ഇതാണ് ആ കേസ്.. ഇങ്ങനെയാണ് വേട്ടയാടിയത്..
വെബ് ഡെസ്ക്
പ്രണയിച്ച് വിവാഹം കഴിക്കാനും ഒരുമിച്ച് നടക്കാനും ജാതിയും മതവും നോക്കേണ്ടിവരുന്ന ഇരുണ്ടകാലത്തിലേക്ക് നാം തിരികെ പോകരുതെന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു കഴിഞ്ഞ ദിവസത്തെ കേരള ഹൈക്കോടതിയുടെ പരാമര്‍ശം. കോടതി രൂക്ഷമായി വിമര്ശിക്കാനിടയാക്കിയ കേസിലൂടെ ഓണ്‍മലയാളം നടത്തിയ ചെറിയ യാത്ര..
ഒരു ദിവസം രാത്രിയില്‍ കിടക്കാനായി ഒരുങ്ങുമ്പോഴാണ് വാട്സ് ആപില്‍ ആ ഫോട്ടോ വന്നത്. “ചെറുതാഴത്തെ ശ്രുതിയെ ഞങ്ങള്‍ സിറിയയില്‍ കൊണ്ടുപോകും, തടയാമെങ്കില്‍ തടഞ്ഞോളു” എന്ന് ആഹ്വാനം ചെയ്യുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പേരിലുള്ള പോസ്റ്ററായിരുന്നു അത്. പോസ്റ്റര്‍ രാത്രിയില്‍ എടുത്തതാണ്. എന്നാല്‍ രാത്രിയില്‍ എടുത്തതായുള്ള പരിക്കുകളൊന്നും പോസ്റ്ററിനില്ല. അത്രയ്ക്കും ക്ലിയറായിരുന്നു. ശ്രുതിയുടെ ഫോട്ടോയും അതില്‍ ഉണ്ടായിരുന്നു. (ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ അവളുടെ അറിവോ സമ്മതമോ ഇല്ലാതെ വര്‍ഗ്ഗീയ വിദ്വോഷത്തിന് വേണ്ടി പ്രചരിപ്പിച്ചു) അപകടകരമായ ഈ പോസ്റ്റര്‍ വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്ന സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ വലിയതോതില്‍ ഷെയര്‍ചെയ്തു പോകുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ അതിനെ കുറിച്ച് അന്വേഷിക്കാന്‍ തന്നെ തീരുമാനിച്ചു. ആ പോസ്റ്റര്‍ എവിടെയും ഒട്ടിയിട്ടില്ലെന്ന് അന്വേഷണത്തില്‍ മനസിലാക്കി. ഫോട്ടോഷോപ്പില്‍ ചെയ്തതോ, ചുമരില്‍ ഒട്ടിച്ച ശേഷം ഫോട്ടോ എടുക്കുകയും ഉടനെ പറിച്ചെടുത്തതോ ആണ് ആ പോസ്റ്റര്‍. അതിന് പോപ്പുലര്‍ഫ്രണ്ടുമായി ബന്ധമൊന്നും ഇല്ലെന്നും വര്‍ഗ്ഗീയത പടര്‍ത്താന്‍ മറ്റു ചിലര്‍ ചെയ്തതാണെന്നും സംശയങ്ങള്‍ ഉയര്‍ന്നു.
സംഭവം വലിയ ചര്‍ച്ചയായി. ലൗജിഹാദ് ചര്‍ച്ചയായി. സാധാരണ പ്രണയ വിവാഹമെന്ന് വാദിച്ചവരോടെല്ലാം തൊട്ടടുത്തുള്ള കാസര്‍ഗോഡ് നിന്നും തീവ്രവാദ ഗ്രൂപ്പുകളിലെത്തിയവരുടെ വാര്‍ത്തകള്‍ കാട്ടിയായിരുന്നു അവരുടെ പ്രചരണം. ചെറുതാഴം എന്ന ചെറുപ്രദേശം വിട്ട് കേരളമൊട്ടാകെ ശ്രുതി ചര്‍ച്ചയാവുകയായിരുന്നു. മന:പൂര്‍വ്വം ചിലര്‍ സൃഷ്ടിച്ച ചര്‍ച്ച. ആ കേസിലേക്ക് പോകാന്‍ 19.10.2017 ലെ ഹൈക്കോടതി വിധി മാത്രം നോക്കിയാല്‍ മതി.
ശ്രുതിയും അനീസും പിലാത്തറ കോ.ഓപ്പറേറ്റീവ് കോളില്‍ പഠിക്കുന്ന കാലത്ത് തന്നെ പ്രണയത്തിലായിരുന്നു. ആ സമയത്ത് കോളേജിലുണ്ടായിരുന്ന കുട്ടികള്‍ക്കെല്ലാം അവരുടെ പ്രണയം അറിയാം. അതുകൊണ്ട് തന്നെ ആ കുട്ടികള്‍ ഈ പ്രചരണങ്ങളെ അത്ഭുതത്തോടെയാണ് കേട്ടത്. അനീസിനെ വിവാഹം കഴിക്കാനുള്ള ശ്രുതിയുടെ ആഗ്രഹത്തിന് വീട്ടുകാര്‍ തടസ്സം നിന്നതോടെ അനീസിനൊപ്പം ശ്രുതി വീടുവിട്ടിറങ്ങി. ഡല്‍ഹിയില്‍ അവര്‍ ഒരുമിച്ച് താമസവും ആരംഭിച്ചു. ഒരുമാസത്തോളം ഡല്‍ഹിയില്‍ താമസിച്ച ഇവര്‍ ഹരിയാനയിലെ സോനാപ്പേട്ടിലേക്ക് താമസം മാറി. അനീസിന് ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
ഈ സമയം മകളെ കാണാനില്ലെന്ന് പറഞ്ഞ് ശ്രുതിയുടെ അച്ഛന് പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. 20.6.2017 ന് ഹരിയാനയില്‍ വെച്ച് പോലീസ് ശ്രുതിയെയും അനീസിനെയും കസ്റ്റഡിയിലെടുത്തു. പയ്യന്നൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശ്രുതിയെ മാതാപിതാക്കളോടൊപ്പം വിട്ടു. പിന്നീട് ശ്രുതിയുടെ ജീവിതം വെച്ച് വര്‍ഗ്ഗീയവാദികള്‍ കളിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്.
കോടതി നിര്‍ദ്ദേശപ്രകാരം മാതാപിതാക്കളോടൊപ്പം വീട്ടിലെത്തിയ ശ്രുതിയെ ചിലര്‍ ഇടപെട്ട് എറണാകുളം ഉദയംപേരൂരിലെ യോഗ കേന്ദ്രത്തിലാക്കി. ഈ യോഗ കേന്ദ്രത്തിനെ കുറിച്ചാണ് ഇപ്പോള്‍ സ്ഥിരമായി മതപരിവര്‍ത്തനത്തിന് പീഢിപ്പിക്കുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. ശ്രുതി കോടതിയില്‍ പറഞ്ഞ കാര്യങ്ങളിലും ഈ പീഢന വിവരങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മാധ്യമ വാര്‍ത്തകള്‍ വ്യക്തമാക്കുന്നുണ്ട്.
ഏറെക്കാലം പ്രണയിച്ച് ഒരു മാസത്തോളം ഒരുമിച്ച് താമസിച്ച ശ്രുതിക്കും അനീസിനും പിരിഞ്ഞിരിക്കാന്‍ പറ്റില്ലായിരുന്നു. പ്രണയത്തിനപ്പുറം വര്‍ഗ്ഗീയത കടന്നുവന്നതൊന്നും അവര്‍ അറിഞ്ഞിരുന്നില്ല. ശ്രുതിയെ വിട്ടുകിട്ടുന്നതിന് വേണ്ടി അനീസ് കേടതികള്‍ കയറിയിറങ്ങി. കോടതിയില്‍ നിന്നും അനീസിനൊപ്പം പോകുന്ന ശ്രുതിയുടെ കാല് പിടിച്ച് അവളുടെ അമ്മ കരയുന്ന വീഡിയോയാണ് പിന്നീട് നടന്ന പ്രചരണം. ആ വീഡിയോ കാണുന്ന ഓരോ വ്യക്തിയുടെയും ഉള്ളുലയ്ക്കുന്ന നിലയിലുള്ള വര്ഗ്ഗീയപ്രചരണമാണ് നടത്തിയത്. ജിഹാദിയായ ശ്രുതി എന്നാണ് അവര്‍ പറഞ്ഞത്.
ചെറുതാഴത്തെ നാട്ടുകാരായ ഞങ്ങള്‍ക്ക് ചിലത് പറയാനുണ്ട് എന്ന് പറഞ്ഞ് ചെറുതാഴം നിവാസികള്‍ ശ്രുതിക്കെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങള്‍ പൊളിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ ദേശദേശാന്തരം യാത്ര ചെയ്തുകൊണ്ടിരുന്ന ജിഹാദി ശ്രുതി മുസ്ലീം-ഹിന്ദു സ്പര്ദ്ദയുണ്ടാക്കുന്നതിനുള്ള ചിലരുടെ കരുവായിരുന്നു.
ശ്രുതിയെ എറണാകുളത്തെ യോഗ കേന്ദ്രത്തില്‍ പാര്‍പ്പിച്ചതിന് ശേഷമാണ് നാട്ടില്‍ പോസ്റ്റര്‍ പ്രചരണം ഉള്‍പ്പെടെയുള്ള പ്രചരണങ്ങള്‍ ഉണ്ടായത്. സ്വന്തം മകളെ നഷ്ടപ്പെടുമോ എന്ന ഭീതി മാതാപിതാക്കളില്‍ ഉണ്ടാക്കിയാണ് അവര്‍ ഇതു ചെയ്തത്. പ്രണയമാണെന്നും, അതിന് മതം തടസ്സമല്ലെന്നും അവര്‍ ഒരുമിച്ച് ജീവിച്ചുകൊള്ളട്ടയെന്നും പറഞ്ഞുകൊടുക്കാന്‍ ആരും ഉണ്ടായില്ല. അങ്ങനെ ആരെങ്കിലും വരുന്നതിന് മുമ്പ് തന്നെ കേരളമാകെ ശ്രുതിയെ അവര്‍ ജിഹാദി ശ്രുതിയാക്കി മാറ്റിയിരുന്നു. പോസ്റ്റര്‍ പ്രചരണം ഉള്‍പ്പെടെ ആസൂത്രിതമായിരുന്നു എന്ന് വേണം ഇതില്‍ നിന്നും മനസിലാക്കാന്‍.
കേസ് പരിഗണിക്കവെ കോടതി മതിപരിവര്‍ത്തന കേന്ദ്രങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ്. മിശ്രവിവാഹങ്ങളെല്ലാം ലൗജിഹാദോ, ഘാര്വാപസിയോ ആയി കാണാനാകില്ലെന്ന് കോടതി പറഞ്ഞത് സമൂഹത്തെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കാന്‍ എരിപിരികൊള്ളുന്നവര്ക്കുള്ള താക്കീതാണ്. ഗൂഢമായി നടക്കുന്ന ഇത്തരം പ്രചരണങ്ങളില്‍ ഒന്ന് മാത്രമാണ് ശ്രുതിയുടെ കേസിലൂടെ തെളിഞ്ഞിരിക്കുന്നത്. ഒരു പെണ്‍കുട്ടിയെയും പ്രണയത്തെയും എത്രഭീകരമായിട്ടാണ് ചൂഷണം ചെയ്തിരിക്കുന്നതെന്ന് ഈ സംഭവങ്ങളിലൂടെ നോക്കുമ്പോള്‍ ഞെട്ടലാണുണ്ടാകുന്നത്.
തെളിയാത്ത എത്രയോ കേസുകളും പ്രചരണങ്ങളും നമുക്ക് ചുറ്റും നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ചെറുതാഴം കേസിന്റെ പശ്ചാത്തലത്തില്‍ ശക്തമായ നടപടിയുണ്ടാകണം. സോഷ്യല്‍മീഡിയെ ഉപയോഗപ്പെടുത്തിയുള്ള പ്രചരണങ്ങള്‍ക്ക് അറുതി വേണം. കോടതി വിധിയെ തുടര്‍ന്ന് ശ്രുതിയും അനീസും തങ്ങള്‍ക്ക് ഇഷ്ടമുള്ള മതവിശ്വാസ പ്രകാരം ജീവിച്ചുതുടങ്ങുകയാണ് വീണ്ടും.. എന്നാല്‍ ഇതൊന്നും അറിയാതെ ഇപ്പോഴും അവരുടെ പേരില്‍ വര്‍ഗ്ഗീയപ്രചരണം മറ്റൊരു ഭാഗത്ത് തകൃതിയായി നടക്കുന്നുമുണ്ട്..