കാലത്തിനൊപ്പം ഒരുങ്ങാൻ ഗ്രന്ഥശാലകളും : രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ലൈബ്രറി ശൃംഖലയാകും
കേരളത്തിന്റെ പുരോഗമന സ്വഭാവത്തില്‍ അടിമുടി മാറ്റംവരുത്തിയ ഗ്രന്ഥശാലാ പ്രസ്ഥാനം പുതിയകാലത്തിന് അനുസരിച്ച് മുഖംമിനുക്കുന്നു. പൂര്‍ണമായും ഓണ്‍ലൈന്‍ ശൃംഖലയിലേക്ക് മാറിയാണ് കേരളത്തിലെ ഗ്രന്ഥശാലകള്‍ കൈകോര്‍ക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ലൈബ്രറികളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഓണ്‍ലൈന്‍ ഡാഷ്ബോര്‍ഡില്‍ നിന്ന് ലഭ്യമാകും.
എല്ലാ ലൈബ്രറികളും ഓണ്‍ലൈന്‍ ഡാഷ്ബോര്‍ഡിന്റെ ഭാഗമാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ലൈബ്രറി ശൃംഖലയായി കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം മാറും. കേരളത്തിലെ ഏത് വായനശാലയിലും സംഘടിപ്പിക്കുന്ന പരിപാടികളുടെ സംഘാടനവും നടത്തിപ്പും പങ്കാളിത്തവുമെല്ലാം അനായാസമാക്കുകയാണ് ഓണ്‍ലൈന്‍ ശൃംഘലയിലൂടെ ലക്ഷ്യം വെക്കുന്നത്.
മാറുന്ന കാലത്തിന് അനുസരിച്ച് പുതിയ തലമുറയെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്താനും വായനശാലകളില്‍ നടക്കുന്ന പരിപാടികളില്‍ ഇവരുടെ പങ്കാളിത്തം ഉറപ്പവരുത്തുന്നതിനും ഓണ്‍ലൈന്‍ ശൃംഖല വഴി സാധിക്കും. പ്രധാനമായും നാട്ടിന്‍പുറങ്ങളിലെ വായനശാലകളില്‍ നടക്കുന്ന മികച്ച പരിപാടികള്‍ ലോകത്തിന്റെ മുന്നില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്ന രീതിയില്‍ സോഷ്യല്‍മീഡിയകളെ കൂടി ഉള്‍പ്പെടുത്തിയാണ് ലൈബ്രറി കൗണ്‍സില്‍ പദ്ധതി നടപ്പിലാക്കുന്നത്.
വായനശാലകളുടെ ഗ്രഡേഷന് സോഫ്റ്റ് വെയര്‍ പോലെ ലളിതമായാണ് ഡാഷ്ബോര്‍ഡ് തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ ഗ്രഡേഷനില്‍ എല്ലാ ലൈബ്രറികളും ‘ജിയോടാഗ്’ ചെയ്തിരുന്നു. ഇതുവഴി സംസ്ഥാനത്തെ എല്ലാ ലൈബ്രറിയിലേക്കുമുള്ള റൂട്ട് മാപ്പും സ്ക്രീനില്‍ കാണാനാകും. ലൈബ്രറികളില്‍ നടക്കുന്ന പരിപാടികളുടെ ഫോട്ടോ, വീഡിയോ എന്നിവ കാണാനും സംവിധാനമുണ്ട്. സാമൂഹികമാധ്യമങ്ങളില്‍ ഇവ ഷെയര്‍ ചെയ്യാനുമാകും. ഡാഷ്ബോര്‍ഡില്‍ രേഖപ്പെടുത്തിയ ലൈബ്രറിയുടെ ലൊക്കേഷന്‍ ശരിയാണെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എല്ലാ ലൈബ്രറികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.