സംസ്ഥാനത്ത് എഎന്‍എസ്ഐ കേന്ദ്രം തുടങ്ങാന്‍ തീരുമാനം : ഇത് എ കെ ബാലന്‍റെ വികസന മാതൃക

Sharing is caring!

ആന്ത്രപ്പോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ (എഎന്‍എസ്ഐ) ഫീല്‍ഡ് സ്റ്റേഷന്‍ കേരളത്തില്‍  ആരംഭിക്കുന്നതിനും ആദിവാസി മേഖലകളിലെ സിക്കിള്‍സെല്‍ അനീമിയെയും മറ്റ് ജനിതക രോഗങ്ങളെയും സംബന്ധിച്ച് വിശദമായ പഠനം നടത്തുന്നതിനും മന്ത്രി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.

വെബ് ഡസ്ക് 

കൊല്‍ക്കത്തയില്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനാണ് സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നോക്കക്ഷേമവകുപ്പ് മന്ത്രി എ കെ ബാലന്‍ കൊല്‍ക്കത്തയിലേക്ക് പോയത്. ബംഗാള്‍ വരെ പോയി വെറും കയ്യോടെ മടങ്ങി വരാന്‍ മന്ത്രി തയ്യാറല്ല. ആന്ത്രപ്പോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ (എഎന്‍എസ്ഐ) ഫീല്‍ഡ് സ്റ്റേഷന്‍ കേരളത്തില്‍ വയനാട്ടിലോ അട്ടപ്പാടിയിലോ ആരംഭിക്കുന്നതിനും ആദിവാസി മേഖലകളില്‍ കണ്ടുവരുന്ന സിക്കിള്‍സെല്‍ അനീമിയെയും മറ്റ് ജനിതക രോഗങ്ങളെയും സംബന്ധിച്ച് വിശദമായ പഠനം നടത്തുന്നതിനും ആന്ത്രപ്പോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യന്‍ അധികൃതരുമായി മന്ത്രി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. സാധാരണ വിദേശരാജ്യങ്ങളിലും അന്യസംസ്ഥാനങ്ങളിലും ചെല്ലുന്ന മന്ത്രിമാര്‍ അവിടെയുള്ള പരിപാടികളില്‍ പങ്കെടുത്ത് വെറും കയ്യോടെ മടങ്ങുമ്പോഴാണ് എ കെ ബാലന്‍റെ വികസന മാതൃക. നരവംശ പഠനങ്ങള്‍ നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ പഠന ഗവേഷണ കേന്ദ്രമായ കൊല്‍ക്കത്തയിലെ ആന്ത്രപ്പോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ ഒരു കേന്ദ്രം സംസ്ഥാനത്ത് വരുന്നത് സംസ്ഥാന സര്‍ക്കാരിന് തന്നെ വലിയ നേട്ടമാകും.
കേരളത്തിലെ പട്ടിക-ഗോത്ര സമൂഹങ്ങളെ കുറിച്ച് സാമൂഹ്യവും നരവംശ ശാസ്ത്രപരവുമായ പഠനം നടത്തി അവ ഇംഗ്ളീഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കുക, പട്ടിക-ഗോത്ര വിഭാഗങ്ങളുടെ ആചാര അനുഷ്ഠാനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുക, ഗോത്രകലയും സംസ്കാരവും സംബന്ധിച്ച ഡോക്യുമെന്‍റുകള്‍ തയ്യാറാക്കുക, പട്ടിക-ഗോത്ര വിഭാഗങ്ങളുടെ വൈദ്യം ഉള്‍പ്പെടെയുള്ള പരമ്പരാഗത തനത് വിജ്ഞാനത്തെ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുക തുടങ്ങി മന്ത്രി ഉന്നയിച്ച കേരളത്തിന്‍റെ ആവശ്യങ്ങളെല്ലാം ആന്ത്രപ്പോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ മേധാവികള്‍ അംഗീകരിച്ചു.

 

എ കെ ബാലനൊപ്പം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറും ഉണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് കേന്ദ്രകമ്മിറ്റി യോഗത്തിന്‍റെ വിശ്രമ വേള ഇരുവരും സംസ്ഥാനത്തിന് വേണ്ടി പ്രയോജനപ്പെടുത്തിയത്. സംസ്ഥാന പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും പിന്തുണയോടെ ഏപ്രിലില്‍ ജനിതക രോഗങ്ങള്‍ സംബന്ധിച്ച സര്‍വ്വെ തുടങ്ങാന്‍ കഴിയുമെന്ന് ആന്ത്രപ്പോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ ഡയറക്ടര്‍ സൂചിപ്പിച്ചതായി മന്ത്രി എ കെ ബാലന്‍ അറിയിച്ചു. സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ ഇതുണ്ടാക്കുന്ന സാമൂഹ്യ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനും സ്ഥാപനം സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ആന്ത്രപ്പോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ ഡയറക്ടര്‍ പ്രൊഫ. വിനയ് ശ്രീവാസ്തവ, ട്രൈബല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ദേവ് വര്‍മ്മന്‍, ഡെപ്യൂട്ടി ഡയറ്ക്ടര്‍ ഡോ. ശശികുമാര്‍ എന്നിവരുമായാണ് മന്ത്രിമാര്‍ ചര്‍ച്ച നടത്തിയത്. മന്ത്രി എ കെ ബാലന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയും കിര്‍ത്താഡ്സ് ആന്ത്രപ്പോളജി മുന്‍ ഡെപ്യൂട്ടി ഡയറക്ടറുമായ എ മണിഭൂഷണനും ചര്‍ച്ചകളില്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com