വാക്ക് പാലിച്ച് ഐസക് : പ്രഖ്യാപിച്ച് ഒരു മാസത്തിനകം 25 രൂപയ്ക്ക് ഊണ് നടപ്പാക്കി
കേരള സർക്കാരിന്റെ 2020-21 ലെ ബജറ്റ് കഴിഞ്ഞപ്പോൾ പ്രധാനമായും എല്ലാവരുടെയും ചോദ്യം ഒന്നായിരുന്നു. 25 രൂപയ്ക്ക് ഊണ് നൽകുമെന്ന പ്രഖ്യാപനം സംശയത്തോടെയാണ് പലരും വീക്ഷിച്ചത്. ഇതൊന്നും നടക്കാൻ പോണില്ലെന്ന് പറഞ്ഞ് പാഴ് വാക്കായി എഴുതി തള്ളിയവരും കുറവല്ല. എല്ലാവരോടും പുഞ്ചിരിച്ച മുഖവുമായി എല്ലാം നടക്കമെന്ന് മാത്രം ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. രണ്ടു വർഷത്തിന് മേലെയായി വിശപ്പ് രഹിതമാരാരിക്കുളം പദ്ധതി നടപ്പിലാക്കുന്ന തോമസ് ഐസക്കിന് ഇക്കാര്യത്തിൽ സംശയങ്ങളോ ആശങ്കകളോ ഉണ്ടായിരുന്നില്ല.
ഒരു മാസത്തിനുള്ളിൽ സ്വന്തം നിയോജക മണ്ഡലത്തിൽ ജനകീയ ഹോട്ടൽ യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് തോമസ് ഐസക്ക്.മീഞ്ചാറുൾപ്പെടെയുള്ള രുചികരമായ ഊണ് നൽകുന്ന ജനകീയ ഹോട്ടൽ നാളെ ആലപ്പുഴ മണ്ണഞ്ചേരിയിൽ ഭക്ഷ്യ മന്ത്രി തിലോത്തമൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ആദ്യത്തെ ജനകീയ ഹോട്ടലാണ് നാളെ ഉദ്ഘാടനം ചെയ്യുന്നത്. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തും കുടുംബശ്രീയുമായി ചേർന്നാണ് ജനകീയ ഹോട്ടൽ ആരംഭിക്കുന്നത്. പി. കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ ജനകീയ അടുക്കളയിൽ പാചകം ചെയ്താണ് ഭക്ഷണം എത്തിക്കുക. കോമൺ കിച്ചൺ എന്ന ആശയമാണ് ഇതിനു പിന്നിലുള്ളത്. ചോറ്, മീഞ്ചാറ്, സാമ്പാർ, മോര്, തോരൻ, അച്ചാർ എന്നിവയടങ്ങിയതാണ് ഊണ്. സ്പെഷ്യൽ വേണ്ടവർക്ക് അതുമുണ്ടാകും. അതിന് പ്രത്യേകം കാശ് നൽകണം.
25 രൂപ നൽകാനില്ലാത്തവർക്കും ഊണ് കഴിക്കാനാകും. ഹോട്ടലിന് മുന്നിലുള്ള ബോർഡിൽ ഷെയർ മീൽസ് ടോക്കണുകൾ ഉണ്ടാകും. ഈ ടോക്കൺ എടുത്ത് നൽകിയാൽ കാശില്ലാത്തവർക്ക് ഫ്രീയായി ഊണ് കഴിക്കാം. മറ്റൊരാളുടെ വിശപ്പകറ്റാൻ താത്പര്യമുള്ളവർക്ക് 25 രൂപ നൽകി ഷെയർ മീൽസ് ടോക്കൺ വാങ്ങി ബോർഡിൽ സ്ഥാപിക്കാവുന്നതാണ്. ഇത് നിരവധി പേർക്ക് സഹായകരമാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. മണ്ണഞ്ചേരി പഞ്ചായത്ത് പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത്. കുടുംബശ്രീ പ്രവർത്തകരാകും ഹോട്ടലിന്റെ നടത്തിപ്പിന് നേതൃത്വം നൽകുക.
ധനമന്ത്രി തോമസ് ഐസക്ക് ഇക്കഴിഞ്ഞ ബജറ്റിലാണ് 25 രൂപയ്ക്ക് ഊണ് നൽകുന്ന ആയിരം ഹോട്ടലുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.
Read more: https://www.deshabhimani.com/news/kerala/hunger-free-kerala-meals-for-25-r-s/856565