മലബാര്‍ കലാപം വര്‍ഗ്ഗീയ ലഹളയോ? വാഗണ്‍ട്രാജഡി : സംഘപരിവാറിന്‍റെ പുതിയ തന്ത്രം

Sharing is caring!

വെബ്‌ ഡസ്ക് 

വികസനം ചര്‍ച്ച ചെയ്യാതിരിക്കാന്‍ ശബരിമലയും ബാബറി മസ്ജിദും വിഷയങ്ങളാക്കുന്ന തിരക്കിലാണ് ഇപ്പോള്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍.  ചരിത്രവും ശാസ്ത്രവും വളച്ചൊടിച്ച് പുരാണങ്ങളും കപട ശാസ്ത്രങ്ങളും സംഘപരിവാര്‍ രാഷ്ട്രീയവും കുത്തിനിറക്കാനുള്ള ശ്രമം പലപ്പോഴും രാജ്യം കണ്ടതാണ്. അത്തരം ഫാസിസ്റ്റ് നടപടികള്‍ ഇപ്പോള്‍ കേരളത്തിലും വ്യാപകമാക്കുകയാണ്. തിരൂരില്‍ കഴിഞ്ഞ ദിവസം സംഭവിച്ചത് ഇതിന്‍റെ തുടക്കമാണ്.

റെയില്‍വെ സ്റ്റേഷനുകള്‍ മോടിപിടിപ്പിക്കുന്നതിന്‍റെ ഭാഗമായി തിരൂര്‍ സ്റ്റേഷനില്‍ വരച്ച വാഗണ്‍ട്രാജഡി ചുമര്‍ചിത്രത്തിന് നേരെയാണ് സംഘപരിവാര്‍ പ്രതിഷേധമുണ്ടായത്. വാഗണ്‍ട്രാജഡി സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമല്ലെന്നും മലബാര്‍ലഹള വര്‍ഗീയ കലാപമാണെന്നും പറഞ്ഞെത്തിയ ഒരു കൂട്ടം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി കുഴപ്പം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലായിരുന്നു. റെയില്‍വെ മാനേജര്‍ക്ക് ഫോണിലൂടെയും ഭീണഷി സന്ദേശങ്ങള്‍ എത്തിയതോടെ തിങ്കളാഴ്ച പുലര്‍ച്ചെ റെയില്‍വെ തന്നെ ചിത്രം മായ്ച്ചുകളയുകയായിരുന്നു.

സ്റ്റേഷനുകള്‍ മോടിപിടിപ്പിക്കാന്‍ റെയില്‍ വകുപ്പ് തീരുമാനിച്ചതിന്‍റെ ഭാഗമായി പാലക്കാട് ഡിവിഷന്‍ കണ്ണൂര്‍, പാലക്കാട്, തിരൂര്‍ സ്റ്റേഷനുകളാണ് തിരഞ്ഞെടുത്തത്. കണ്ണൂരില്‍ തെയ്യത്തിന്‍റെ ചുമര്‍ചിത്രങ്ങളും പാലക്കാട് സ്റ്റേഷനില്‍ ടിപ്പു സുല്‍ത്താന്‍റെ കോട്ടയും തിരൂരില്‍ വാഗണ്‍ ട്രാജഡിയും തുഞ്ചത്ത് എഴുത്തച്ഛന്‍റെ പൈതൃകവും പ്രദര്‍ശിപ്പിക്കാനാണ് തീരുമാനിച്ചത്. തിരൂര്‍ റെയില്‍വെ സ്റ്റേഷന്‍ വാഗണ്‍ട്രാജഡി സംഭവത്തിന്‍റെ നേര്‍സാക്ഷിയാണ്.

മലബാര്‍ ലഹളയും വാഗണ്‍ട്രാജഡിയും സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമല്ലെന്നും വര്‍ഗ്ഗീയകലാപമാണെന്നും ആക്ഷേപിച്ച് ബിജെപി തിരൂര്‍ മണ്ഡലം കമ്മിറ്റി പാലക്കാട് റെയില്‍വെ ഡിവിഷന് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പൂര്‍ത്തിയായ ചിത്രത്തിന് നേരെ പ്രതിഷേധങ്ങളും ഉണ്ടായി. തുടര്‍ന്ന് ഡല്‍ഹി റെയില്‍വെ ബോര്‍ഡില്‍ നിന്നും നിര്‍ദ്ദേശവും ലഭിച്ചപ്പോഴാണ് ചിത്രം മായ്ച്ചുകളയാന്‍ തീരുമാനിച്ചത്.

മലബാര്‍ കലാപം വര്‍ഗ്ഗീയ ലഹളയോ.?

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ കാര്‍ഷിക കലാപമായും വര്‍ഗ്ഗീയ കലാപമായും ഒക്കെ വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ള ഒന്നാണ് 1921 ലെ മലബാര്‍ കലാപം.  1914 മുതല്‍ തന്നെ രാജ്യത്ത് ആരംഭിച്ച കര്‍ഷക പ്രക്ഷോഭങ്ങള്‍ ശക്തി പ്രാപിച്ചത്  1920-21 കാലഘട്ടത്തില്‍ ആയിരുന്നു.  ഈ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ബ്രിട്ടിഷ് രാജും ജന്മികളും നടത്തിയ  തന്ത്രമായിരുന്നു മലബാര്‍ കലാപം എന്നും വ്യാഖ്യാനങ്ങള്‍ ഉണ്ട്. മലബാര്‍ കലാപം, ഖിലാഫത്ത് സമരം, മാപ്പിള ലഹള എന്നൊക്കെ മലബാര്‍ കലാപം അറിയപ്പെടുന്നു. കര്‍ഷകസമരം എങ്ങനെ മതകലാപമായി എന്ന് ചരിത്രം തന്നെ പറയുന്നുണ്ട്. ‘1921’ എന്ന ഐ വി ശശി സിനിമയിലും ചരിത്ര സത്യങ്ങള്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്.

മലബാറില്‍, പ്രത്യേകിച്ച് ഏറനാട്ടിലും വള്ളുവനാട്ടിലും കര്‍ഷകര്‍ മുസ്ലീം സമുദായക്കാരും ജന്മികള്‍ നമ്പൂതിരി, നായര്‍ സമുദായക്കാരായ സവര്‍ണ ഹിന്ദുക്കളുമായിരുന്നു. ബ്രിട്ടീഷുകാരുടെ കടന്നുവരോടെ മലബാറില്‍ കര്‍ഷകര്‍ കൊടുംപട്ടിണിയിലായിത്തുടങ്ങി. നേരത്തെയുണ്ടായിരുന്ന ജന്മി പിരിവും കരംകൊടുക്കലിനും പുറമെ ബ്രിട്ടീഷുകാര്‍ വ്യാപാരങ്ങളുടെ കുത്തകാവകാശികളായി മാറി. ഇതോടെ കര്‍ഷകര്‍ക്ക് പീഢനം മാത്രം ബാക്കിയാകുന്ന സ്ഥിതിയും കൈവന്നു. ഇതിനെതിരെ കര്‍ഷകര്‍ സംഘടിച്ചു. രാജ്യത്താകമാനം ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ കര്‍ഷക ലഹളകള്‍ക്ക് തുടക്കം കുറിക്കുന്ന സമയമായിരുന്നു അത്. ഖിലാഫത്ത് പ്രസ്ഥാനവും കോണ്‍ഗ്രസ് പ്രസ്ഥാനവും മലബാറില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് നേരെ സമരങ്ങള്‍ക്ക് കോപ്പുകൂട്ടുന്ന സമയം. നിസ്സഹരണ പ്രസ്ഥാനത്തിലൂടെയും ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെയും ഭാരതത്തെ സ്വതന്ത്രമാക്കാമെന്ന് പ്രഖ്യാപിച്ച നാളുകള്‍.

ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ തുടങ്ങിയ സമരം വള്ളുവാട്ടിലും ഏറനാട്ടിലും ശക്തിപ്രാപിച്ചു. കര്‍ഷകര്‍ സംഘടിതരായി രംഗത്തുവന്നു. എന്നാല്‍ സമരം നടത്തുന്നവരെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റിക്കൊടുക്കലായിരുന്നു ജന്മിമാരായ നായര്‍, നമ്പൂതിരി പ്രമാണിമാരുടെ പണി. ഇത് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. സമരം നടത്തിയിരുന്ന കര്‍ഷകര്‍ ജന്മിമാര്‍ക്കെതിരെയും തിരിഞ്ഞു. ഒറ്റുകൊടുക്കുന്ന ജന്മിമാരെ സമരക്കാര്‍ ആക്രമിച്ചു. എന്നാല്‍ കര്‍ഷകര്‍ മാപ്പിളമാരും ജന്മിമാര്‍ നായര്‍, നമ്പൂതിരി ഹിന്ദുക്കളും ബ്രിട്ടീഷ് സ്വാധീനം ഉള്ളവരും ആയതിനാല്‍ ഈ സമരത്തിന് മതത്തിന്‍റെ പേര് വന്നു. ഉടനടി തന്നെ കലാപമായും മാറി.

കര്‍ഷകസമരത്തിനിടയില്‍ പലരും നുഴഞ്ഞുകയറി കലാപത്തിന് മൂര്‍ച്ചകൂട്ടി. നിരപരാധിളായ ജന്മി കുടുംബങ്ങള്‍ പോലും ആക്രമത്തിന് ഇരയായി. കൊള്ളയും ബലാല്‍സംഗവും അക്രമവും തീവെപ്പും തുടങ്ങിയ സംഭവങ്ങളും  നടന്നു. ഇതിനിടയില്‍ തിരൂരങ്ങാടി പൂക്കോട്ട് പള്ളിയില്‍ നിന്നും പോലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പോലീസ് പള്ളി അക്രമിച്ചു എന്ന വ്യാജപ്രചരണം കാട്ടുതീ പോലെ പടര്‍ന്നു. വെടിവെയ്പുണ്ടായി. മുന്നൂറോളം കര്‍ഷകര്‍ കൊല്ലപ്പെട്ടു.

അങ്ങനെ കര്‍ഷകസമരത്തെ കലാപമാക്കി അടിച്ചമര്‍ത്തിയ മാപ്പിള ലഹള പല പേരില്‍ ചരിത്രത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. ആ കാലഘട്ടത്തിന്‍റെ സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമായിരുന്നു ഈ സമരമെന്ന് ചരിത്രം പരിശോധിച്ചാല്‍ ബോധ്യമാകും. ഹിന്ദു-മുസ്ലീം കലാപമായി ഈ സംഭവത്തെ ചിത്രീകരിക്കുന്നത് ചരിത്രനിഷേധമാണ്. മാപ്പിളമാരോടും കര്‍ഷകരോടും ദളിതരോടും സവര്‍ണ ഹിന്ദു സമൂഹം കാണിച്ച വിവേചനം തികട്ടി വരുന്നതിന്‍റെ ഭാഗമാണ് ഇപ്പോള്‍ തിരൂരില്‍ നടന്ന സംഭവം. ചരിത്രം ആവര്‍ത്തിക്കണം എന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത് എന്ന് വ്യക്തം.

മലബാര്‍ കലാപത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട കര്‍ഷകരെ കാറ്റുപോലും കടക്കാത്ത ഗുഡ്സ് വാഗണില്‍ അടച്ചിട്ടാണ് ബ്രിട്ടീഷ് പോലീസ് ജയിലിലേക്ക് കൊണ്ടുപോയത്. 1921 നവംമ്പര്‍ 17 ന് ഇരുന്നൂറോളം തടവുകാരെ ഒരു വാഗണില്‍ കുത്തിനിറച്ച് തിരൂരില്‍ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. ശ്വാസംകിട്ടാതെ പരസ്പരം കടിച്ചും മാന്തിക്കീറിയും 64 പേരുടെ ശവശരീരങ്ങളും ബോധരഹിതരായ ബാക്കിയുള്ളവരുമാണ് വാഗണ്‍ട്രാജഡിയായി ചരിത്രം രേഖപ്പെടുത്തിയത്. ജാലിയന്‍വാലാബാഗ് കഴിഞ്ഞാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം കണ്ട ഏറ്റവും വലിയ ക്രൂരത എന്നാണ് ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്. മരണപ്പെട്ട ഈ 64 രക്തസാക്ഷികളെ അപമാനിക്കുന്ന സമീപനമാണ് സംഘപരിവാര്‍ സ്വീകരിക്കുന്നത്.

സമരത്തിന് നേതൃത്വം നല്‍കിയ കര്‍ഷകരും വാഗണ്‍ട്രാജഡി ദുരന്തത്തില്‍ മരണപ്പെട്ടവരും ഭാരതീയര്‍ക്ക് വീരയോദ്ധാക്കള്‍ തന്നെയാണ്. മലബാര്‍ കലാപത്തിന്‍റെ അവശിഷ്ടങ്ങളെ ചരിത്രശേഷിപ്പുകളായി ഇന്നും സൂക്ഷിക്കുന്നത് അത് വെറും കലാപമായത് കൊണ്ടല്ല, ഇന്ത്യയുടെ ചരിത്രത്തിന്‍റെ ഭാഗമായത് കൊണ്ടും ഒരു സമരത്തെ എങ്ങനെ കലാപമാക്കി മാറ്റി എന്ന പാഠം പുതിയ തലമുറ ഉള്‍ക്കൊള്ളേണ്ടത് കൊണ്ടുമാണ്. ഇന്ത്യയെ വിഭജിക്കാന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച തന്ത്രം പോലെ തന്നെ ഇതും ചരിത്രം ഓര്‍മ്മപ്പെടുത്തുന്ന പാഠമാണ്. ഈ സംഭവം ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം പഠിപ്പിക്കുന്ന പാഠപുസ്തകങ്ങളില്‍ വരെ പ്രതിപാദിച്ചിട്ടുള്ളതാണ്.

ചരിത്രത്തിന്‍റെ ഭാഗമായ മലബാര്‍ കലാപത്തെ ഹിന്ദു-മുസ്ലീം ലഹളയാക്കി പുതുതലമുറയ്ക്ക് മുന്നില്‍ ചിത്രീകരിക്കാനുള്ള സംഘപരിവാര്‍ തന്ത്രത്തിന്‍റെ ഭാഗമാണ് തിരൂരില്‍ നടന്ന സംഭവമെന്ന് വ്യക്തമാണ്. സവര്‍ണ ഹിന്ദുക്കളില്‍ ചിലരാണ് അന്ന് ബ്രിട്ടീഷുകാരോടൊപ്പം ചേര്‍ന്ന് കര്‍ഷകസമരത്തെ ഒറ്റിക്കൊടുത്ത് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അവരോടൊപ്പമാണ് ബിജെപി എന്ന് തെളിയിക്കുന്നതാണ് ഈ സംഭവവും. മലപ്പുറം ജില്ലയിലെ തിരൂരിലെ ചരിത്രസംഭവത്തെ ഇത്തരത്തില്‍ ചിത്രീകരിക്കുമ്പോള്‍ മറ്റൊരു വര്‍ഗ്ഗീയ ലഹളയ്ക്ക് തിരികൊളുത്തുന്ന രക്തദാഹികളാണ് പ്രചരണത്തിന് പിന്നില്‍ എന്ന ഓര്‍മ്മ എല്ലാവിഭാഗം ജനങ്ങളിലും ഉണ്ടാകണമെന്ന അഭ്യര്‍ത്ഥനയോടെ കേരളത്തിലെ ചരിത്രപണ്ഡിതന്മാരും സാംസ്കാരിക പ്രവര്‍ത്തകരും ചിത്രകാരന്മാരും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.

One thought on “മലബാര്‍ കലാപം വര്‍ഗ്ഗീയ ലഹളയോ? വാഗണ്‍ട്രാജഡി : സംഘപരിവാറിന്‍റെ പുതിയ തന്ത്രം

  • November 19, 2018 at 10:58 PM
    Permalink

    Go to British archives and news papers and read about the riots in Malabar. The so called independence (there was not much support nor the Muslims in Malabar didn’t fight for the independence of Malabar nor India, for your kind info) started against a few British officers, as the Muslims felt sad and disappointed when Ottoman Turkey was defeated by allied force, which turned into a Hindu riot ultimately. Hundreds of Hindus lost their life (if not thousands) and properties. Many temples were destroyed.
    Don’t involve the Sangh or BJP here. But call a spade a spade.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com