മാവോയിസത്തെ കൈവിടുന്നുവോ വയനാടൻ കാടുകൾ : ഒരു അന്വേഷണം

Sharing is caring!

തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വര്‍ത്തമാനകാലം പരിശോധിക്കുമ്പോള്‍ ചില അപചയങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. അടുത്തകാലത്തുണ്ടായ സംഭവ വികാസങ്ങള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മലബാർ മേഖലകളിലെ തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളിലേക്ക് ഒരു എത്തിനോട്ടം. ശിവദാസ് വയനാട് എഴുതുന്നു..

കേരളത്തിലെ നക്സല്‍ പ്രസ്ഥാനങ്ങളുടെ ചരിത്രം അടിച്ചമർത്തപ്പെട്ടവരുടെയും കീഴ്ജാതിക്കാരുടെയും ചരിത്രം കൂടിയാണ്. നക്സല്‍ ബാരിയില്‍നിന്നും രാജ്യത്തെ ഗ്രാമങ്ങളിലേക്കും അവിടങ്ങളിലെ അടിച്ചമർത്തപ്പെട്ടവരിലേക്കും തെറിച്ച തീപ്പൊരികള്‍ പലപ്പോഴും ആളിക്കത്തി, കനലായി എരിഞ്ഞു. എപ്പോള്‍ വേണമെങ്കിലും രാജ്യത്തെവിടെയും യുവാക്കള്‍ക്കിടയിലും സാധാരണക്കാർക്കിടയിലും പതഞ്ഞുപൊന്താവുന്ന ഒരാശയ ധാരയായി ഇന്നും ആ കനല്‍ എരിഞ്ഞുകൊണ്ടിരിക്കുന്നു.

അതേസമയം കേരളത്തിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഇന്നത്തെ അവസ്ഥയെന്താണ്. ?പ്രത്യേകിച്ച് മലബാർ മേഖലയില്‍. എക്കാലവും മാവോ ആശയ പ്രചാരണ പ്രവർത്തനങ്ങള്‍ക്ക് ഏറ്റവും വളക്കൂറുണ്ടായിട്ടുള്ള വയനാട്ടില്‍ സ്ഥിതിയെന്താണ് .? ആദിവാസികളുടെ മനസറിയുന്നതില്‍ നാടുകാണി , കബനി ദളങ്ങള്‍ക്കും പശ്ചിമഘട്ട മേഖലാ കമ്മറ്റിക്കും പിഴച്ചുവോ ?

ചില സംസാരങ്ങള്‍ ഇങ്ങനെയൊക്കെയാണ്…

2019 ഏപ്രില്‍ 21 രാത്രിയിലെ തൊവരിമല ഭൂസമരത്തിലൂടെ ഒരിക്കല്‍കൂടി വയനാട്ടിലെ തീവ്രഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സ്വാധീനം കേരളം കണ്ടതാണ്. സോമനും വിക്രം ഗൗഡയും നയിക്കുന്ന നാടുകാണി ഏരിയ കമ്മറ്റിയുടെ പത്രക്കുറിപ്പുകള്‍ക്കപ്പുറം വാർത്തകളിലും ചർച്ചകളിലും കാർഷിക വിപ്ലവ പരിപാടിയും അടിസ്ഥാനവർഗങ്ങളുടെ ഭൂമി പ്രശ്നവും നിറഞ്ഞു.

എന്നാല്‍ തൊവരിമല ഭൂസമരത്തിനിപ്പുറം മാവോയിസം മലബാറില്‍ ചിലരാലെങ്കിലും ചർച്ച ചെയ്യപ്പെടുന്നത് പാളിപ്പോയ ഒരു ഓപ്പറേഷന്‍റെ പേരിലാണ്. വൈത്തിരിയിലെ അട്ടമല ചൂരല്‍മല മേഖലയിലെ ഒരു റിസോർട്ട് ആക്രമണത്തിന്‍റെ പേരില്‍. ജനുവരി 15ന് രാവിലെയാണ് അട്ടമലയിലെ ലെഗസി ഹോംസ് റിസോർട്ടിനുനേരെ ആക്രമണമുണ്ടായതായി പുറത്തറിയുന്നത്. മാവോയിസ്റ്റ് ലഘുലേഖകള്‍ ഭിത്തിയില്‍ ഒട്ടിച്ചിരുന്നതിനാല്‍ മാവോയിസ്റ്റ് സൈനിക ഓപ്പറേഷനാണെന്ന് വ്യക്തമായിരുന്നു. ചില്ലുകള്‍ എറിഞ്ഞു തകർത്തു. ജനലുകള്‍ അടിച്ചു പൊളിച്ചു. ഉപകരണങ്ങള്‍ കത്തിച്ച നിലയില്‍ ബാക്കിയാക്കി. ഒപ്പം ഒരു മുന്നറിയിപ്പും “സമീപത്തെ ആദിവാസി കോളനിയിലെ സ്ത്രീകളെ ചൂഷണം ചെയ്യാന്‍ കൂട്ടുനിന്നതിനുള്ള മറുപടിയാണിത്. പ്രദേശത്തെ എല്ലാ റിസോർട്ട് മാഫിയയെയും അടിച്ചോടിക്കണം”.

പക്ഷേ പോലീസ് അന്വേഷണത്തില്‍ ആദിവാസികള്‍ക്ക് പരാതിയൊന്നും ഇല്ലെന്ന് വ്യക്തമായി. ഇനി പോലീസിനോട് തുറന്നുപറയാനുള്ള മടികൊണ്ടാണോയെന്ന സംശയം തീർക്കാന്‍ ജില്ലയിലെ രഹസ്യാന്വേഷണ വിഭാഗം ഒന്നടങ്കം അന്വേഷിച്ചു. അട്ടമലയിലെ റിസോർട്ട് അധികൃതരില്‍നിന്നോ അവിടെ വന്ന അതിഥികളില്‍നിന്നോ സമീപത്തെ ആദിവാസി കോളനിക്കാർക്ക് ഒരു തരത്തിലും മോശം അനുഭവം നേരിട്ടിട്ടില്ല എന്നു വ്യക്തമായി. പിന്നെന്തിനായിരുന്നു ആക്രമണം ? വിവാദം കൊഴുത്തു. അട്ടമലയ്ക്ക് താഴെ മുണ്ടക്കൈ മേഖലയില്‍ മാവോയിസ്റ്റുകള്‍ നാടുവിടണമെന്ന് പോസ്റ്ററുകള്‍ കാണപ്പെട്ടു. തണ്ടർബോള്‍ട്ട് സേനാംഗങ്ങളെപോലെതന്നെ മാവോയിസ്റ്റുകളും ജനങ്ങള്‍ക്ക് ശല്യമായെന്ന് പരസ്യമായി ചർച്ചചെയ്യപ്പെട്ടു.

ഫെബ്രുവരി 6 ന് വയനാട് പ്രസ്ക്ലബ്ബില്‍ തപാലില്‍ ലഭിച്ച പത്രക്കുറിപ്പ് ഞെട്ടിപ്പിക്കുന്നതായിരുന്നു. അട്ടമലയിലെ സൈനിക ഓപ്പറേഷന്‍ പാർട്ടിയുടെ തെറ്റായ തീരുമാനമായിരുന്നു. അവിടുത്തെ ഒരു പ്രവർത്തകന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ ഓപ്പറേഷന്‍ ശരിയായ നടപടിയല്ലെന്ന് പാർട്ടി മനസിലാക്കുന്നു എന്ന് തുടങ്ങി, റിസോർട്ട് അധികൃതരോട് മാവോയിസ്റ്റ് പശ്ചിമഘട്ട ഏരിയാകമ്മറ്റി മാപ്പ് ചോദിക്കുന്ന പത്രക്കുറിപ്പായിരുന്നു അത്. റിസോർട്ട് മുതലാളിമാരോട് മാപ്പ് ചോദിക്കാനുള്ള ഗതികേടിലേക്ക് പ്രസ്ഥാനം എത്തിയത് എന്തിന്‍റെ സൂചനയാണ് എന്നതാണ് ആലോചിക്കേണ്ടത്. (പാലക്കാടും സമാന സംഭവങ്ങളുണ്ടായി എന്ന് റിപ്പോർട്ടുകളുണ്ട് ).

 കേരളത്തിലെ മാവോയിസ്ററ് പ്രസ്ഥാനങ്ങള്‍ക്ക് എന്താണ് സംഭവിച്ചത്.? വയനാട്ടിലെ ഏറ്റവും പരിസ്ഥിതിലോലമായ മേഖലയിലെ മുണ്ടക്കൈ ഭാഗത്തെ ആദിവാസികള്‍ക്കിടയില്‍ മാവയിസ്റ്റുകള്‍ക്ക് കേരളത്തില്‍ ഏറ്റവും സ്വാധീനമുണ്ടെന്നു കരുതുന്ന പ്രദേശത്ത് നടന്ന ഈ മാപ്പുപറച്ചില്‍ എന്താണ് സൂചിപ്പിക്കുന്നത് ? ഉത്തരാധുനികകാലത്തും ആദിവാസികളുടെ ഭൂപ്രശനങ്ങള്‍ വേണ്ട രീതിയില്‍ ഉയർത്തിക്കൊണ്ടുവരാന്‍ അണികള്‍ക്കടിയില്‍ അവബോധമുണ്ടാക്കാതെ, ആരോപറയുന്നത് കേട്ട് നട്ടപ്പാതിരയ്ക്ക് റിസോർട്ട് അടിച്ചുപൊളിച്ച് വാർത്തകളില്‍ നിറച്ചാല്‍ വിപ്ലവ പ്രവർത്തനം പൂർത്തിയായി എന്നു കരുതിയോ നാടുകാണി ദളത്തിലെ ഗറില്ലകള്‍.

വൈത്തിരിയിലെതന്നെ ഉപവന്‍ റിസോർട്ടില്‍ സി.പി. ജലീല്‍ വെടിയേറ്റു മരിച്ച സംഭവത്തിലെ ദുരൂഹത കേരളം അധികമൊന്നും ചർച്ച ചെയ്തിട്ടില്ലെങ്കിലും മറന്നുകാണില്ല. സോമന്‍റെ നേതൃത്ത്വത്തിലുള്ള നാടുകാണി ദളത്തിലെ അംഗങ്ങളെ അംഗീകരിക്കാത്ത തമിഴ്നാട് സ്വദേശികളായ മാവോയിസ്റ്റുകള്‍ ജലീലിനെ പോലീസുകാർക്ക് ഒറ്റിയതാണെന്ന ഗൗരവകരമായ ആരോപണം മാവോയിസ്റ്റ് യോഗങ്ങളില്‍ ഉയർന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതും ചേർത്ത് വായിക്കുമ്പോള്‍ തീവ്ര ഇടതു പ്രസ്ഥാനങ്ങള്‍ക്ക് സംഭവിച്ച അപചയം ചർച്ചചെയ്യപ്പെടേണ്ടതുതന്നെയാണെന്ന് കരുതുന്നതില്‍ തെറ്റില്ല.

വിഷയത്തില്‍ യോജിപ്പും വിയോജിപ്പും അറിയിക്കാന്‍ താല്‍പര്യമുള്ളവർ ഏത് വിധേനയും (കമന്‍റായും, മെയില്‍വഴിയും) അറിയിച്ചാല്‍ തുടർ ചർച്ചാ പോസ്റ്റായി onmalayalam.com പ്രസിദ്ദീകരിക്കും. (ഫേക്ക് ഐഡിയും ഊമക്കത്തും സ്വീകരിക്കും)

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com