സ്വന്തമായി വീട് ലഭിക്കാന്‍ സര്‍ക്കാരിന്റെ ലിസ്റ്റില്‍ നിങ്ങളുണ്ടോ..? പരിശോധിക്കാം..
ഭൂമിയുണ്ടെങ്കിലും ഭവനനിര്‍മ്മാണത്തിന് ശേഷിയില്ലാത്തവര്‍, ഭൂമിയില്ലാത്ത ഭവനരഹിതര്‍, വിവിധ പദ്ധതികളില്‍ ഭവന നിര്‍മ്മാണത്തിന് സഹായധനം ലഭിച്ചെങ്കിലും പല കാരണങ്ങളാല്‍ ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവര്‍, പുറമ്പോക്ക്-തീരദേശം-തോട്ടം മേഖല എന്നിവിടങ്ങളില്‍ ഷെഡ് കെട്ടി താമസിക്കുന്നവര്‍ തുടങ്ങി എല്ലാപേരെയും ഈ പദ്ധതിയില്‍ ഉള്പെടുത്തുന്നുണ്ട്.
വെബ് ഡസ്ക്
ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന ലൈഫ് മിഷന് പദ്ധതിയുടെ കരട് ലിസ്റ്റ് കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ജൂലൈ 30 ന് പ്രസിദ്ധീകരിക്കും.
കേരളത്തിലെ മുഴുവന്‍ ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും സുരക്ഷിതവും മാന്യവുമായ വീടുകള്‍ നിര്‍മ്മിച്ചുനല്‍കുകയാണ് ലൈഫ് എന്ന പേരുള്ള സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി. മെച്ചപ്പെട്ട ഭവനത്തോടൊപ്പം ഉപജീവന മാര്‍ഗ്ഗവും ശക്തിപ്പെടുത്താന്‍ ഉതകുന്ന സംവിധാനങ്ങള്‍, കുട്ടികളുടെ പഠനത്തിനും പ്രത്യേക പരിശീലനങ്ങള്‍ക്കും സൗകര്യം, സ്വയംതൊഴില്‍ പരിശീലനം, വയോജന പരിപാലനം, സാന്ത്വന ചികില്‍സ, സാമ്പാദ്യവും വായ്പ സൗകര്യങ്ങളും ലഭ്യമാക്കുന്നതിനുള്ള സംവിധാനം തുടങ്ങി ജീവിതവും ജീവിത നിലവാരവും മെച്ചപ്പെടുത്താന്‍ ഉതകുന്ന സഹായങ്ങളും സേവനങ്ങളും കൂട്ടിയിണക്കിക്കൊണ്ടാണ് പാര്‍പ്പിട സൗകര്യം ലഭ്യമാക്കുക. പദ്ധതിക്കായി ജില്ലകള്‍തോറും സ്ഥലമേറ്റെടുപ്പ് പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. ഫ്ളാറ്റ് രീതിയില്‍ പാര്‍പ്പിട സമുച്ചയങ്ങളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഭൂമിയുണ്ടെങ്കിലും ഭവനനിര്‍മ്മാണത്തിന് ശേഷിയില്ലാത്തവര്‍, ഭൂമിയില്ലാത്ത ഭവനരഹിതര്‍, വിവിധ പദ്ധതികളില്‍ ഭവന നിര്‍മ്മാണത്തിന് സഹായധനം ലഭിച്ചെങ്കിലും പല കാരണങ്ങളാല്‍ ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവര്‍, പുറമ്പോക്ക്-തീരദേശം-തോട്ടം മേഖല എന്നിവിടങ്ങളില്‍ ഷെഡ് കെട്ടി താമസിക്കുന്നവര്‍ തുടങ്ങി എല്ലാപേരെയും ഈ പദ്ധതിയില്‍ ഉള്പെടുത്തുന്നുണ്ട്. കുടുംബശ്രീയാണ് കേരളത്തില്‍ പദ്ധതിയുടെ സര്‍വ്വെ പൂര്‍ത്തിയാക്കിയത്. സര്‍വ്വെ പ്രകാരം കണ്ടെത്തിയ വീടില്ലാത്തവരുടെ ലിസ്റ്റാണ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കുന്നത്.
ജൂലൈ 30 ന് പ്രസിദ്ധീകരിക്കുന്ന ലിസ്റ്റ് പരിശോധിച്ച് ജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാനുള്ള അവസരവും ഉണ്ട്. ഭൂമിയുള്ള ഭവന രഹിതര്‍, ഭൂമിയും ഭവനവും ഇല്ലാത്തവര്‍ എന്നിങ്ങനെ രണ്ട് പട്ടികളായാണ് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. ലിസ്റ്റില്‍ എന്തെങ്കിലും ആക്ഷേപമോ പരാതിയോ ജനങ്ങള്‍ക്കുണ്ടെങ്കില്‍ ആഗസ്ത് 10 വരെ പരാതികള്‍ നല്‍കാവുന്നതാണ്. അര്‍ഹത ഉണ്ടായിട്ടും ലിസ്റ്റില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളെ ഉള്‍പ്പെടുത്തുക, അനര്‍ഹരായ കുടുംബങ്ങളെ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യുക, അര്‍ഹതയുള്ള ഗുണഭോക്താക്കളുടെ കുടുംബ വിവരങ്ങളില്‍ വന്ന തെറ്റുകള്‍ തിരുത്തുക എന്നീ മൂന്ന് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് പരാതികള്‍ നല്‍കേണ്ടത്.