ആ പെണ്‍കുട്ടി മരിച്ചതല്ല : അപകടം വെറുതെ ഉണ്ടായതുമല്ല…

Sharing is caring!

വെബ് ഡസ്ക്

അവിനാശിയില്‍ 19 പേരുടെ ദാരുണമരണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പെ മറ്റൊരു വാര്‍ത്ത കൂടി വന്നു. മലയാളികള്‍ സഞ്ചരിച്ച ബാംഗ്ലൂരില്‍ നിന്നും വരുന്ന കല്ലട ബസ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. അവിനാശിയിലെ കെഎസ്ആര്‍ടിസി അപകടം ഇതിലും വലുതായതിനാല്‍ ഒരുകോളം വാര്‍ത്തയില്‍ കല്ലട ബസ് അപകടം ഒതുങ്ങി. മരണപ്പെട്ടത് മലയാളി അല്ലാത്തതിനാല്‍ ആരും അപകടം ചികയാനും നിന്നില്ല. എന്നാല്‍ അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന അമൃത മേനോന്‍ എന്ന യാത്രക്കാരി ഇപ്പോള്‍ സത്യാവസ്ഥകള്‍ വെളിപ്പെടുത്തിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. അമിത വേഗതയും പെര്‍മിറ്റ് ഇല്ലാത്ത റൂട്ടിലൂടെ ബസ് തിരിഞ്ഞുപോയതുമാണ് അപകട കാരണമെന്ന് മരിച്ച പെണ്‍കുട്ടിയുടെ തൊട്ടടുത്ത സീറ്റിലിരുന്ന അമൃത മേനോന്‍ പറയുന്നു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് വെളിപ്പെടുത്തല്‍.

ഫെബ്രുവരി 21 ന് രാത്രി 1.30 ന് ബംഗലൂരു-പെരിന്തല്‍മണ്ണ കല്ലട ബസ് മൈസൂര്‍ ഹുന്‍സൂര്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്. ഒരു പെണ്‍കുട്ടി ഈ അപകടത്തില്‍ മരിച്ചു. ഒരു കാറിനെ രക്ഷിക്കാന്‍ വേണ്ടി ബസ് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. രാത്രി 9.30നാണ് ബസ് ബംഗലൂരുവില്‍ നിന്നെടുക്കുന്നത്. ബസ് യാത്ര തുടങ്ങുമ്പോള്‍ മുതല്‍ അമിത വേഗത്തിലാണ് വണ്ടി പോയതെന്ന് അമൃത പറയുന്നു. സ്ലീപ്പറായിരുന്നതുകൊണ്ട് തന്നെ ബസ് കുലുങ്ങി. ഒരു ശരാശരി സ്ലീപ്പറില്‍ കിടക്കുന്നത് പോലെ സുഖകരമായിരുന്നില്ല യാത്ര. അമിത വേഗം കണ്ട് ഭയന്ന് സഹയാത്രക്കാര്‍ ഡ്രൈവറോട് വേഗം കുറയ്ക്കാന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ സ്ഥിരം പോകുന്ന റോഡാണെന്നായിരുന്നു ഡ്രൈവറുടെ വാദം.

യാത്രക്കാര്‍ ഉറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കല്ലട ബസിന് പെര്‍മിറ്റില്ലാത്ത വഴിയിലൂടെയാണ് ബസ് പോയത്. റോഡ് രണ്ടായി തിരിയുന്ന സമയത്ത് ഡ്രൈവര്‍ പെട്ടെന്ന് ഇടത്തേക്ക് വെട്ടിക്കുകയായിരുന്നു. ബസ് ഒരു പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞ് തലകുത്തി കിടക്കുകയായിരുന്നു. എല്ലാ സീറ്റിലും യാത്രക്കാരുണ്ടായിരുന്നതുകൊണ്ട് തന്നെ ബസ് മറിഞ്ഞപ്പോള്‍ എല്ലാവരും കൂട്ടിയിടിച്ചു. തലയിടിച്ച് പരിക്ക് പറ്റിയവരാണ് ഏറെയും.

പ്രദേശവാസികളും പോലീസും എത്തി ഞങ്ങളെ പുറത്തെടുക്കുമ്പോള്‍ കാലില്ലാതെ കിടക്കുന്ന ക്ലീനറെയാണ് കണ്ടത്. കൈയ്യില്ലാതെ, വിരലില്ലാതെ അംഗഭംഗങ്ങള്‍ സംഭവിച്ചവരായിരുന്നു ചുറ്റും. പെര്‍മിറ്റില്ലാത്ത വഴിയിലൂടെ എന്തിന് ബസ് സഞ്ചരിച്ചുവെന്നാണ് പൊലീസ് അടക്കം ചോദിച്ചത്. അപകട ശേഷം കല്ലട ബസിന്റെ ആളുകള്‍ മറ്റൊരു കല്ലടയില്‍ ഞങ്ങളെ കയറ്റിവിട്ടു. വേറെ വഴിയില്ലാത്തതുകൊണ്ടാണ് അതില്‍ കയറിയത്. അതും അമിത വേഗതയിലാണ് വന്നത്. ഒരു അപകടം സംഭിച്ചതോ ഒരു പെണ്‍കുട്ടി മരണപ്പെട്ടതോ അവരുടെ വിഷയമല്ലായിരുന്നു. പരിക്ക് പറ്റിയവരാണ് അകത്തുള്ളവരെന്ന ബോധം പോലും അവര്‍ക്കുണ്ടായിരുന്നില്ല. സത്യം ജനം അറിയണമെന്ന ഉദ്ദേശത്തോടെയാണ് വീഡിയോ ചെയ്തതെന്നും അമൃത പറഞ്ഞു.

അന്തര്‍ സംസ്ഥാന റൂട്ടുകളിലെ സ്വകാര്യ ബസുകളുടെ അമിത വേഗം പലപ്പോഴും വാര്‍ത്തയാകാറുണ്ടെങ്കിലും യാത്രക്കാരുടെ പ്രതികരണങ്ങളില്‍ ഒതുങ്ങുകയാണ് എല്ലാം. ഒരു കുട്ടിയുടെ മരണം വെറും അപകടത്തില്‍ സംഭവിച്ചതല്ലെന്ന് സഹയാത്രിക വെളിപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ഡ്രൈവര്‍ ജാഗ്രത പാലിച്ചിരുന്നെങ്കില്‍ ആ കുട്ടി ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു. ആ പെണ്‍കുട്ടി മരിച്ചതല്ലെന്നും കൊന്നതാണെന്നും വ്യക്തമാക്കുന്നതാണ് അമൃതയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com