വൈറലായി പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ് : കയ്യടിച്ച് സോഷ്യല്‍മിഡിയ
By Special Reporter
“അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. 2019 ജനുവരി അവസാനം ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് മുന്നോട്ടു നീങ്ങുന്നത്”
2018 ജൂലൈ 25 ന് മുഖ്യമന്ത്രി പിണറായി വിജയന് തന്റെ ഫേസ്ബുക്കില്‍ പറഞ്ഞ വാക്കുകളാണിത്. കേരളം നിപ്പയെ കണ്ട് പേടിച്ചിരിക്കുന്ന ദിവസങ്ങള്‍. ഇത്തരമൊരു ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തില്‍ അടിയന്തിരമായി ഉണ്ടാകേണ്ടതാണെന്ന് ഓരോ കേരളീയനും ആഗ്രഹിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 2018 ലെ ഈ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പലരും സ്ക്രീന്‍ഷോട്ട് എടുത്ത് പ്രചരിപ്പിക്കുന്നു. എല്ലാവരും നിറഞ്ഞ കയ്യടി നല്കുന്നു. കാരണം, പറഞ്ഞ വാക്ക് അതുപോലെ പാലിക്കപ്പെട്ടിരിക്കുന്നു.
നാളെ (09.02.2018) കേരളത്തിന്റെ സ്വന്തം അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യുകയാണ്. തിരുവനന്തപുരം തോന്നയ്ക്കല്‍ ബയോ ലൈഫ്സയന്‍സ് പാര്‍ക്കില്‍ ആരംഭിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയാണ് നാളെ രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിക്കുന്നത്. രാജ്യത്ത് തന്നെ മറ്റൊരു സ്ഥലത്തും ഇല്ലാത്ത അന്താരാഷ്ട്ര നിലവാരമുള്ള സംവിധാനങ്ങള്‍ കേരളത്തിന്റെ ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരുക്കുന്നുണ്ട്. തറക്കല്ലിട്ട് ഒരു വര്‍ഷം പോലും പൂര്‍ത്തിയാകും മുന്‍പ് പറഞ്ഞ സമയത്ത് തന്നെ ഉദ്ഘാടനം ചെയ്യുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
2018 മെയ് മാസത്തിലാണ് കോഴിക്കോട് നിപ്പ വൈറസ് എന്ന വാര്‍ത്ത പുറത്തുവരുന്നത്. മുന്‍പെങ്ങും കേരളത്തിന് അത്തരമൊരു വൈറസ് അനുഭവം ഉണ്ടായിട്ടില്ല. ഭയത്തിന്റെ മണിക്കൂറുകളായിരുന്നു പിന്നീട്. പല കഥകളും പ്രചരിച്ചു. ഓരോ മണിക്കൂറിലും പുതിയ വാര്‍ത്തകള്‍. ഓരോ പനിയും നിപ്പയാണെന്ന് സംശയിക്കാന്‍ തുടങ്ങി. കോഴിക്കോട്, വയനാട്, ബാംഗ്ളൂര്‍ എന്നിങ്ങനെ നിപ്പ പരക്കുന്ന സ്ഥലങ്ങളുടെ എണ്ണം വാര്‍ത്തകളില്‍ കൂടിക്കൂടിവന്നു. എന്നാല്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സ്വീകരിച്ച നിശ്ചയദാര്‍ഢ്യത്തോടെയുള്ള സമീപനം കേരളം നിപ്പയെ തോല്പ്പിക്കുന്നിടത്തേക്ക് വരെ എത്തി. കോഴിക്കോടിന് പുറത്തേക്ക് നിപ്പ പരന്നില്ല. കൂടുതല്‍ ആളുകളില്‍ സ്ഥിതീകരിച്ചെങ്കിലും അവയെ ചെറുത്ത് തോല്‍പ്പിച്ച് ആ ജീവനുകള്‍ തിരികെ നല്കി. ലോകം കൈയ്യടിച്ചു. എന്നാല്‍ നിപ്പയില്‍ നിന്നും കേരളത്തിന് ചിലത് പഠിക്കാനുണ്ടായിരുന്നു.
ഇത്തരം വൈറസുകളെ കണ്ടുപിടിക്കാനുള്ള ടെസ്റ്റുകള്‍ നടത്താനുള്ള സംവിധാനം കേരളത്തില്‍ ഇല്ല എന്നതായിരുന്നു ഒരു പ്രധാന പ്രശ്നം. ഓരോ സംശയാസ്പദമായ കേസുകളും പരിശോധിക്കുന്നതിന് സാമ്പിളുകള്‍ മണിപ്പാലിലെയോ പൂണെയിലെയോ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കണം. അവിടെ നിന്നും റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കണം. ഇന്ത്യയില്‍ ആകെ 7 കേന്ദ്രങ്ങളിലാണ് സര്‍ക്കാരിന് കീഴില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്ളത്. സ്വകാര്യ മേഖലയിലും ഇത്തരം സ്ഥാപനങ്ങള്‍ കുറവാണ്. അതില്‍ തന്നെ അന്താരാഷ്ട്ര നിലവാരമുള്ള സംവിധാനങ്ങള്‍ ഇപ്പോഴും ലഭ്യമായിട്ടില്ല. മാത്രമല്ല, 1999 ല്‍ ആലപ്പുഴയില്‍ പ്രഖ്യാപിച്ച ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം ഇപ്പോഴും എവിടെയും എത്തിയിട്ടില്ല. ഇവിടെയാണ് പിണറായി സര്‍ക്കാര്‍ മാതൃക കാണിച്ചത്. രാജ്യത്തെ മറ്റെല്ലാ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളെയും കടത്തിവെട്ടുന്ന ആധുനിക സൗകര്യങ്ങളാണ് കേരളത്തിലൊരുങ്ങുന്നത്.
80,000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് കേരള അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ത്തിയാകുന്നത്. ഊരാളുങ്കല്‍ സര്‍വ്വീസ് സൊസൈറ്റി ഏറ്റെടുത്ത ആദ്യഘട്ട നിര്‍മ്മാണമാണ് ഇപ്പോള്‍ ഉദ്ഘാടനത്തിനൊരുങ്ങിയത്. എല്‍എല്‍എല്‍ ലൈറ്റ്സ് ചുമതല നിര്‍വ്വഹിക്കുന്ന കെട്ടിടത്തിന്റെ ബാക്കി പ്രവൃത്തി 2019 ഓഗസ്ത് മാസത്തോടെ പൂര്‍ത്തിയാകും.
മാരക വൈറസുകളുടെ സ്ഥിരീകരണം, പുതിയവ തിരിച്ചറിയാനും പ്രതിവിധി സ്വീകരിക്കാനുമുള്ള സംവിധാനം, വൈറസ് പ്രതിരോധത്തിനുള്ള മരുന്ന് നിര്‍മ്മാണം, ആധുനിക ഗവേഷണം എന്നിവ സ്ഥാപനത്തില്‍ സാധ്യമാകും. എട്ട് ലാബുകളാണ് ആരംഭിക്കുന്നത്. പരീക്ഷണത്തിനുള്ള ആധുനിക അനിമല്‍ ഹൗസുകളും സജ്ജമാകും. വിവിധ അക്കാദമിക പദ്ധതികളും ഉണ്ടാകും. മാത്രമല്ല, അന്താരാഷ്ട്ര ഏജന്‍സിയായ ഗ്ലോബല്‍ വൈറല്‍ നെറ്റ്വര്‍ക്കിന്റെ രാജ്യത്തെ ആദ്യ സെന്ററും ഇവിടെ പ്രവര്‍ത്തിക്കും.
ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ത്തിയാകുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയും ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.