മണികണ്ഠന് മുഖ്യമന്ത്രിയോട് പറഞ്ഞു; “അന്ന് പറഞ്ഞ ആ പയ്യന് ഞാനാണ്..”
വെബ് ഡസ്ക്
കമ്മട്ടിപ്പാടത്തിലെ ബാലനെ അനശ്വരമാക്കിയ മണികണ്ഠന് തലശ്ശേരിയില അവാര്‍ഡ് നിശയ്ക്ക് വന്നപ്പോള്‍ ആദ്യം ചെന്നത് സഖാവ് പുഷ്പനെ കാണാനായിരുന്നു. ജീവിക്കുന്ന രക്തസാക്ഷിയെ കണ്ടതിന് ശേഷമാണ് മണികണ്ഠന് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങിയത്. എന്നാല്‍ മണികണ്ഠനും പിണറായി വിജയനും തമ്മില്‍ മറ്റൊരു ബന്ധമുണ്ട്. അവാര്‍ഡ് സ്വീകരിച്ച ശേഷം അത് മണികണ്ഠന് മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു..
സാധാരണക്കാരനായി അധ്വാനിച്ച് ജീവിക്കുകും നാടക വേദികളില്‍ അഭിനയിക്കാന്‍ പോവുകയും ചെയ്യാറുള്ള മണികണ്ഠനെ ലോകം അറിഞ്ഞത് കമ്മട്ടിപ്പാടത്തിലൂടെയാണ്. വലിയ നടനായി അറിയപ്പെടും മുമ്പാണ് സംഭവം.
മണികണ്ഠന് ഓണ്മലയാളത്തോട് ആ സംഭവം വിവരിക്കുന്നു :
“എറണാകുളത്ത് തന്റെ നാട്ടിലെ ഒരു പൊതുപരിപാടിയില്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുകയുണ്ടായി. യാദൃശ്ചികമായി വേദിയില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചു. വേദിയില്‍ കയറിയ ഒരു നിമിഷം എന്താണ് പറയേണ്ടതെന്നറിയാതെ നിന്നു. അഭിനയിക്കാന്‍ വേദിയില്‍ കയറുമ്പോലെയല്ലല്ലോ പ്രസംഗിക്കുന്നത്. മൈക്കിന് മുന്നില്‍ കുറച്ച് നേരം നിന്നു.. എനിക്ക് പ്രസംഗീക്കാന് അറിയില്ല.. എന്നാല്‍ മുദ്രാവാക്യം വിളിക്കാന്‍ അറിയാം എന്ന് പറഞ്ഞ് വേദിയില്‍ വെച്ച് മൈക്കിലൂടെ ഉറക്കെ മുദ്രാവാക്യം വിളിച്ചാണ് അന്ന് വേദി വിട്ടത്. തൊട്ടടുത്തിരിക്കുന്ന പി രാജീവിനോട് അപ്പോള്‍ തന്നെ മുഖ്യമന്ത്രി പയ്യന് കൊള്ളാം എന്ന് പറഞ്ഞതായി പിന്നീടാണ് അറിഞ്ഞത്.. ആ പയ്യന് ഞാനാണെന്ന് മുഖ്യമന്ത്രിയെ അടുത്തുകിട്ടിയപ്പോള്‍ പറയുകയായിരുന്നു.. “
അവാര്‍ഡിന് ശേഷം മണികണ്ഠന് ഈ സംഭവം മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നത് വീഡിയോകളില്‍ കാണാം.