ഉദ്ഘാടനത്തിനൊരുങ്ങി കാങ്കോൽ – ചീമേനി റോഡ്

Sharing is caring!

കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന, ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ആശ്രയിക്കുന്ന കാങ്കോല്‍-ചീമേനി റോഡ് ഉദ്ഘാടനത്തിനൊരുങ്ങുന്നു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. യാത്രാക്ലേശം രൂക്ഷമായ ഈ പാതയുടെ ഇന്നത്തെ രൂപം ആരെയും അത്ഭുതപ്പെടുത്തും. ആധുനിക റോഡ് ആയി മാറിയതോടെ പ്രദേശത്തിന്‍റെ മുഖഛായ തന്നെ മാറി. സി കൃഷ്ണന്‍ എംഎല്‍എ ഇടപെട്ട് പയ്യന്നൂര്‍ മണ്ഡലത്തില്‍ ആധുനികവല്‍ക്കരിക്കുന്ന മൂന്നാമത്തെ റോഡാണിത്.

റോഡിനെ കുറിച്ച് സി കൃഷ്ണൻ എംഎൽഎ സംസാരിക്കുന്നു..

കണ്ണൂരിനേയും കാസർഗോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴി. കിഫ്ബി വഴി അനുവദിച്ച 20.89 കോടി രൂപ ചിലവഴിച്ചുള്ള നിർമ്മാണ പ്രവർത്തനം ആരംഭിച്ചത് 2018 ഡിസംബർ 17 നാണ്. പ്രവർത്തി തുടങ്ങി 15 മാസം പൂർത്തിയാകുമ്പോഴേക്കും റോഡിന്റെ നവീകരണം എതാണ്ട് നൂറ് ശതമാനവും പൂർത്തിയായി ഉദ്ഘാടനത്തിന് തയ്യാറായി. റോഡിന്റെ ഉദ്ഘാടനം മാർച്ച് 9 ന് രാവിലെ 9.30 ന് കാങ്കോലിൽ വച്ച് പ്രിയങ്കരനായ പൊതുമരാമത്ത് വകുപ്പ് മന്ത്രി സ. ജി സുധാകരൻ നിർവ്വഹിക്കും.

കണ്ണൂർ ജില്ലയിൽ കിഫ്ബിയിൽ നിന്ന് ഫണ്ട് അനുവദിച്ച് പ്രവർത്തി പൂർത്തിയായി ഉദ്ഘാടനം നിർവഹിക്കപ്പെടുന്ന രണ്ടാമത്തെ റോഡും കേരളത്തിലെ പത്താമത്തെ റോഡുമാണ് കാങ്കോൽ ചീമേനി റോഡ്, മൂന്നാമത്തെ റോഡും പയ്യന്നൂർ മണ്ഡലത്തിൽ തന്നെ, അന്നേ ദിവസം തന്നെ ഉദ്ഘാടനം ചെയ്യപ്പെടുന്ന വെള്ളോറ – കക്കറ – കടുക്കാരം റോഡ്.

10.2 കിലോമീറ്റർ നീളത്തിൽ 12 മീറ്റർ വീതിയിലാണ് കാങ്കോൽ – ചീമേനി റോഡിന്റെ നിർമ്മാണം പൂർത്തിയായിട്ടുള്ളത്. 7 മീറ്റർ വീതിയിലാണ് ടാറിങ്ങ്. പയ്യന്നൂർ മണ്ഡലത്തിലെ കാങ്കോലിൽ നിന്നാരംഭിച്ച് സ്വാമിമുക്ക് – ഏറ്റുകുടുക്ക വഴി തൃക്കരിപ്പൂർ മണ്ഡലത്തിലെ ചീമേനിയിലാണ് റോഡിന്റെ റീച്ച് അവസാനിക്കുന്നത്. കാങ്കോൽ – ചീമേനി റോഡിന്റെ നവീകരണം ആ നാടിന്റെ ഏറ്റവും വലിയ ആവശ്യങ്ങളിൽ ഒന്നായിരുന്നു. അതാണ് യാഥാർത്ഥ്യമായിരിക്കുന്നത്. നവീകരണത്തിന് മുൻപ് ശരാശരി 10 മീറ്റർ വീതിയാണ് റോഡിനുണ്ടായിരുന്നത്. 12 മീറ്റർ വീതിയിലേക്ക് റോഡ് വികസിപ്പിക്കാൻ 5 ഏക്കറോളം സ്ഥലം നാട്ടുകാർ സൗജന്യമായി നാടിനു വേണ്ടി നൽകി.

കിഫ്ബി സംബന്ധമായ പ്രഖ്യാപനം ധനമന്ത്രി സ. ഐസക്ക് നടത്തിയപ്പോൾ, 50000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികൾ ബജറ്റിന് പുറമേ പ്രഖ്യാപിച്ചപ്പോൾ, കിഫ്ബി ധനമന്ത്രിയുടെ സ്വപ്നം മാത്രമാണെന്നും ആകാശകുസുമം ആണെന്നും ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള യു ഡി എഫ് നേതാക്കന്മാർക്കുള്ള മറുപടികളാണ് കറുത്ത പനിനീർ പൂക്കളായി ഈ വിരിഞ്ഞു നിൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com