ആരോഗ്യ കേരളം വിരല്‍ത്തുമ്പില്‍ : ഉപയോഗിക്കുന്നത് സൂം വീഡിയോ ആപ്പ്
രാജ്യത്ത് ആദ്യ കൊവിഡ് രോഗബാധ കണ്ടെത്തിയ കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം തടസ്സങ്ങളില്ലാതെ വിവരങ്ങള്‍ കൈമാറുന്നതിനും പിഴവുകളില്ലാതെ സേവനങ്ങള്‍ നല്‍കുന്നതിനും ആശ്രയിക്കുന്നത് പരസ്പരം കൂട്ടി യോജിപ്പിച്ച ഒരൊറ്റ വിതരണ ശൃംഖലയെ. ആധുനിക സാങ്കേതിക വിദ്യ പരമാവധി ഉപയോഗിച്ചാണ് കോവിഡിനെ പ്രതിരോധിക്കാൻ നമ്മുടെ ആരോഗ്യ സംവിധാനം ശ്രമിക്കുന്നത്.
കൊറോണ കേരളത്തിന് ഭീഷണി ആയിത്തുടങ്ങിയത് മുതൽ നമ്മുടെ ആരോഗ്യ സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുകയാണ്. സർക്കാരിന്റെ കൃത്യമായ നിർദ്ദേശങ്ങൾ എല്ലാ ദിവസവും താഴേത്തട്ടുവരെയുള്ള ആരോഗ്യ പ്രവർത്തകരിലേക്ക് എത്തുന്നുണ്ട്. എങ്ങനെയാണ് സർക്കാരിന് ഇത് സാധിച്ചതെന്ന് ചിന്തിച്ചിട്ടുണ്ടോ.? ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർ എല്ലാ ദിവസവും ആരോഗ്യ പ്രവർത്തകരോട് നേരിട്ട് സംവദിക്കുകയാണ്. ഗായിക സിതാരയെയും നടൻ മോഹൻലാലിനെയും പോലെയുള്ള താരങ്ങളെ കൂടി ഉപയോഗപ്പെടുത്തി ആരോഗ്യപ്രവർത്തകർക്ക് മാനസിക പിന്തുണ നൽകുകയാണ്. ഒരു ഓഫീസിൽ ഇരുന്ന് കൊണ്ട് എങ്ങനെ ഇത് സാധിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ.? സർക്കാർ ഉപയോഗിച്ചത് സൂം വീഡിയോ കോൺഫറൻസിംഗ് ആപ്പ് ആണ്.

ആരോഗ്യ മന്ത്രി ശ്രീമതി കെ കെ ഷൈലജയും ഉന്നത ഉദ്യോഗസ്ഥരും താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാരുമായി എല്ലാ ദിവസവും സൂം ആപ്പ് മുഖേന നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സുകള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലുകളില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ജനങ്ങളുടെ ഉത്കണ്ഠകള്‍ അറിയുന്നതു മുതല്‍ ഫലപ്രദമായ പ്രതികരണ സംവിധാനം ഒരുക്കുന്നതില്‍ വരെ ഈ യോഗങ്ങള്‍ വഹിക്കുന്ന പ്രാധാന്യം വളരെ വലുതാണ്.
ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രികള്‍ എന്നിവ ഉള്‍പ്പെട്ടതാണ് രോഗവ്യാപനവുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ സ്ഥിതിഗതികള്‍ താഴേത്തട്ടില്‍ നിന്ന് ലഭ്യമാക്കുന്ന ഈ വീഡിയോ കോണ്ഫറന്സുകളിലെ രണ്ടാം നിര.
ഓരോ ദിവസത്തെയും ആസുത്രണത്തിന് ആവശ്യമായ അവശ്യ വിവരങ്ങള്‍ ശേഖരിക്കുന്നത് ഈ ആശയവിനിമയത്തിലാണ്. രോഗികളുടെയും ക്വാറന്റൈനില്‍ കഴിയുന്നവരുടെയും ആശുപത്രി വിട്ടവരുടെയും വിവരങ്ങള്‍, പരിശോധനാ ഫലങ്ങള്‍, ഉപകരണങ്ങളും പരിശോധനാ കിറ്റുകളും മരുന്നുകളും വ്യ്ക്തിഗത സുരക്ഷാ ഉപകരണങ്ങളും (പിപിഇ) ഉള്‍പ്പെടെ ആശുപത്രികളിലെ സ്ഥിതിവിവരം എന്നിവയെല്ലാം ഈ യോഗങ്ങളിലാണ് വിശദീകരിക്കുന്നത്.

രണ്ടു തരത്തിലുള്ള ആശയ വിനിമയമാണ് ഇതിലൂടെ നടക്കുന്നത്. താഴേത്തട്ടില്‍ എ്ന്താണ് സംഭവിക്കുന്നത് എന്ന് ഉന്നത കേന്ദ്രങ്ങള്‍ക്ക് കൃത്യമായ വിവരം ലഭിക്കും. അതിന്റെ അടിസ്ഥാനത്തില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റം വേണമെങ്കില്‍ നിര്‍ദേശിക്കാനും കഴിയുന്നു. കേരളം മുഴുവന്‍ രാപ്പകലില്ലാതെ ജോലി ചെയ്യുന്നവര്‍ക്ക് അവര്‍ അഭിമുഖീകരിക്കുന്ന അടിയന്തര ആവശ്യങ്ങള്‍ ഏതു സമയത്തും അറിയിക്കാനും സാധിക്കുന്നു.
ചികില്‍സാ സംബന്ധമായ ദൈനംദിന കൂടിയാലോചനകളില്‍ സൂം കോണ്‍ഫറന്‍സ് ഒരു സുപ്രധാന മാധ്യമമാണ്. സംസ്ഥാനത്തെ ഏറ്റവും ഗുരുതര ആരോഗ്യ പ്രതിസന്ധിയുടെ ഘട്ടത്തില്‍ വിഭവങ്ങള്‍ ഏറ്റവും ശരിയായി വിനിയോഗിക്കുന്നതിന് ഇത് വലിയ സഹായമാണ് നല്‍കുന്നത്.
സൂം ക്ലൗഡ് മീറ്റിംഗ് എന്നാണ് ആപ്പിന്റെ പേര്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ലഭ്യമാണ്. മൊബൈൽ ഉപയോഗിച്ചും വീഡിയോ കോൺഫറൻസുകൾ നടത്താൻ സാധിക്കും.