കോവിഡ് പോരാട്ടത്തില്‍ കേരളം ഇന്ത്യയുടെ പതാകവാഹകര്‍ : ഏറ്റവും കുറവ് മരണം, കൂടുതല്‍ രോഗമുക്തി
കൊറോണയ്ക്കെതിരെയുള്ള പടയോട്ടത്തില്‍ കേരളം ഇന്ത്യയുടെ പതാകവാഹകരാകുന്നു. രാജ്യത്ത് ഏറ്റവും കുറവ് മരണം സംഭവിച്ചതും ഏറ്റവും കൂടുതല്‍ ആളുകള്‍ കൊറോണമുക്തരായതും കേരളത്തിലാണെന്ന് പുതിയ കണക്കുകള്‍.
മാര്‍ച്ച് 9 നും 20 നും ഇടയില്‍ പോസിറ്റീവ് പരീക്ഷിച്ച കോവിഡ് 19 രോഗികളുടെ രേഖകള്‍ പ്രകാരം കേരളത്തില്‍ 84 ശതമാനം പേര് രോഗമുക്തരായി. ജനുവരി 30 ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ കേസ് മുതല്‍ സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കൊറോണ രോഗികളുടെ വിവരം കണക്കിലെടുക്കുമ്പോള്‍ രോകമുക്തരായവര് 17 ശതമാനമാണ്. മഹാരാഷ്ട്രയില്‍ 5.5 ശതമാനവും ദില്ലിയില്‍ 4.04 ശതമാനവുമാണ് കൊറോണരോഗമുക്തരായവരുടെ കണക്ക്.
തുടക്കം മുതല്‍ കേരളം സ്വീകരിച്ച പ്രതിരോധമാര്‍ഗങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ കൊറോണ രോഗലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിനുള്ള പരിശോധനാ സംവിധാനം കേരളം സ്വീകരിച്ചിരുന്നു. പ്രത്യേക കോവിഡ് കെയര്‍ യൂണിറ്റുകളും കണ്ടെത്തുന്ന സ്ഥലങ്ങളില്‍ സ്വീകരിക്കുന്ന ജാഗ്രതാ നടപടികളും കേരളത്തില്‍ സാമൂഹ്യവ്യാപനം ഉണ്ടാക്കിയില്ല. രോഗികളുടെ റൂട്ട് മാപ്പ്, മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രോഗി സഞ്ചരിച്ച വഴിയേ പോയവരെ കണ്ടെത്തല്‍ തുടങ്ങിയ നടപടികള്‍ കേരളത്തിലെ ആരോഗ്യസംവിധാനം തുടക്കം മുതല്‍ സ്വീകരിച്ചിരുന്നു.
കേരളം കഴിഞ്ഞാല്‍ മഹാരാഷ്ട്രയിലാണ് രോഗമുക്തരായവരുടെ നിരക്ക് താരതമ്മ്യേന മെച്ചപ്പെട്ടത്. എന്നാല്‍ കേരളത്തെ അപേക്ഷിച്ച് ഇത് ഒരുപാട് പിന്നിലാണ്. കേരളത്തിന്റെ ഡിസ്ചാര്‍ജ് നിരക്കും എല്ലാ പ്രധാന സംസ്ഥാനങ്ങളെക്കാളും ഉയര്‍ന്നതാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സാമ്പിള്‍ ശേഖരണത്തിന്റെ നിരക്കിലും കേരളം തന്നെ മുന്നില്‍. രാജസ്ഥാനില്‍ സാമ്പിള്‍ ശേഖരത്തിന്റെ നിരക്ക് വളരെ പിന്നിലാണ്.
കേരളം കൈവരിച്ച ആരോഗ്യരംഗത്തെ മികച്ച നേട്ടങ്ങളാണ് കൊറോണയെ തുരത്താന്‍ സാധ്യമായ കാരണങ്ങളിലൊന്ന്. രോഗം വരുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളിലും വ്യക്തിശുചിത്വത്തിന്റെ കാര്യത്തിലും മലയാളികള്‍ മുന്നിലാണ്. വസൂരി, എംമ്പോള, നിപ്പ എന്നിങ്ങനെ കാലങ്ങളായി കേരളം സാമൂഹ്യഐക്യത്തോടെ ഓരോ രോഗത്തെയും തുരത്തിയിട്ടുണ്ട്.