കുടുംബശ്രീവഴി 2,000 കോടി : മൂന്ന് വർഷം കാലാവധിയിൽ ഒരാൾക്ക് 20,000 രൂപ
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പാക്കേജിലൂടെ കുടുംബങ്ങൾക്ക് പണം ലഭ്യമാക്കി തുടങ്ങി. പെൻഷൻ വിതരണം ആരംഭിച്ചതിലൂടെയാണ് നടപടികൾക്ക് തുടക്കമായത്. അടുത്തഘട്ടകമായി കുടുംബശ്രീ വഴി 2000 കോടി വിതരണം ചെയ്യുന്ന പദ്ധതി നടപ്പിലാക്കും.
സംസ്ഥാനത്ത് 2.9 ലക്ഷം അയൽക്കൂട്ടങ്ങളിൽ 46 ലക്ഷം അംഗങ്ങളുണ്ട്. അയൽക്കൂട്ടങ്ങൾക്ക് ശരാശരി ആറ് ലക്ഷംരൂപവരെ വായ്പ അനുവദിക്കും. ഈ തുക അയൽക്കൂട്ടം അംഗങ്ങൾക്ക് നൽകും.
തുക ബാങ്ക് വായ്പയായി ഏപ്രിൽ പത്തിനകം അയൽക്കൂട്ടം അംഗങ്ങളുടെ അക്കൗണ്ടിലെത്തും. മൂന്ന് വർഷംവരെ തിരിച്ചടവ് കാലാവധിയിൽ ഒരാൾക്ക് 20,000 രൂപ വരെ ലഭിക്കും. ഇതിന്റെ പലിശ സർക്കാരാണ് നൽകന്നത്. തിരിച്ചടവിന് നാലുമുതൽ ആറുമാസംവരെ മൊറട്ടോറിയവും ലഭിച്ചേക്കും.
വെള്ളിയാഴ്ചതന്നെ പദ്ധതിക്ക് അംഗീകാരം നൽകിയേക്കും. കോവിഡിന്റെ ഭാഗമായി അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതോടെ എല്ലാ അയൽക്കൂട്ട അംഗങ്ങളും വായ്പയ്ക്ക് അർഹരായിരിക്കും.