞ്ഞി മലയിലെ പല പറങ്കിമാവുകള്‍ക്കും പറയാനെറെയുണ്ട്. തങ്ങളുടെ ചില്ലകളില്‍ കെട്ടിത്തൂങ്ങിയാടിയ മനുഷ്യ ശരീരങ്ങളെ കുറിച്ച്. അമ്പതു വര്‍ഷത്തിനിടെ ഈ പ്രദേശത്ത് ആത്മഹത്യ ചെയ്തവര്‍ നിരവധിയാണ്. വ്യത്യസ്തമായ കാരണങ്ങളാല്‍ സ്വയം ജീവനോടുക്കിയവരും ദുരൂഹമായ സാഹചര്യങ്ങളില്‍ മരണപ്പെട്ടവരും ഇവിടെ ഏറെയാണ്… കൊടുവള്ളി മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടന്നതും കരൂഞ്ഞിയിലാണ്. വിഷം കഴിച്ചും, തീ കൊളുത്തിയും, കെട്ടിത്തൂങ്ങിയും ആത്മഹത്യ ചെയ്ദവര് . ഒരു വീട്ടില്‍ തന്നെ അമ്മയും മകനും മരുമകളും ജീവനൊടുക്കിയ സംഭവം. സാമ്പത്തികവും ആരോഗ്യപരവുമായ കാരണങ്ങളാലും, വിഷാദം കൊണ്ടും കുടുംബ കലഹങ്ങളും പ്രണയ നൈരാശ്യം കൊണ്ടും ആത്മഹത്യ ചെയ്തവരാണ് അധികവും.
ഒട്ടേറെ പേര് ദുരൂഹമായ സാഹചര്യങ്ങളില്‍ മരണപ്പെട്ടതും കാണാതെ ആയതും ഇവിടത്തെ ദുരൂഹതകള്‍ക്ക് ആക്കം കൂട്ടുന്നു. അതിനിടക്കാണ് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ചുരുളഴിയാത്ത പ്രമാദമായ ചാപ്പന് മരണം പ്രദേശത്ത് നടക്കുന്നത്. ഇത്തരത്തില്‍ പല മരണങ്ങള്‍ക്ക് പിന്നിലും അവ്യക്തതകള്‍ നില നില്ക്കുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. മരണങ്ങള് സംഭവിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ പ്രവര്‍ത്തകരുമെല്ലാം അന്വേഷണം ആവശ്യപ്പെട്ടു വരാറുണ്ടെങ്കിലും പിന്നീട് ഇവയും സ്വാധീന ശക്തികളുടെ മുന്പില് അടിപതറിപോകുന്നു. ഫലത്തില്‍ ദുരൂഹ മരണങ്ങളുടെ കാരണങ്ങള്‍ പുറത്തറിയപ്പെടാതെ ഇന്നും നിലനില്ക്കുന്നു.
ചാപ്പന്റെ മരണവും കരൂഞ്ഞിയിലെ ജീവിതങ്ങളും തുടരും..
കറൂഞ്ഞിയിലെ വാർത്തകൾ മനസ്സിനെ പേടിപ്പെടുത്തുന്നു. അധ കൃത ജനവിഭാഗത്തിന്റെ നീറുന്ന പ്രശ്നങ്ങളിൽ ഇടപെട്ടു ജനങ്ങളിലേക്ക് വിഷയങ്ങളെത്തിച്ച റിപ്പോർട്ടർ റാഷിദിന് അഭിനന്ദനങ്ങൾ