പരാതി പറയാൻ ഇനി സ്റ്റേഷനിൽ പോവണ്ട, പോലീസിന്റെ ഷെല്‍ട്ടര്‍ വാഹനം വീട്ടിലെത്തും..
വിവിധ കാരണങ്ങള്‍ കൊണ്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കാന് കഴിയാത്ത സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇനിമുതല്‍ വീടിന് സമീപമെത്തുന്ന പോലീസിന്റെ ഷെല്‍ട്ടര്‍ വാഹനങ്ങളില്‍ പരാതി നല്‍കാം.
പരസഹായമില്ലാതെ യാത്രചെയ്യാന്‍ കഴിയാത്തവര്‍, അസുഖബാധിതര്‍, വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയാത്ത ജീവിതസാഹചര്യമുളളവര്, കുട്ടികള്‍ എന്നിവര്‍ക്ക് വേണ്ടിയാണ് പോലീസിന്റെ പുതിയ പദ്ധതി. ഇതിനായി പ്രത്യേകം സജ്ജീകരിച്ച വാഹനത്തില്‍ ഒരു വനിതാ പോലീസ് ഓഫീസറും രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ആഴ്ചയില്‍ ആറ് ദിവസം തിരഞ്ഞെടുത്ത സ്ഥലങ്ങളിലെത്തി പരാതി സ്വീകരിക്കും.

2020 സ്ത്രീസുരക്ഷാ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരള പോലീസ് നടപ്പിലാക്കിയ ഈ പദ്ധതി വനിതാ ദിനത്തില്‍ കോഴിക്കോട് സിറ്റിയില്‍ നിലവില്‍ വന്നു. ഷെല്‍ട്ടര്‍ വാഹനത്തിനായി 9497923380 എന്ന നമ്പരിലാണ് ബന്ധപ്പെടേണ്ടത്. ഷെല്‍ട്ടര്‍ ടീം എത്തുന്ന സ്ഥലങ്ങളെ സംബന്ധിച്ച വിവരങ്ങളും ഫോണ്‍ നമ്പരും അതതു ദിവസങ്ങളില്‍ പത്ര-ശ്രാവ്യ മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കും. കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷന് പരിധിയിലുളള തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ഒരു മണിക്കൂര്‍ വീതം ക്യാമ്പ് ചെയ്താണ് പരാതികള്‍ സ്വീകരിക്കുന്നത്. രാവിലെ പത്ത് മണിമുതല്‍ വൈകിട്ട് അഞ്ചു മണിവരെ ഇത്തരത്തില്‍ പരമാവധി സ്ഥലങ്ങളിലെത്തി പരാതികള്‍ സ്വീകരിക്കും. സ്ഥലങ്ങൾ മുന്‍കൂട്ടി അറിയിച്ച ശേഷമായിരിക്കും ഷെൽട്ടർ ഹോം അവിടെ എത്തുന്നത്.
നിലവില്‍ കോഴിക്കോട് ജില്ലയിലെ നടക്കാവ്, എലത്തൂര്‍, വെളളയില്‍ എന്നീ പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട സ്ഥലങ്ങളില്‍ നിന്ന് 11 പരാതികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സ്വീകരിക്കുന്ന പരാതികള്‍ ജില്ലാ പോലീസ് മേധാവിക്ക് നല്കി ആവശ്യമായ നടപടി സ്വീകരിക്കുകയാണ് ചെയ്യുന്നത്. സ്വീകരിച്ച നടപടിയുടെ വിവരങ്ങള്‍ പരാതിക്കാരെ ഫോണ്‍ മുഖാന്തിരം അറിയിക്കുന്നുമുണ്ട്.
ഒരാഴ്ച ഒരു ഓഫീസര്‍ എന്ന രീതിയിലാണ് ഷെല്‍ട്ടര്‍ പദ്ധതിയിലേയ്ക്ക് വിവിധ പോലീസ് യൂണിറ്റുകളില്‍ നിന്ന് എസ്.ഐമാരെ നിയമിക്കുന്നത്. പരാതി നല്കാന് എത്തിയവരില്‍ അധികവും വീട്ടമ്മമാരാണെന്നും കേള്‍ക്കുമ്പോള്‍ നിസാരമെന്ന് തോന്നുന്ന അവരുടെ പ്രശ്നങ്ങള്‍ മൂലം അവരനുഭവിക്കുന്ന മാനസിക പീഡനം വലുതാണെന്നും വനിതാ സെല്‍ എസ്.ഐ എം.റീത്ത പറയുന്നു. വീടുവിട്ട് പുറത്തുപോകാന്‍ കഴിയാത്ത സാഹചര്യമുളളതു കൊണ്ടുമാത്രം പരാതികള്‍ ആരോടും പറയാനാകാതെ കഴിയേണ്ടിവന്നിരുന്ന സ്ത്രീകള്‍ക്ക് ഈ പദ്ധതി വലിയ ആശ്വാസമാണെന്ന് നല്‍കുന്നതെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.