കായികതാരങ്ങൾക്ക് കുതിക്കാൻ ‘ഓപ്പറേഷൻ ഒളിമ്പ്യ’

വെബ് ഡസ്ക് 

കായികരംഗത്ത് കേരളത്തിന് കുതിപ്പേകാൻ ഓപ്പറേഷൻ ഒളിമ്പ്യ തുടങ്ങി. ഒളിമ്പിക്സ് മെഡൽ സ്വപ്നങ്ങളിലക്ക് കേരളത്തിലെ കായിക താരങ്ങളെ സജ്ജമാക്കാൻ കായിക വകുപ്പും സ്പോർട്സ് കൗൺസിലും പുതുതായി ആരംഭിക്കുന്ന പദ്ധതിയാണ് ‘ഓപ്പറേഷൻ ഒളിമ്പ്യ’. കായികമേഖലയിൽ സ്വപ്നം കാണുന്നവർക്കായി വിദഗ്ധ പരിശീലനം നൽകുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. ഇന്ത്യയിലെയും വിദേശത്തെയും പ്രഗത്ഭരായ പരിശീലകരുടെ സേവനം കൂടി ലഭ്യമാക്കി കായിക താരങ്ങളെ അന്തർദേശീയ മത്സരങ്ങൾക്ക് സജ്ജമാക്കുകയാണ് ലക്ഷ്യം.

അത്ലറ്റിക്സ്, ബോക്സിംഗ്, സൈക്ളിംഗ്, സ്വിമ്മിംഗ്, ഷൂട്ടിംഗ്, റസ്ലിംഗ്, ബാഡ്മിന്‍റണ്‍, കനോയിംഗ് കയാക്കിംഗ്, ഫെന്‍സിംഗ്, റോവിംഗ്, ആര്‍ച്ചറി എന്നീ 11 കായിക ഇനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കായിക താരങ്ങള്‍ക്ക് അന്തര്‍ദേശീയ നിലവാരത്തിലുളള സജ്ജീകരണങ്ങളോടു കൂടിയുള്ള വിദഗ്ധ പരിശീലനമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ റസ്ലിംഗ്, സൈക്ളിംഗ്, സ്വിമ്മിംഗ്, ബോക്സിംഗ് എന്നീ ഇനങ്ങളിലെ പരിശീലനം തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഡിയങ്ങളിലായി നടന്നു വരുന്നു. കനോയിംഗ്‌ – കയാക്കിംഗ് പരിശീലനം കൊല്ലത്തും , ബാഡ്മിന്‍റണ്‍ എറണാകുളത്തും ഫെന്‍സിംഗ് കണ്ണൂരിലും റോവിംഗ് പരിശീലനം ആലപ്പുഴയിലുമാണ് പുരോഗമിക്കുന്നത്. 123 കായിക താരങ്ങൾക്ക് നിലവിൽ പരിശീലനം നൽകുന്നുണ്ട്.

പദ്ധതിയുടെ പ്രചരണാർത്ഥം കേരളത്തിലെ കായിക താരങ്ങളുടെ നേട്ടവും കായിക രംഗത്തെ പൊതുവായ കാര്യങ്ങളും ചിത്രീകരിച്ച് സർക്കാർ തയ്യാറാക്കിയ വീഡിയോ വലിയ സ്വീകാര്യത നേടി. ദീർഘകാല പരിശീലനത്തിലൂടെ കേരളത്തിന്റെ കായിക ഭാവി ഭദ്രമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *