ഒരു ആദിവാസി കുടുംബത്തിന് ഒരു തൊഴില്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍
വെബ് ഡസ്ക്
ഒരു ആദിവാസി കുടുംബത്തിലെ ഒരംഗത്തിന് തൊഴില്‍ നല്കുന്ന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നിയമസഭയില്‍ നടത്തിയ നയപ്രസംഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചിട്ടുള്ളത്. ആധുനികവും പരമ്പരാഗതവുമായ തൊഴിലുകളില്‍ സ്കില്‍ ഡെവലപ്മെന്റ് ആന്റ് എംപ്ലോയ്മെന്റ് എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം ഊര്‍ജ്ജിതപ്പെടുത്തുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
പ്രളയബാധിത പ്രദേശങ്ങളിലെ പട്ടികജാതി കുടുംബങ്ങള്‍ക്ക് എല്ലാവിധ സാമ്പത്തിക സഹായങ്ങളും നല്‍കുമെന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചു. വീടുകളുടെ പുനര്‍നിര്‍മ്മാണം, അറ്റകുറ്റപ്പണി, ജീവനോപാധി വീണ്ടെടുക്കുന്നതിന് കാര്‍ഷിക പദ്ധതികള്‍, മറ്റ് പുനരധിവാസ പദ്ധതികള്‍ എന്നിവയ്ക്കാണ് ഫണ്ട് അനുവദിക്കുക.
ആദിവാസി മേഖലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന പദ്ധതികളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് ഗവര്‍ണര്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്. നിലവില്‍ വിജയകരമായി നടപ്പിലാക്കുന്ന പദ്ധതികള്‍ വിപുലീകരിക്കും.
ആദിവാസി കുടുംബങ്ങളിലെ നൂറ് പേര്‍ക്ക് പോലീസിലും എക്സൈസിലും നേരത്തെ നിയമനം നല്‍കിയിരുന്നു. ആദിവാസി വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതായിരുന്നു ഈ പദ്ധതി. ഇപ്പോള്‍ എല്ലാ വകുപ്പുകളിലും നിയമനം നല്‍കുന്നതിനായി പട്ടിക ഗോത്രവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നുള്ള പ്രത്യേക റിക്രൂട്മെന്റ് വ്യാപിപ്പിക്കുമെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
സര്‍ക്കാര്‍ നടപ്പാക്കിവരുന്ന ഗോത്രബന്ധു, മില്ലറ്റ് വില്ലേജ് എന്നിവ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്നും അടിയാന്, പണിയാന്‍, എന്നീ സമുദായങ്ങള്‍ക്ക് നല്‍കിവരുന്ന പ്രത്യേക പാക്കേജ് മലപ്പുലയന്‍, അരനാടന്‍, മലൈ പണ്ടാരം എന്നി സമുദായങ്ങള്‍ക്ക് കൂടി നല്‍കുമെന്നും നയപ്രഖ്യാപന പ്രസംഗത്തിലുണ്ട്.