ഫിലിം ഫെസ്റ്റിവെല്‍ കോംപ്ലക്സ് : അടൂരിനെതിരെ ഡോ. ബിജു

Sharing is caring!

വെബ്‌ ഡെസ്ക്

കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കായി ചിത്രാജ്ഞലി സ്റ്റുഡിയോ സമീപം ഫെസ്റ്റിവെല്‍ കോംപ്ലക്സ് നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പുനരാലോചന വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അടൂര്‍ ഗോപാലകൃഷ്ണന്‍ മലയാള മനോരമയില്‍ ലേഖനം എഴുതിയിരുന്നു. സാധാരണക്കാരന് എത്തിപ്പെടാന്‍ പ്രയാസമുള്ള കുന്നിന്‍മുകളിലാണ് പുതിയ കോംപ്ലക്സ് വരുന്നത് എന്നാണ് അടൂരിന്‍റെ വാദം. എന്നാല്‍ ഇതിനെതിരെ ഡോ. ബിജു രംഗത്തെത്തിയിരിക്കുകയാണ്. എത്രയോ കാലമായി ചലച്ചിത്രമേളയ്ക്ക് സ്ഥിരം വേദിയെന്ന ആവശ്യമുയരുന്നു. ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ ഫണ്ട് മാറ്റിവെയ്ക്കുകയും 2018 ഏപ്രില്‍ മാസത്തില്‍ പ്രവൃത്തി തുടങ്ങാറാകും വിധത്തില്‍ ടെന്‍റര്‍ നടപടികള്‍ ഉള്‍പ്പെടെ പൂര്‍ത്തീകരിക്കുകയും ചെയ്തു. ചിത്രാജ്ഞലി സ്റ്റുഡിയോ ഫിലിം സിറ്റിയാക്കാനുള്ള പദ്ധതിയും സര്‍ക്കാരിന്‍റെ പരിഗണനയിലാണ്. അത്തരമൊരു ഘട്ടത്തില്‍ ഫിലിം ഫെസ്റ്റിവെല്‍ കോംപ്ലക്സ് നിര്‍മ്മിക്കാനുള്ള ഇപ്പോഴത്തെ സര്‍ക്കാരിന്‍റെ കൂടെയാണ് ഞാനെന്നാണ് ഡോ. ബിജുവും മറ്റ് സിനിമാപ്രേമികളും പറയുന്നത്.

ഡോ. ബിജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഫിലിം ഫെസ്റ്റിവൽ കോംപ്ലക്‌സ് ചിത്രാഞ്ജലി സ്റ്റുഡിയോ കോമ്പൗണ്ടിൽ നിർമ്മിക്കുവാനുള്ള സർക്കാർ തീരുമാനത്തിന് ഒപ്പമാണ് ഞാൻ.. മികച്ച ദീർഘവീക്ഷണമുള്ള ഒരു തീരുമാനമായി ഞാൻ ഇതിനെ കാണുന്നു. ദാ താഴെ പറയുന്നവ ആണ് അതിനുള്ള 10 കാരണങ്ങൾ.
1. ലോകത്തെ മികച്ച ചലച്ചിത്ര മേളകളോടൊപ്പം ഇടം നേടണമെങ്കിൽ കേരളാ ചലച്ചിത്ര മേളയ്ക്കും ഒരു സ്ഥിരം ഫെസ്റ്റിവൽ കോംപ്ലക്‌സ് എന്ന ഇൻഫ്രാസ്ട്രക്ചർ ഉണ്ടായേ പറ്റൂ..
2. ഫെസ്റ്റിവൽ കോംപ്ലക്‌സ് എന്നത് എല്ലാ തിയറ്ററുകളും ഒരേ കാമ്പസിൽ തന്നെ ആയിരിക്കണം. ഒപ്പം ഫിലിം മാർക്കറ്റ് പോലെയുള്ള അനുബന്ധ കാര്യങ്ങളും ഒരേ ഇടത്തിൽ തന്നെ ആകണം. ഫെസ്റ്റിവൽ എന്നാൽ സിനിമ കാണുവാൻ മാത്രമുള്ള ഒരു ഇടമല്ല. ഫിലിം മാർക്കറ്റ് ഉൾപ്പെടെ നിരവധി അനുബന്ധ പ്രവർത്തനങ്ങൾക്കും സിനിമകളുടെ അന്തർദേശീയ വിപണ നങ്ങൾക്കുമായി ലോകമെമ്പാടുമുള്ള ആളുകൾക്ക് ഒന്നിച്ചു കൂടുവാൻ കൂടി ഇടമുണ്ടാക്കുന്ന ഒരു വേദിയാണ്. തുറന്ന ആകാശത്തിന് താഴെ ഓപ്പണ് സ്‌ക്രീനിംഗ് നടത്താനുള്ള ഇടങ്ങൾ കൂടി ചിത്രാഞ്ജലിയിൽ ഉണ്ടാകും.
3. നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ ട്രാഫിക്ക് കുരുക്കിൽ പോയി കാണാവുന്ന തരത്തിൽ വിവിധ തിയറ്ററുകൾ ഉണ്ടാക്കുന്നതിനെ ഫെസ്റ്റിവൽ കോംപ്ലക്‌സ് എന്ന് വിളിക്കാൻ പറ്റില്ല. അതു കൊണ്ട് തന്നെ തിരുവനന്തപുരം നഗരത്തിൽ 6 കിലോമീറ്റർ ചുറ്റളവിൽ വിവിധ ഇടങ്ങളിലെ തിയറ്ററുകളിൽ നടക്കുന്ന മേളയ്ക്ക് ഫെസ്റ്റിവൽ നഗരം എന്ന് പറയാം. ഫെസ്റ്റിവൽ കോംപ്ലക്‌സ് എന്ന് പറയാൻ പറ്റില്ലല്ലോ.

4. ലോകത്തെ പ്രധാന ചലച്ചിത്ര മേളകളുടെ ഫെസ്റ്റിവൽ കോംപ്ലക്സുകൾ ഒന്നും നഗര ഹൃദയങ്ങളിൽ അല്ല. കാൻ ചലച്ചിത്ര മേള നടക്കുന്നത് ചെറിയൊരു കടലോര വില്ലേജിൽ ആണ്. കാനിന് തൊട്ടടുത്ത ഡൊമസ്റ്റിക് എയർപോർട്ട് പോലും 30 കിലോമീറ്റർ ദൂരെ നീസ് എന്ന നഗരത്തിലാണ്. വെനീസ്, തെസ്സലോണിക്കി , തുടങ്ങിയ മേളകൾ ഒക്കെ കടലോര വില്ലേജുകളിൽ ആണ്.. നഗരത്തിൽ നിന്നും ഏറെ അകലെ.
5. ഫെസ്റ്റിവലിന് ശേഷം ചിത്രാഞ്ജലിയിലെ തിയറ്ററുകൾ എങ്ങിനെ ലാഭമുണ്ടാക്കും എന്ന് ആലോചിക്കേണ്ടതില്ല. നിരവധി നാടകങ്ങൾക്കും, ബിസിനസ്സ് കോൻക്ലേവ്വുകൾക്കും, സർക്കാർ കോണ്ഫറന്സുകൾക്കും ഒക്കെ ആ തിയറ്ററുകൾ വാടകയ്ക്ക് കൊടുക്കാവുന്നതെ ഉള്ളൂ..കാനിലെ പലൈസ് ഡി ഫെസ്റ്റിവൽ എന്ന പ്രധാന തിയറ്റർ സമുച്ചയം മേള കഴിഞ്ഞാൽ ഇത്തരത്തിൽ നിരവധി ബിസിനസ് ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കുന്നത്. ബുസാനിൽ സർക്കാരിന്റെ ഫെസ്റ്റിവൽ കെട്ടിട സമുച്ചയവും അങ്ങനെ തന്നെ..
6. ഇനി അതല്ല ഈ തിയറ്ററുകൾ ലാഭമായില്ലെങ്കിലും വിഷമിക്കേണ്ടതില്ല..സംസ്കാരത്തിന് മേൽ ഒരു ഭരണകൂടം ഇൻവെസ്റ്റ് നടത്തുന്നത് ലാഭം പ്രതീക്ഷിച്ചാകരുത് എന്ന സാമാന്യ ബോധം നമുക്കുണ്ടാകണം.. മാത്രവുമല്ല ഒരു സർക്കാർ എന്നത് ലാഭം മാത്രം നോക്കി നടത്തുന്ന ഒരു കോർപറേറ്റ് സ്ഥാപനം അകരുതല്ലോ. ഭാവി മുന്നിൽ കണ്ട് സംസ്കാരത്തിന് മേൽ ലാഭേച്ഛ ഇല്ലാതെ ഇൻവെസ്റ്റ്‌മെന്റ് നടത്തേണ്ട ബാധ്യത ഉള്ള ഒരു ഏർപ്പാട് കൂടയാവണ്ടേ സർക്കാർ (വല്ലപ്പോഴുമെങ്കിലും)

7. അന്താരാഷ്ട്ര വിമാനത്താവളത്തോട് ഏറെ അടുത്ത് എന്നതിനാൽ വിദേശ പ്രതിനിധികളെ കൊണ്ടുവരാനുള്ള ലൊജിസ്റ്റിക് സൗകര്യം കൂടുതൽ ആണ്. അത് മേളയുടെ നിലവാരത്തെ ഉയർത്തും.
8. തിരുവല്ലം നഗരത്തിൽ നിന്നും ദൂരം കൂടുതൽ ആയതിനാൽ സാധാരണക്കാരായ ഡെലിഗേറ്റുകൾക്ക് പങ്കെടുക്കാൻ ബുദ്ധിമുട്ടാകും എന്ന വാദത്തിൽ ഒരു കഴമ്പുമില്ല. സിനിമ കാണുവാൻ ,മേളയിൽ പങ്കെടുക്കാൻ യഥാർഥ താല്പര്യമുള്ള ലോക സിനിമാ ആസ്വാദകർ കേരളത്തിൽ എവിടെയായാലും വന്നിരിക്കും. അവർ ആരുടെ വീട് അതിക്രമച്ചു കയറി ആയാലും താമസ സൗകര്യങ്ങൾ സ്വയം കണ്ടെത്തും.
9. തമ്പാനൂർ നിന്നും തിരുവല്ലം ചിത്രാഞ്ജലി വരെ 10 കിലോമീറ്റർ മാത്രമേ ഉള്ളൂ..സാധാരണ ഡെലിഗേറ്റുകൾക്കായി ഓരോ മണിക്കൂറിലും ഇടവിട്ട് ഫെസ്റ്റിവൽ ഫ്രീ ഷട്ടിൽ ബസ്സുകൾ ഏർപ്പെടുത്താവുന്നതെ ഉള്ളൂ..(ലോകത്തെ മിക്ക ചലച്ചിത്ര മേളകളും ഈ രീതിയാണ് പിന്തുടരുന്നത്). നഗരത്തിലേക്കും ഫെസ്റ്റിവൽ കോംപ്ലക്സിലേക്കും സാധാരണ ഡെലിഗേറ്റുകൾക്ക് സഞ്ചരിക്കാൻ ഇത് ധാരാളം. (ഭാവിയിൽ മെട്രോ റെയിൽ ഒക്കെ വരുമ്പോൾ ഇത് വീണ്ടും ഏറെ ലളിതമാകും). നഗരം വളർന്നു കൊണ്ടിരിക്കുകയാണ്. 5 വർഷങ്ങൾക്കപ്പുറം 10 കിലോമീറ്റർ ദൂരം നഗരം തന്നെയാകും.

10. ഷാജി.എൻ.കരുണും, റസൂൽ പൂക്കുട്ടിയും ഒക്കെ ഉൾപ്പെട്ട ദീർഘ വീക്ഷണവും ഉൾക്കാഴ്ചയുള്ളവരുമായ ആളുകൾ അടങ്ങിയ ഒരു കമ്മിറ്റിയാണ് ഫെസ്റ്റിവൽ കോംപ്ലക്സിന്റെ ചുമതല എന്നത് ഏറെ പ്രത്യാശയും നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com