ഇനി കേരളം നിര്‍മ്മിക്കും, നിര്‍മ്മിത ബുദ്ധി

Sharing is caring!

വെബ് ഡെസ്ക്

ആധുനിക സാങ്കേതികവിദ്യയില്‍ വലിയ വളര്‍ച്ച നേടുന്ന കേരളം നിര്‍മ്മിത ബുദ്ധിയില്‍ കോഴ്സുനടത്താനൊരുങ്ങുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്കില്‍ അക്യുസേഷന്‍ പ്രോഗ്രാം (അസാപ്) വഴിയാണ് കോഴ്സ് നടത്തുന്നത്. സംസ്ഥാനത്തെ വിവരസാങ്കേതിക മേഖലയില്‍ വന്‍ വിപ്ലവത്തിന് വഴിയൊരുക്കുന്നതായിരിക്കും ഈ പദ്ധതി.

ലോകം മുഴുവന്‍ ഇന്ന് നിര്‍മ്മിത ബുദ്ധിയെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. വലിയ മാറ്റം പല മേഖലയിലും സാധ്യമാക്കിയ നിര്‍മ്മിത ബുദ്ധിയില്‍ സ്റ്റാര്‍ട്അപ്പുകള്‍ വിപ്ലവം തന്നെ തീര്‍ക്കുന്നുണ്ട്. ഐടി മേഖലയില്‍ കേരളം വലിയ വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വന്‍കിട കമ്പനികള്‍ നിക്ഷേപവുമായി വരുന്നുണ്ട്. നിസാന്‍ ഐടി ഹബ് പോലുള്ള സ്ഥാപനങ്ങള്‍ കേരളത്തിലേക്ക് വരാന്‍ പോവുകയാണ്. ഇത് നിര്‍മ്മിത ബുദ്ധിയില്‍ കേരളത്തില്‍ വലിയ തൊഴിലവസരം തന്നെ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

കോഴ്സ് നടത്തിപ്പിന് അനുയോജ്യമായ 66 കോളേജുകളെ അസാപ് തെരഞ്ഞെടുത്തു കഴിഞ്ഞു. ഇതില്‍ 19 കേന്ദ്രങ്ങളിലായി 249 വിദ്യാര്‍ത്ഥികള്‍ക്കായി ആദ്യഘട്ട പരിശീലനം ആരംഭിച്ചു. 600 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സ് മൂന്ന് ഘട്ടമായി നാല് മാസം കൊണ്ട് പൂര്‍ത്തിയാക്കും. മദ്രാസ്, പാലക്കാട് ഐഐടികളും തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് അദ്ധ്യാപകരും ചേര്‍ന്നാണ് പാഠ്യപദ്ധതി തയ്യാറാക്കിയത്.

കോഴ്സിനോടൊപ്പം തന്നെ യുഎസ്ടി ഗ്ലോബല്‍, ടാറ്റാ എല്‍ക്സി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ ഇന്‍റേണ്‍ഷിപ്പും ചെയ്യാം. 35000 രൂപയാണ് കോഴ്സ് ഫീസ്. ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ 50 ശതമാനം സ്കോളര്‍ഷിപ്പും ലഭ്യമാണ്.

ഒന്നാംഘട്ടമായി എഞ്ചിനീയറിംഗ് കോളേജുകളില്‍ തുടങ്ങിയ കോഴ്സ് അടുത്ത ഘട്ടത്തില്‍ പോളിടെക്നിക് കോളേജുകളിലേക്കും വ്യാപിപ്പിക്കും. നിര്‍മ്മിത ബുദ്ധി കോഴ്സിന് ശേഷം ക്ലൗഡ് കംമ്പ്യൂട്ടിംഗ്, ബ്ലോക്ക് ചെയിന്‍ എന്നിവയിലും കോഴ്സുകള്‍ ആരംഭിക്കാന്‍ അസാപ് തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com