പൂര്‍ണിമ ഇന്ദ്രജിത്ത്, ശ്രുതി ഷിബുലാല്‍, ഷീല ജയിംസ് എന്നിവര്‍ക്ക് വനിതാ സംരംഭകത്വ അവാര്‍ഡ്

Sharing is caring!

പൂര്‍ണിമ ഇന്ദ്രജിത്ത്, ശ്രുതി ഷിബുലാല്‍, ഷീല ജയിംസ് എന്നിവരെ 2020ലെ കേരളത്തിലെ ശ്രദ്ധേയ വനിത സംരംഭകത്വ അവാര്‍ഡിന് തെരഞ്ഞെടുത്തതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമാകത്തക്ക തരത്തില്‍ ജീവിതത്തിലും പ്രവര്‍ത്തന മേഖലയിലും വഹിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഇവരെ ഈ പുരസ്‌കാരങ്ങള്‍ക്കര്‍ഹരാക്കിയത്.

സംരംഭകത്വമേഖലയിലെ സജീവ സ്ത്രീസാന്നിധ്യമാണ് പൂർണിമ. സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭയായി മാറിയ റോള്‍ മോഡലാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധേയമായി. ഇന്ത്യന്‍, പാശ്ചാത്യ ട്രന്റിനോടൊപ്പം തന്നെ കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചാണ് സ്ഥാപനം മുന്നേറിയത്. അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍ പോലുള്ള പ്രശസ്തമായ പ്ലാറ്റ്‌ഫോമുകള്‍ പ്രാണയെത്തേടിയെത്തി. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘സേവ് ദി ലൂം’ എന്ന കൂട്ടായ്മ രൂപീകരിച്ച് പ്രാണയുടെ നേതൃത്വത്തിൽ അവരെ സഹായിക്കുന്നതിലും പൂർണിമ മുന്നിലുണ്ടായിരുന്നു. ഇത്തരം പ്രവർത്തനങ്ങളാണ് പൂർണിമയെ പുരസ്കാരത്തിന് അർഹയാക്കിയത്.

സ്ത്രീകള്‍ പൊതുവേ കടന്നു വരാത്ത വന്‍കിട ഹോട്ടല്‍ വ്യവസായ ശൃംഖലയില്‍ ധൈര്യസമേതം കടന്നുവന്ന് സ്വന്തമായൊരു ബ്രാന്റുണ്ടാക്കി വിജയം കൈവരിച്ച യുവ സംരംഭകയാണ് ശ്രുതി ഷിബുലാല്‍. ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖ ബ്രാന്റായ താമരലെഷര്‍ എക്‌സ്പീരിയന്‍സിന്റെ സ്ഥാപകയും സി.ഇ.ഒ.യും കൂടിയാണ് ശ്രുതി. പ്രകൃതി സൗഹൃദ ഉത്തരവാദിത്ത ടൂറിസത്തിന്റെ ഉദാഹരണം കൂടിയാണ് 2012ല്‍ ശ്രുതി ഷിബുലാല്‍ സ്ഥാപിച്ച താമര കൂര്‍ഗ്. കേരളത്തിലും ഈ ഗ്രൂപ്പിന്റെ നിരവധി സംരംഭങ്ങളുണ്ട്.

സ്ത്രീകള്‍ പൊതുവേ കടുന്നുവരാന്‍ മടിക്കുന്ന 1986 കാലത്ത് ടെക്‌സ്റ്റൈല്‍ ഡിസൈന്‍ രംഗത്തേക്ക് കടന്നുവന്ന് വ്യക്തിമുദ്ര പതിപ്പിച്ച സംരംഭകയാണ് ഷീല ജെയിംസ്. ഒരൊറ്റ തയ്യല്‍ മെഷീനും ഒരൊറ്റ തയ്യല്‍ക്കാരനും ഉപയോഗിച്ച് 1986 ല്‍ ആരംഭിച്ച ചെറിയ സംരംഭമാണ് ഇന്ന് വൻ ശക്തിയായി മാറിയത്. ഇപ്പോള്‍ ‘സറീന ബോട്ടിക്ക്’ എന്ന സ്ഥാപനത്തിലൂടെ തിരുവനന്തപുരം നഗരത്തിലെ വിവിധ തലമുറകളുടെ സ്ത്രീകളുടെ ഫാഷന്‍ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുകയാണ് ഇവർ. വിദൂര പ്രദേശങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ കരകൗശലത്തൊഴിലാളികളെ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. അടുത്തിടെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ നെയ്ത്തുകാരുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.

മാര്‍ച്ച് ഏഴിന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com