ഗെയിൽ പദ്ധതി പൂർത്തിയാകുന്നു, ഇഛാശക്തിയുടെ ഫലമെന്ന് മുഖ്യമന്ത്രി
വെബ് ഡസ്ക്
ഏറെ വിവാദങ്ങളും സമരങ്ങളും സാക്ഷിയായ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തീകരണ ഘട്ടത്തിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി പൂർത്തീകരണത്തെക്കുറിച്ച് ഔദ്യോഗിക ഫേസ്ബുക്കിൽ പറഞ്ഞത്. സർക്കാരിന്റെ ആയിരം ദിനങ്ങൾക്കുള്ളിൽ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തീകരിക്കപ്പെടുകയാണെന്നും ഇഛാശക്തിയോടെ എല്ലാ തടസങ്ങളേയും തട്ടിമാറ്റി മുന്നോട്ടു പോയാണ് ഈ നേട്ടം കേരളം കൈവരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസനത്തിന് നാഴിക കല്ലായിരുന്നു ഗെയിൽ പദ്ധതി. സമരങ്ങളും പ്രക്ഷോഭങ്ങളും നിയമക്കുരുക്കുകളും കാരണം കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് വ്യാപക ആരോപണമുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇങ്ങനെയൊരു അഭിപ്രായ പ്രകടനം നടത്തിയതിന് കഴിഞ്ഞ ദിവസം കൊല്ലത്ത് മുഖ്യമന്ത്രി മറുപടിയും നൽകിയിരുന്നു. സംസ്ഥാനത്തിന്റെ ദുഷ്പേര് മാറിത്തുടങ്ങിയെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്.
ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചാണ് ഗെയിൽ പദ്ധതി വിഭാവന ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയും (Gail) കേരള വ്യവസായ വികസന കോർപ്പറേഷനും ചേർന്ന് 3700 കോടി രൂപ ചിലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 2007 ലാണ് കരാറിൽ ഒപ്പ് വെച്ചത്. എറണാകുളം മംഗലാപുരം വരെയാണ് കേരളത്തിൽ പൈപ്പ് ലൈൻ കടന്നുപോകുന്നത്. വ്യവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ലിക്വിഡ് നാച്വറൽ ഗ്യാസ് ആണ് പൈപ്പ് ലൈൻ വഴി രാജ്യത്തിന്റെ വിവിധ വ്യവസായ കേന്ദ്രങ്ങളിലേക്ക് എത്തുക.
2010 ലാണ് വാതക പൈപ്പ് ലൈൻ പദ്ധതിക്ക് തുടക്കമായത്. 2012 ജനുവരിയിൽ രണ്ടാം ഘട്ടം, കൊച്ചി-മംഗലാപുരം , കൊച്ചി-കോയമ്പത്തൂർ -ബംഗളൂരു പദ്ധതിക്കും അനുമതി ലഭിച്ചു. സ്ഥലം ഏറ്റെടുക്കാത്തതിനെ തുടർന്ന് 2014 ആഗസ്തിൽ മുഴുവൻ കരാറുകളും ഗെയിൽ ഉപേക്ഷിച്ചു. ഇഴഞ്ഞു നീങ്ങിയ പദ്ധതിക്ക് 2016 ജൂണിലാണ് ജീവൻ വച്ചത്. സ്ഥലം ഏറ്റെടുക്കൽ സംസ്ഥാനത്ത് ദുഷ്കരമാണ് എന്നായിരുന്നു ഗെയിൽ അധികൃതർ പറഞ്ഞത്. എന്നാൽ ഇപ്പോൾ സ്ഥലമേറ്റെടുപ്പും പൈപ്പ് ഇടലും എല്ലാം വേഗത്തിൽ പൂർത്തിയായിരിക്കുകയാണ്.
കൊച്ചി- മംഗലാപുരം പാതയിൽ 410 കിലോമീറ്ററിലാണ്ണ് കേരളത്തിൽ പൈപ്പ് ലൈൻ ഇടേണ്ടത്. 2016 മെയ് വരെ 80 കി.മീ. ദൂരത്തിലുള്ള ഭൂവിനിയോഗ അവകാശം മാത്രമാണ് ഗെയിലിന് കൈമാറിയത്. 2016 ജൂണിന് ശേഷം 330 കി.മീ. പൈപ്പ് ലൈനിടാൻ സ്ഥലം ലഭ്യമാക്കി. ആയിരം ദിനങ്ങൾക്കുള്ളിലാണ് 380 കി മീ ദൂരത്തും പൈപ്പ് ലൈൻ ഇട്ടത്. 22 സ്റ്റേഷനുകളിൽ 22 ഉം ആയിരം ദിനങ്ങൾക്കിടയിൽ പൂർത്തീകരിച്ചുവെന്നും അവസാന മിനുക്കുപണി പൂർത്തിയാക്കി പൈപ്പ് ലൈൻ വേഗത്തിൽ നാടിന് സമർപ്പിക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി- മംഗലാപുരം പാതയിൽ കൂറ്റനാട് വച്ച് കോയമ്പത്തൂർ – ബംഗളൂരു പാതയിലേക്കുള്ള പൈപ്പ് ലൈൻ ആരംഭിക്കും. കേരളത്തിന്റെ ഭാഗമായ 98 കിലോമീറ്ററിൽ 85 കി.മീ ലും ഭൂ വിനിയോഗ അവകാശം ലഭ്യമാക്കിയത് ഈ 1000 ദിനങ്ങൾക്കിടയിലാണ്. 20 കി മീ പ്രവൃത്തിയും ഈ ഘട്ടത്തിൽ പൂർത്തീകരിച്ചു. മതിയായ നഷ്ട പരിഹാരം ഉറപ്പാക്കി ജനങ്ങളുടെ ആശങ്ക പരിഹരിച്ചാണ് വികസന കുതിപ്പിൽ നാഴികക്കല്ലാകുന്ന പദ്ധതിയ്ക്കായി സർക്കാർ മുന്നോട്ടു പോയത്. – മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.