പറയുന്നത് പച്ചക്കള്ളം : ഗുജറാത്തില്‍ വിദേശ സഹായമാകാം, കേരളത്തിന്‌ പറ്റില്ല

Sharing is caring!

 കേരളത്തിന് വേണ്ടി സ്വമേധയാ യുഎഇ 700 കോടി തരാനാണ് താല്‍പര്യം പ്രകടിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ യുഎഇയോട് കേരളത്തിന് വേണ്ടി പ്രത്യേകമായി സഹായം ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ നിലവിലെ നിയമപ്രകാരം കേന്ദ്ര സര്‍ക്കാരിന് കേരളത്തിനുള്ള ഈ സഹായം വേണ്ടെന്ന് വെക്കാന്‍ സാധിക്കില്ല.
വെബ്‌ ഡസ്ക്
ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇന്ത്യ വിദേശ സഹായം സ്വീകരിക്കാറില്ലെന്ന പ്രചരണം പച്ചക്കള്ളമെന്ന് തെളിയുന്നു. ഗുജറാത്ത് ഭൂകമ്പം ഉണ്ടായപ്പോള്‍ ഇന്ത്യ സ്വീകരിച്ച വിദേശ സഹായങ്ങളുടെ കണക്കുകള്‍ പുറത്തുവന്നതോടെയാണ് ഈ പച്ചക്കള്ളം പൊളിയുന്നത്.
യുഎഇ 700 കോടി കേരളത്തിനായി പ്രഖ്യാപിച്ചപ്പോഴും യുഎന്‍ കേരളത്തിന് സഹായവാഗ്ദാനം നല്‍കിയപ്പോഴും അത് വേണ്ട എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. കേരളത്തിന് വേണ്ടത് ചെയ്യാന്‍ ഇന്ത്യയില്‍ സന്നാഹങ്ങളുണ്ട് എന്നായിരുന്നു വാദം. അതിന്‍റെ കൂടെ ഇന്ത്യയില്‍ പ്രകൃതി ദുരന്തങ്ങള്‍ ഉള്‍പ്പെടെ സംഭവിക്കുമ്പോള്‍ വിദേശരാജ്യങ്ങള്‍, രാജ്യാന്തര സംഘടനകള്‍ എന്നിവയില്‍ നിന്നുമൊക്കെ സഹായങ്ങള്‍ സ്വീകരിക്കുന്നതിനെ പ്രതിരോധിക്കുന്ന നിയമം ഉണ്ടെന്നും പ്രചരിപ്പിച്ചു. എന്നാല്‍, ഇന്ത്യ ഒറ്റയ്ക്കല്ല, ലോകത്തിന്‍റെ എല്ലാ കോണില്‍ നിന്നുമുള്ള സഹായങ്ങള്‍ സ്വീകരിച്ച്, ഒന്നിച്ചാണ് ഒരു ദുരന്തത്തെ നേരിടേണ്ടത് എന്ന നിലപാടാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചത്.
“700 കോടി രൂപ യുഎഇയില്‍ നിന്നും നമുക്ക് വാഗ്ദാനം ചെയ്തിരുന്നു. ഈ സംഖ്യ പ്രഖ്യാപിച്ച ഉടനെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്‍റെ ട്വിറ്ററില്‍ ഇതിനെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം സഹായിക്കുക സ്വാഭാവികമാണ്. അത് ലോകത്തെമ്പാടും നടക്കുന്നതുമാണ്. 2016 മെയ് മാസം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ദേശീയ ദുരന്തനിവാരണ നയത്തില്‍ മറ്റ് രാജ്യങ്ങള്‍ സ്വമേധയാ നല്‍കുന്ന സഹായം സ്വീകരിക്കാവുന്നതാണെന്ന് വ്യക്തമാക്കുന്നുണ്ട്.” – മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം പത്രസമ്മേളനത്തില്‍ പറഞ്ഞ വാക്കുകളാണിത്.
2001 ലാണ് 2 മിനുട്ട് നീണ്ടുനിന്നതും 7.7 രേഖപ്പെടുത്തുകയും ആയിരക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും അപകടം ഉണ്ടാക്കുകയും ചെയ്ത ഗുജറാത്ത് ഭൂകമ്പം ഉണ്ടാകുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അന്നത്തെ ഗുജറാത്ത് സര്‍ക്കാര്‍ (ബിജെപി) യുനിസെഫ്, വേള്‍ഡ് ഫുഡ് പ്രോഗ്രാം, ലോകാരോഗ്യ സംഘടന, ഡെډാര്‍ക്ക്, ഇറാന്‍, ഫ്രാന്‍സ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നും റെഡ്ക്രോസ് തുടങ്ങിയ സംഘടനകളില്‍ നിന്നും സഹായം സ്വീകരിച്ചു. ഇത് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള യുനിസെഫ് ഇന്ത്യയില്‍ നടത്തിയ ഏറ്റവും വലുതും വിപുലവുമായ സഹായമയിരുന്നു ഗുജറാത്തില്‍ നല്‍കിയത്. ഉത്തരകാശി ഭൂകമ്പം (1991), ലാത്തൂര്‍ ഭൂകമ്പം (1993) ബംഗാള്‍ ചുഴലിക്കാറ്റ് (2002), ബിഹാര്‍ വെള്ളപ്പൊക്കം (2004) എന്നിവയിലും കേന്ദ്രസര്‍ക്കാര്‍ വിദേശ സഹായം സ്വീകരിച്ചിട്ടുണ്ട്. 2013 ലെ ഉത്തരാഖണ്ഡ് പ്രളയത്തില്‍ കേന്ദ്രം വിദേശ സഹായം സ്വീകരിച്ചിട്ടുമില്ല.
2004 ഡിസംബര്‍ 25 നാണ് സുനാമി ദുരന്തം ഉണ്ടാകുന്നത്. അത് ലോകം മുഴുവന്‍ ഒരുപോലെ ബാധിച്ച ദുരന്തമയിരുന്നു. ഇതിന് ശേഷം 2016 മെയ് മാസത്തിലാണ് ദേശീയ ദുരന്തനിവാരണ നയത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നത്. അതനുസരിച്ച് പ്രസിദ്ധീകരിച്ച നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് പ്ലാന്‍(National Disaster Management Plan (NDMP) 145 ാം പേജില്‍ വിദേശസഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.” ഇന്ത്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി വിദേശ രാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കുന്ന നയം ഇല്ലെങ്കിലും സ്വമേധയാ ലഭിക്കുന്ന വിദേശ/രാജ്യാന്തര സഹായങ്ങള്‍ സ്വീകരിക്കാം ” (“Government of India does not issue any appeal for foreign assistance in the wake of a disaster. However, if the national government of another country voluntarily offers assistance as a goodwill gesture in solidarity with the disaster victims, the Central Government may accept the offer”) എന്ന് കൃത്യമായി ഇതില്‍ പറഞ്ഞുവെച്ചിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള സഹായങ്ങളും ആവശ്യം നോക്കി സ്വീകരിക്കാം എന്നാണ് ഈ നിയമത്തില്‍ പറയുന്നത്. സ്വാതന്ത്ര്യാനന്തര കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഭീകരവും വിനാശകരവുമായ ഈ മഹാപ്രളയത്തില്‍ നിന്നും കരകയറുവാന്‍ നമുക്ക് കിട്ടുന്ന രാജ്യാന്തര സഹായങ്ങള്‍ ഒന്നും വേണ്ടെന്ന് വെക്കുന്ന ഒരു നിയമവും രാജ്യത്ത് നിലവിലില്ല എന്ന് വ്യക്തം. എന്നാല്‍ വിദേശ/രാജ്യാന്തര സഹായങ്ങള്‍ സ്വീകരിക്കാന്‍ ഇന്ത്യയില്‍ കൃത്യമായ പ്രൊവിഷനുകള്‍ ഉണ്ട്. ഇതിന് ആഭ്യന്തക-ധനകാര്യ മന്ത്രാലയങ്ങളുടെ കൂട്ടായ പ്രവര്‍ത്തനമാണ് നിയമം നിര്‍ദ്ദേശിക്കുന്നത്.
ഇവിടെ കേരളത്തിന് വേണ്ടി സ്വമേധയാ യുഎഇ 700 കോടി തരാനാണ് താല്‍പര്യം പ്രകടിപ്പിച്ചത്. യുഎഇ സര്‍ക്കാര്‍ സ്വമേധയാ പ്രഖ്യാപിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ യുഎഇയോട് കേരളത്തിന് വേണ്ടി പ്രത്യേകമായി സഹായം ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ നിലവിലെ നിയമപ്രകാരം കേന്ദ്ര സര്‍ക്കാരിന് കേരളത്തിനുള്ള ഈ സഹായം വേണ്ടെന്ന് വെക്കാന്‍ സാധിക്കില്ല. 2016 ലെ നിയമം തെറ്റിദ്ധാരണാവിധത്തില്‍ പ്രചരിപ്പിച്ച് കേരളത്തിന് കിട്ടേണ്ട ഫണ്ട് വേണ്ടെന്ന് വെക്കുന്നത് കേന്ദ്രത്തിന്‍റെ രാഷ്ട്രീയ പകപോക്കലാണെന്ന് കൃത്യമായും ഇതില്‍ നിന്നും വ്യക്തമാകുന്നു.
സുനാമി ദുരന്തത്തിന് ശേഷം ഇത്രയും കാലമായി മറ്റ് രാജ്യങ്ങളില്‍ നിന്നും സഹായം സ്വീകരിക്കാറില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെയും ബിജെപിയുടെയും വാദം. ഇത് കേന്ദ്രസര്‍ക്കാര്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന നയമാണെന്ന് ഇപ്പോഴും ഇവര്‍ പറയുന്നു. ഇത് ശരിയെന്ന് അംഗീകരിച്ചാല്‍ തന്നെ, കാലാകാലങ്ങളില്‍ സമൂഹത്തിന്‍റെ ആവശ്യത്തിന് അനുസരിച്ചും രാഷ്ട്രീയ കാരണങ്ങളാലും മാറ്റാവുന്നതാണല്ലോ ഈ നയവും നിയമവും. കേരളത്തിന് വേണ്ടി ഗുജറാത്തിലേത് പോലെ വിദേശ സഹായം സ്വീകരിക്കാന്‍ ഈ നയത്തില്‍ മാറ്റം വരുത്തണമെന്ന് കേരളത്തിലെ ബിജെപി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമോ എന്നാണ് അറിയേണ്ടത്.? കേന്ദ്രം നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ മുഖ്യമന്ത്രി പറഞ്ഞതുപ്രകാരം മറ്റ് രാജ്യങ്ങള്‍ സ്വമേധയാ സ്വീകരിക്കുന്ന സഹായം വാങ്ങാനുള്ള ഇതേ നിയമത്തിലെ വ്യവസ്ഥ പ്രാവര്‍ത്തികമാക്കാന്‍ കേരളത്തിന് കോടതിയെ സമീപിക്കാവുന്നതേയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com