സാലറി ചലഞ്ചും മനോരമയും : വളച്ചൊടിച്ച വാര്‍ത്തകളെ പൊളിച്ചടുക്കി ഐസക്ക്

Sharing is caring!

വെബ്‌ ഡസ്ക് 

പ്രളയാനന്തര കേരളത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കമിട്ട സാലറി ചലഞ്ച് ഇപ്പോള്‍ വിവാദത്തിന്‍റെ നിഴലിലാണ്. ഉദ്യോഗസ്ഥരെയും കേരളസമൂഹത്തെയും രണ്ട് തട്ടിലേക്ക് മാറ്റിനിര്‍ത്തുന്ന നിലയിലേക്കാണ് ഇപ്പോള്‍ വിവാദങ്ങള്‍ പോകുന്നത്. നാടിനായി ഒരു കൈത്താങ്ങ് എന്നതിലുപരി പ്രതിപക്ഷ പാര്‍ട്ടികള്‍ സാലറി ചലഞ്ചിനെ രാഷ്ട്രീയപരമായി ദുരുപയോഗം ചെയ്യുകയാണ്. ഇതിന് എരിവ് കേറ്റുന്നതില്‍ മുന്‍പന്തിയിലായിരുന്നു കഴിഞ്ഞദിവസങ്ങളിലെ മലയാള മനോരമ പത്രവും. വാര്‍ത്തകളെ വളച്ചൊടിച്ച മനോരമയുടെ വക്രീകരണ ബുദ്ധിയെ തുറന്നുകാട്ടുകയാണ് മന്ത്രി തോമസ് ഐസക്. മനോരമ പത്രാധിപര്‍ക്ക് എഴുതിയ തുറന്ന കത്തിലാണ് ഓരോ വാര്‍ത്തകളും അതിന്‍റെ യഥാര്‍ത്ഥ വസ്തുതകളും ഐസക് വ്യക്തമാക്കിയിരിക്കുന്നത്.

സാലറി ചലഞ്ചുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, പരിചരണ രീതി, കാര്‍ട്ടൂണുകള്‍ തുടങ്ങിയവയിലെല്ലാം ഒരു നിഷേധാത്മക സമീപനം മനോരമയില്‍ പ്രകടമായിരുന്നു എന്ന് ഐസക് പറയുന്നു. “പ്രത്യേക എക്കൗണ്ട് ഇല്ല” എന്ന തലക്കെട്ടോട് കൂടി സപ്തംബര്‍ എട്ടിന്‍റെ ഒന്നാം പേജ് വാര്‍ത്തയും “വകമാറ്റി ചെലവിടലിനെക്കുറിച്ച് ആശങ്ക” എന്ന ബ്ലര്‍ബും. തുകവകമാറ്റുമെന്നത് ആശങ്കസൃഷ്ക്കുന്നു എന്ന തരത്തില്‍ തെറ്റായ വ്യാഖ്യാനം ചമയ്ക്കുന്നതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ബാങ്ക് എക്കൗണ്ടിലാണ് എല്ലായ്പ്പോഴും സൂക്ഷിക്കുന്നത്. അതിന്‍റെ വിശദവിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്. പ്രത്യേക ട്രഷറി അക്കൗണ്ടിലേക്ക് ഈ തുകമാറ്റിയ ചരിത്രമില്ല. പക്ഷെ, മനോരമയ്ക്ക് തുക പ്രത്യേക എക്കൗണ്ടിലേക്ക് മാറ്റിയെ തീരു. സര്‍ക്കാരില്‍ ഉത്തരവില്‍ നിന്നുണ്ടായ സംശയമാണെങ്കില്‍ ഒരു ഫോണ്‍കോള്‍ മതിയല്ലോ ഒരു മാധ്യമസ്ഥാപനത്തിന്. അതുകൊണ്ട് തന്നെ മനോരമയുടെ ഈ പ്രവര്‍ത്തനം മനപ്പൂര്‍വ്വം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് മന്ത്രി പറയുന്നത്.

സപ്തംബര്‍ 16. കേന്ദ്രനിലപാട് കാരണം പ്രഖ്യാപിച്ച തുകയില്‍ യുഎഇ പുനപ്പരിശോധന നടത്തുന്നു എന്നാണ് പ്രധാന വാര്‍ത്ത. കേരളത്തിന് ഈ സഹായം ലഭിക്കാത്തതില്‍ ക്രൂരമായ ഒരു സംതൃപ്തി മനോരമ അനുഭവിക്കുന്നതായും മന്ത്രി സംശയം പ്രകടിപ്പിക്കുന്നുണ്ട്. അതിന് കാരണം ആ തലക്കെട്ടിന് കീഴെയുള്ള വലിയൊരു ‘നൊ’ ആണ്. രക്ഷാദൗത്യത്തിന്‍റെ സന്ദര്‍ഭത്തില്‍ രൂപപ്പെട്ട ഒരുമയെ പ്രസിദ്ധീകരിക്കുന്ന കൈകോര്‍ക്കലിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആ കൈകള്‍ വേര്‍പെട്ടുപോയി എന്നാണ് ഈ ‘നൊ’ സൂചിപ്പിക്കുന്നത്. സര്‍ക്കാരിന്‍റെ സാലറി ചലഞ്ചും ഇതുപോലെ വേര്‍പെടുന്നു എന്ന പ്രചരണ തന്ത്രവും ഇതില്‍ കാണാനാകും.

തൊട്ടടുത്ത ദിവസം. അതായത് സപ്തംബര്‍ 17 ന്‍റെ ഒന്നാം പേജ്. “പെന്‍ഷന്‍കാരെയും പിടികൂടുന്നു” എന്നാണ് തലക്കെട്ട്. പോക്കറ്റടിക്കുന്ന ധനമന്ത്രിയെ ചിത്രീകരിക്കുന്ന വാരഫലവും ഇതേ ദിവസം തന്നെ വന്നു. പ്രളയക്കെടുതിയെ അതിജീവിക്കാന്‍ നാടാകെ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സന്ദര്‍ഭത്തില്‍ ഇതുപോലുള്ള തമാശകള്‍ ആസ്വദിക്കാന്‍ പറ്റുന്നതല്ലെന്ന് മന്ത്രി പറയുന്നു. ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ ഈ നവകേരള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ഗുണ്ടാപ്പിരിവെന്ന് വ്യാഖ്യാനിക്കുന്നുണ്ടെന്നും അവരെ സന്തോഷിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തനം ഈ സാഹചര്യത്തില്‍ എത്രമാത്രം അനുചിതമാണെന്ന് ആലോചിക്കണമെന്നും പത്രാധിപരോട് മന്ത്രി പറയുന്നു. ഒരുമാസത്തില്‍ കുറഞ്ഞ ശമ്പളം പ്രളയദുരിതാശ്വാസനിധിയിലേക്ക് സ്വീകരിക്കില്ലെന്ന് ജീവനക്കാരെ അറിയിച്ചു എന്ന ഒരു വരിയും “പെന്‍ഷന്‍കാരെയും പിടികൂടുന്നു” എന്ന വാര്‍ത്തയിലുണ്ട്. ഈ വിവരം സാധൂകരിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്ന് ധനമന്ത്രി തുറന്നകത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം തെറ്റായ കാര്യങ്ങള്‍ യാതൊരു രേഖകളും ഇല്ലാതെ പ്രസിദ്ധീകരിച്ചതാണെങ്കില്‍ മനോരമ മാപ്പ് പറയാന്‍ ബാധ്യസ്ഥരാണ്.

സപ്തംബര്‍ 18. “ഇത് പിടിച്ചുപറിക്കല്‍” എന്നാണ് തലക്കെട്ട്. ഹൈക്കോടതി പരാമര്‍ശമാണ് വാര്‍ത്തയ്ക്ക് ആധാരം. പക്ഷെ, ഹൈക്കോടതി പരാമര്‍ശിച്ച കേസും സാലറി ചലഞ്ചുമായി ഒരു ബന്ധവുമില്ല. അപ്പോള്‍ എന്തിനാണ് ഇത്തരത്തില്‍ ഒരു തലക്കെട്ട്.? സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവോ, അതിലെ വ്യവസ്ഥകളോ ഹൈക്കോടതി പരിഗണിച്ചിട്ടേയില്ല. ക്ഷേത്ര പുനരുദ്ധാരണ ഫണ്ടിലേക്ക് ശമ്പളം പിടിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഉത്തരവാണ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട കോടതി പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിനെ പ്രശംസിക്കുകയാണ് ഉണ്ടായത്. ഈ വസ്തുതകളെല്ലാം കാറ്റില്‍പറത്തി തെറ്റായ വാര്‍ത്ത കൊടുക്കുകയാണ് മനോരമ ചെയ്തത്. വാര്‍ത്തയ്ക്ക് വസ്തുതയുമായി ബന്ധമുണ്ടാകണമെന്ന ഏറ്റവും കുറഞ്ഞ പത്രധര്‍മ്മം പോലും പാലിക്കപ്പെട്ടില്ല.

സാലറി ചലഞ്ചില്‍ പങ്കെടുക്കുന്ന ജീവനക്കാരുടെ കുടുംബബജറ്റ് തകരും എന്നാണല്ലോ ഈ വാര്‍ത്തകളുടെയൊക്കെ ആധാരമായി പറയുന്നത്. ചരിത്രത്തിലാദ്യമായി ശമ്പള, പെന്‍ഷന്‍ പരിഷ്കരണത്തിന്‍റെ കുടിശ്ശികയുടെ ഗഡു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് കുടുംബബജറ്റ് തകരാതിരിക്കാനാണ്. ഇത് മനോരമ കണ്ടില്ല. ഇതെല്ലാം മാറ്റി നിര്‍ത്തിയാലും ചിലത് പറയാനുണ്ട് ധനമന്ത്രിക്ക്. കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ഇനി അടുത്ത പുഞ്ചകൃഷി വിജയകരമായി പൂര്‍ത്തിയാക്കിയാലെ വരുമാനം ഉണ്ടാകു. പ്രളയം അവരുടെ കുടുംബ ബജറ്റ് തകര്‍ത്തിരിക്കുകയാണ്. ഇവര്‍ക്ക് സുരക്ഷിതമായ ജീവിതം ഒരുക്കാന്‍ താരതമ്മ്യേന തൊഴില്‍സുരക്ഷയുള്ള സര്‍ക്കാര്‍ ജീവനക്കാരോട് സംഭാവന അഭ്യര്‍ത്ഥിച്ചത് മനോരമ തെറ്റായി ചിത്രീകരിക്കുന്നത് എന്തിനാണ് എന്ന ചോദ്യം ധനമന്ത്രി ഉന്നയിക്കുന്നു.

ഓണക്കോടി വാങ്ങാന്‍ സൂക്ഷിച്ച 490 രൂപ കുടുക്കപൊട്ടിച്ച് സംഭാവന ചെയ്ത മൂന്ന് വയസ്സുകാരി കാര്‍ത്തിക, സൈക്കിള്‍ വാങ്ങാന്‍ സ്വരുക്കൂട്ടിയ പണം സംഭാവന ചെയ്ത തമിഴ്നാട് വില്ലുപുരത്തെ ഒമ്പതുവയസ്സുകാരി അനുപ്രിയ എന്നീ കുട്ടികളെ മനോരമയ്ക്ക് പരിചയപ്പെടുത്തിക്കൊടുക കൂടി ചെയ്തു ധനമന്ത്രി.

സര്‍ക്കാര്‍ ജീവനക്കാരോട് മാത്രമല്ല, ലോകത്തെമ്പാടുമുള്ള മുഴുവന്‍ മലയാളികളോടുമാണ് മുഖ്യമന്ത്രി സാലറി ചലഞ്ച് എന്ന അഭ്യര്‍ത്ഥന മുന്നോട്ടുവെച്ചത്. സ്വന്തം ദുഃഖങ്ങള്‍ മറന്ന് ഒന്ന് ഞെരുങ്ങിയാലും നാടിന് വേണ്ടി കൈകോര്‍ക്കുന്ന മലയാളിയെയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും പ്രതീക്ഷിക്കുന്നത്. അതിന് തുരങ്കംവെക്കുന്ന വ്യക്തികള്‍ക്കും മാധ്യമങ്ങള്‍ക്കുമുള്ള മറുപടിയാണ് മുകളില്‍ പറഞ്ഞ കുട്ടികളുടെ നല്ല മനസ്സ്. അതുകൊണ്ട് തന്നെ പിടിച്ചുപറി, പോക്കറ്റടി എന്നിങ്ങനെ ദുര്‍വ്യാഖ്യാനം ചെയ്ത് ഈ ദൗത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമം മനോരമ തിരുത്തണമെന്നും ക്രിയാത്മക വിമര്‍ശനങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് ഐസക് പത്രാധിപരോട് അഭ്യര്‍ത്ഥിച്ചു.

“പ്രളയത്തിന്‍റെ പാഠങ്ങള്‍ കൂടി ഉള്‍ക്കൊണ്ടുള്ള മൂലധന നിക്ഷേപമാണ് ഇനിയുള്ള കേരളം സ്വീകരിക്കേണ്ടത്. പുനരധിവാസത്തിനും നഷ്ടപരിഹാരങ്ങള്‍ക്കുമായി ആറായിരം കോടിയുടെ റവന്യൂ ചെലവും ആസ്തികളും മറ്റും പുനര്‍നിര്‍മ്മിക്കുന്നതിന് 20-25000 കോടിയുടെ മൂലധനച്ചെലവുമാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. റവന്യൂചെലവ് കേരളം കണ്ടെത്തണം. അപ്പോള്‍ മൂലധനച്ചെലവിനുള്ളത് കേന്ദ്രാനുമതിയോടെ വായ്പയായും മറ്റും സമാഹരിക്കാം. റവന്യൂവരുമാനം വര്‍ദ്ധിപ്പിക്കുകയോ റവന്യൂചെലവ് കുറയ്ക്കുകയോ ചെയ്താലെ കേരളം ഈ ലക്ഷ്യം കൈവരിക്കുകയുള്ളു. അതിനായി വിവിധ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നു. സാലറി ചലഞ്ചും അത്തരത്തില്‍ ഒന്നാണ്. എന്നാല്‍ 2002 ല്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത് പോലെ പിടിച്ചുപറിക്ക് ഈ സര്‍ക്കാര്‍ തയ്യാറല്ല. സ്വമേധയാ സഹായിക്കാന്‍ സډനസ്സുള്ളവര്‍ക്ക് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച്. അത് വിജയിപ്പിക്കേണ്ടത് മാധ്യമങ്ങളുടെ കൂടെ ഉത്തരവാദിത്വമാണ്” – ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com