കലാലയങ്ങളില്‍ സമരം വേണ്ട : ഹൈക്കോടതി
കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവ്. സ്കൂളുകളിലും കോളേജുകളിലും രാഷ്ട്രീയം നിരോധിച്ചുകൊണ്ട് നിരവധി ഉത്തരവുകള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ അത് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് കോടതിയില്‍ സമര്‍പ്പിച്ച 15 ഹര്‍ജികള്‍ പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്കൂളുകളിലും കോളേജുകളിലും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പേരില്‍ ഘരാവോ, ധര്‍ണ്ണ, പഠിപ്പുമുടക്ക്, മാര്‍ച്ച് എന്നിവ നടത്താന്‍ പാടില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.
പഠിക്കുക എന്നത് വിദ്യാര്‍ത്ഥികളുടെ മൗലിക അവകാശമാണ്. അത് തടഞ്ഞുകൊണ്ട് സമരത്തിനും പഠിപ്പുമുടക്കിനും വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കാന്‍ പാടില്ല. സര്‍ഗ്ഗാത്മക സംവാദത്തിനും ചര്‍ച്ചകള്‍ക്കുമാണ് കലാലയങ്ങള്‍ വേദിയാകേണ്ടത്. കലാലയ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുംവിധം ഒരു സമരവും പാടില്ലെന്നും കോടതി പറഞ്ഞു. പ്രഥമ പരിഗണന നല്‍കേണ്ടത് പഠനത്തിനാണെന്നും കോളേജ് പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ ഏത് സമരം ഉണ്ടായാലും മാനേജ്മെന്റുകള്‍ക്ക് പോലീസിനെ വിളിച്ച് സമാധാന അന്തരീക്ഷം ഉറപ്പുവരുത്താമെന്നും കോടതിവിധിയില്‍ പറയുന്നുണ്ട്.
എന്നാല്‍ കലാലയ രാഷ്ട്രീയത്തിനല്ല വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുന്ന തരത്തിലുള്ള സമരങ്ങള്‍ക്കും പഠിപ്പുമുടക്കിനുമാണ് കോടതി വിധിയില്‍ വിലക്കുള്ളത്. കലാലയ രാഷ്ട്രീയം തന്നെ നിരോധിക്കണം എന്ന് ആവശ്യപ്പെട്ടാണ് വിവിധ സ്വകാര്യ മാനേജ്മെന്റുകള്‍ ഹര്‍ജി നല്‍കിയത്.