കുന്നും മലയും കാടും താണ്ടി ലക്ഷ്മിക്കും കുഞ്ഞിനും തുണയായത് പത്തംഗ മെഡിക്കൽ സംഘം

Sharing is caring!

സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 4000 അടി ഉയരത്തിലാണ് മേലെ തുടുക്കി ഊര്. ഇവിടേക്കാണ് അതിസാഹസികമായി നാല് ഡോക്ടർമാർ അടങ്ങുന്ന പത്തംഗ മെഡിക്കൽ സംഘം എത്തിയത്. അതും ജോലിയുടെ ഭാഗമായി. കോവിഡ് 19 കാലത്ത് ആരോഗ്യപ്രവർത്തകർക്ക് നിറഞ്ഞ കയ്യടി നൽകുകയാണ് കേരളം.

ഈ മാസം എട്ടിന് പ്രാക്തന ഗോത്ര വിഭാഗമായ കുറുമ്പരുടെ ഊരായ മേലെ തുടുക്കിയിൽ മുരുകന്റെ ഭാര്യ ലക്ഷ്‌മി വീട്ടിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ലക്ഷ്മിക്ക് പ്രസവ വേദന തുടങ്ങിയ വിവരമറിഞ്ഞ് ഓടിയെത്തിയത് നാല് ഡോക്ടർമാർ അടക്കമുള്ള 10 അംഗ മെഡിക്കൽസംഘം. കാട്ടിനുള്ളിലെ ശോച്യമായ റോഡിലൂടെ 40 കിലോമീറ്റർ വാഹനത്തിൽ അതിസാഹസികമായി രണ്ടു മണിക്കൂർ യാത്ര ചെയ്തും, പിന്നീട് മൂന്നു മണിക്കൂർ ചെങ്കുത്തായ മല നടന്നു കയറിയുമാണ് ഇവർ മേലെതുടുക്കിയിൽ എത്തിയത്.

ലക്ഷ്മിക്ക് അത്യാവശ്യമുള്ള പ്രാഥമിക ചികിത്സ നൽകി. മുറിവുകൾ തുണി കെട്ടിയും, വേണ്ട മാർഗനിർദേശങ്ങൾ നൽകിയുമാണ് മെഡിക്കൽ സംഘം മടങ്ങിയത്. അവരോടൊപ്പം തന്നെ ലക്ഷ്മിയെ ആശുപത്രിയിലേക്ക് മാറ്റാൻ നോക്കിയിരുന്നു. എന്നാൽ രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഈ ദുരിതപാതകൾ താണ്ടി സ്വമേധയാ ആശുപത്രിയിലെത്താമെന്ന ഭർത്താവ് മുരുകന്റെ ഉറപ്പിലാണ് അവർ മടങ്ങിയത്.

കണക്കു പ്രകാരം ഈ മാസം അവസാനമാണ് ലക്ഷ്‌മിയെ പ്രസവത്തിനായി ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ തീരുമാനിച്ചിരുന്നത്. രണ്ടു വയസുള്ള ആദ്യ കുഞ്ഞ് സുഖ പ്രാസവമായിരിന്നു. എന്നാൽ കണക്കുകൂട്ടൽ തെറ്റിച്ചു കൊണ്ട് ഏഴിന് രാത്രിയോടെ പ്രസവവേദന അനുഭവപ്പെടുകയായിരുന്നു.

ലക്ഷ്‌മിയും കുഞ്ഞും ഇപ്പോൾ കോട്ടത്തറ ആശുപത്രിയിൽ സുരക്ഷിതരാണ്. ശനിയാഴ്ച രാവിലെയാണ് ലക്ഷ്മിയെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചത്. അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യവതികളും, സുരക്ഷിതരുമാണെന്ന് അധികൃതർ പറഞ്ഞു.

ഡോക്ടർമാരായ വിനിത് തിലകൻ, രജ്ഞിനി, മുബാറക്, അഞ്ജലി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം സുരേഷ്, സൈജു, സ്റ്റാഫ് നഴ്സ് സാബിറ, ജെപിഎച്ച്എൻ ഗിറ്റി അലക്സ്, ഡ്രൈവർ സജേഷ്, സ്വാലിഹ് എന്നിവരടങ്ങുന്ന സംഘമാണ് കിലോമീറ്ററുകൾ കുന്നും മലയും കാടും താണ്ടി ലക്ഷ്മിക്കും കുഞ്ഞിനും തുണയായി എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com