ട്രോളർമാരുടെ ശ്രദ്ധയ്ക്ക്…. എന്തുകൊണ്ട് സാക്ഷി..? എന്തുകൊണ്ട് സിന്ധു..?
ഒരു സുഹൃത്തിന്റെ പോസ്റ്റ് വാട്സ് ആപ്പി ൽ പ്രചരിക്കുന്നത് കണ്ടപ്പോഴാണ് ഇത് നമ്മൾ ചർച്ച ചെയ്യേണ്ടതാണെന്ന് ബോധ്യപ്പെട്ടത്. തം അബ്ദുൾ റഷീദിന്റെ പേരിൽ പ്രചരിക്കുന്ന വളരെ പ്രസക്തിയുള്ള വിഷയം പറയുന്ന വരികളുടെ കൂടെ ഞങ്ങൾ ഈ സ്റ്റോറി നിങ്ങൾക്കായി സമർപ്പിക്കുന്നു..
ഭ്രൂണഹത്യയും ദുരഭിമാനക്കൊലയും നടക്കുന്ന ഹരിയാനയിലെ റോത്തത്തിൽ ആയിരുന്നു സാക്ഷി മാലിക്കിന്റെ ജനനം. മകളെ ഗുസ്തിയിലേക്ക് ഇറക്കിയതിന് കുടുംബത്തിൽ നിന്ന് തന്നെ ഏറെ വിമർശനം കേൾക്കേണ്ടി വന്നു അച്ഛൻ സുഖ് വീർ മാലികിന്. എന്നാൽ ഈ വിമർശനങ്ങളെയെല്ലാം കാറ്റിൽ പറത്തിയിരിക്കുകയാണ് സാക്ഷി മാലിക്. കർണ്ണം മല്ലേശ്വരിയ്ക്കും സൈന നെഹ്വാളിനും മേരി കോമിനും ശേഷം ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഇന്ത്യൻ വനിതയാണ് സാക്ഷി മാലിക് . 58 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കിർഗിസ്ഥാന്റെ ഐസലു ടൈനിക്കോവയെ മലർത്തിയടിച്ചാണ് സാക്ഷി ഇന്ത്യയ്ക്ക് റിയോയിലെ ആദ്യ മെഡൽ സമ്മാനിച്ചത്. ഇൌ അടുത്തിറങ്ങിയ സല്മാന് ഖാന്റെ സുല്ത്താന് സിനിമയെ ഓർമിപ്പിക്കുന്നു സാക്ഷിയുടെ പ്രകടനം.
ലോക ഒന്നാം നമ്പർ താരം സ്പെയ്നിന്റെ കരോലിന മാരിനെതിരെ പൊരുതി തോറ്റാണ് സിന്ദു വെള്ളി നേടിയത് . ഹൈദരാബാദുകാരിയായ സിന്ദു സൈനയ്ക്കും ഗോപി ചന്ദിനും എത്തിപ്പിടിക്കാനാവാത്ത നേട്ടമാണ് കൈവരിച്ചത്. അത് കൊണ്ട് തന്നെ ഈ വെള്ളിക്ക് സ്വർണ്ണത്തേക്കാൾ തിളക്കമുണ്ട്. എന്നാല്,
എന്താണ് എന്നാല്..? നമുക്ക് അഭിമാനമായി രണ്ട് സ്ത്രീകളെ കിട്ടിയില്ലേ..? പിന്നെ എന്തിനാണ് ഒരു എന്നാൽ..?
ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായിട്ടാണ് ഇന്ത്യ റിയോയിലേക്ക് വിമാനം കയറിയത്. എന്നാൽ ലണ്ടൻ ഒളിമ്പിക്സിൽ കൈവരിച്ച നേട്ടം പോലും ഇന്ത്യയ്ക്ക് നേടാനായിട്ടില്ല. എവിടെയാണ് ഇന്ത്യയ്ക്ക് പിഴച്ചത്. അത് ലറ്റിക്സിലെ രഞ്ജിത് മഹേശ്വരിയുടെ പിഴവ് പരിശോധിക്കേണ്ടത് തന്നെയാണ്. ഇത്രയേറെ താരങ്ങളെ അയച്ചിട്ടും രണ്ട് മെഡൽ മാത്രമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.
ഇതിലും കുറച്ച് താരങ്ങളെ അയച്ച രാജ്യങ്ങൾ പോലും മെഡൽ നേട്ടത്തിൽ ഏറെ മുന്നിലാണ് . വിദേശ രാജ്യങ്ങളിലെ താരങ്ങളെ പരിശീലിപ്പിക്കുന്നത് പോലെ ചെറു പ്രായത്തിൽ തന്നെ അവരുടെ കഴിവുകൾ പുറത്തെത്തിക്കാനുള്ള ശ്രമമാണ് ഇന്ത്യയും നടത്തേണ്ടത്. വിദേശ നിലവാരമുള്ള സ്പോർട്സ് ഹോസ്റ്റ്ലുകളും സിന്തറ്റിക് ട്രാക്കുകളും നിർമിച്ചാൽ മാത്രമേ ഇനിയും മുന്നേറാൻ സാധിക്കൂ…
ഓരോ ജീവശ്വാസത്തിലും സ്പോർട്സിന്റെ സംസ്കാരവും വീര്യവും ഉള്ള നാടാണ് സ്പെയിൻ. കായികരംഗത്തെ ഉജ്വലനേട്ടങ്ങളിലൂടെ യൂറോപ്പിനേയും ലോകത്തെതന്നെയും അത്ഭുതപ്പെടുത്തിയ ജനതയാണ്. ഈ ഉജ്ജ്വല വിജയത്തിൽ മാരിന്റെ കഠിനാധ്വാനം പോലെ തന്നെ നാടിന്റെ വർഷങ്ങൾ നീണ്ട പിന്തുണയും പ്രോത്സാഹനവും ഉണ്ട്. പക്ഷെ, സത്യം പറയട്ടെ സാക്ഷിയും സിന്ധുവും ഒക്കെ അവരുടെ മാത്രമായ അധ്വാനംകൊണ്ട് ഒരു വെള്ളിയോ വെങ്കലമോ നേടുമ്പോൾ ഫേസ്ബുക്കിൽ ദേശാഭിമാന പോസ്റ്റ് ഇടും എന്നത് ഒഴിച്ചാൽ ഇന്ത്യക്കാർക്ക് എന്ത് ആത്മാർഥതയാണ് സ്പോർട്സിനോട് ഉള്ളത്. ഇന്ത്യക്ക് മെഡലു കിട്ടാത്തപ്പോ ട്രോളർമാർ കാണിച്ച ആവേശം നമ്മുടെ സമൂഹം കായിക രംഗത്തിന്റെ പ്രോൽസാഹനത്തിനും വികസനത്തിനും ഉപയോഗിച്ചിരുന്നെങ്കിലോ..
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസ്ഥയിലും സ്പെയിൻ സർക്കാർ ഫുട്ബോൾ ക്ലബുകളുടെ വികസനത്തിനായി ഫണ്ട് വകമാറ്റിയത് വിവാദമായിരുന്നു. ഇതേ സമയം ദേശീയ കായിക മാമാങ്കങ്ങൾക്ക് വകയിരുത്തിയ പണം പോക്കറ്റിലാക്കിയ രാഷ്ട്രീയ- ഉദ്യോഗസ്ഥ മേലാളന്മാരെ കുറിച്ചുള്ള വിവാദമായിരുന്നു ഇന്ത്യയിലുണ്ടായത്. ക്രിക്കറ്റിൽ പാകിസ്ഥാന് എതിരെ സിക്സർ അടിക്കുന്നതാണ് കായിക പ്രേമവും ദേശാഭിമാനവും എന്നാണ് ഇന്ത്യൻ ജനതയിൽ ഭൂരിഭാഗത്തിന്റെയും വിശ്വാസം. ക്രിക്കറ്റ് ടീം ഓരോ ടൂർണമെന്റ് വിജയിക്കുമ്പോഴും കോടികളാണ് സമ്മാനതുകയായി നൽകുന്നത്. എന്നാൽ ഇതേ പിന്തുണ മറ്റ് കായിക ഇനങ്ങൾക്ക് നൽകാറില്ല. എന്തിനേറെ പറയുന്നു ദേശിയ കായിക ഇനമായ ഹോക്കിക്ക് പോലും .
ആർത്തവകാലത്തു സ്ത്രീകൾ എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്നതാണ് ഇപ്പോൾ രാജ്യത്തെ ഒരു പ്രധാന സംവാദവിഷയം. സാനിയമിർസ കായിക വേഷത്തിൽ ടെന്നീസ് കളിക്കുന്നതിൽ പോലും പ്രതിഷേധം ഉള്ളവർ ഇവിടെ ഇപ്പോഴും ഉണ്ട്. പെണ്ണുങ്ങൾ വീടിനു പുറത്തു ഇറങ്ങുന്നത് മതപരമായി ശരിയാണോ?, അവർ ഓടിയാൽ ഗർഭപാത്രം ഇളകിപോകുമോ? പെണ്ണുങ്ങളെ അമ്പലത്തിലും പള്ളിയിലും കയറ്റണോ തുടങ്ങിയ വിഷയങ്ങളിൽ പോലും ഇന്ത്യ സ്വാതന്ത്ര്യം കിട്ടി 70 കൊല്ലമായിട്ടും ചർച്ച തുടരുന്നതെയുള്ളൂ. 12 ദിവസത്തെ മെഡൽ വരൾച്ച ട്രോളർമാരും വെറുതെ വിട്ടില്ല. നന്നായിട്ട് തന്നെ അവരും ആഘോഷിച്ചു. സൈനെയെയും അഭിനവ് ബിന്ദ്രയെയും ജിത്തു റായിയെയും വരെ തേച്ചു വിട്ടു. ഇന്ത്യൻ സ്ത്രീയുടെ അഭിമാനം ഉയർത്തിയ സിന്ധുവിനെ അഭിനന്ദിച്ചു ഒരു പോസ്റ്റും ദേശീയ പതാക വച്ച് മൂന്നും ട്രോളും കൂടി ഇടാനുണ്ട്.
സിന്ധുവിനും സാക്ഷിക്കും അഭിവാദ്യം അർപ്പിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുകൾ കണ്ട് 130 കോടി വരുന്ന ഈ മഹാരാജ്യത്തെ പ്രജകൾ ഒടുക്കത്തെ ദേശാഭിമാനികളും കായികപ്രേമികളും ആണ് എന്നൊന്നും ചിന്തിക്കരുത്. എന്തിനും ഏതിനും ട്രോളുന്ന സംസ്കാരം മാറ്റിയെടുത്തേ മതിയാകൂ. ഫുഡ്ബോളും ടെന്നിസും ബാഡ്മിന്റണും തൊട്ടു പത്തിരുപതു സ്പോർട്സ് ഇനങ്ങളിൽ എങ്കിലും ഒന്നാംതരം സർക്കാർ സഹായവും പിന്തുണയും പരിശീലന സൗകര്യങ്ങളും എല്ലാം വിദേശ രാജ്യങ്ങൾ നൽകാറുണ്ട്. എന്നാൽ ഇന്ത്യയ്ക്ക് ഇത് സ്വപ്നമാണ്. ഒരിക്കലും പൂർത്തീകരിക്കാൻ സാധിക്കാത്ത സ്വപ്നം .
കഴിവുകൾ ഉള്ളവരെ കണ്ടെത്തി വേണ്ട പിന്തുണയും പ്രോത്സാഹനവുമാണ് നമ്മൾ ഓരോ ഇന്ത്യക്കാരനും ഭരണകൂടവും നൽകേണ്ടത് . എന്നാൽ മാത്രമേ ഇന്ത്യയ്ക്ക് വരുന്ന ഒളിമ്പിക് വേദികളിൽ തലയുയർത്തി നിൽക്കാനാവൂ….
സാക്ഷരതയുടെ മാഹാസാഗരം നീന്തിക്കടന്ന കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. കായിക താരങ്ങൾക്ക് വേണ്ടി നിലവിലുള്ള ഹോസ്റ്റലുകളുടെ സൗകര്യങ്ങൾ നിരന്തരം വാർത്തയാണ് നമ്മുടെ നാട്ടിൽ. ദേശീയ താരങ്ങളായ മലയാളി കുട്ടികൾ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ പെട്ട് വേണ്ട പരിശീലനം പോലും ലഭിക്കാതെ ജീവിക്കുന്നുണ്ട്. എത്രയോ താരങ്ങളുടെ കായിക സ്വപ്നം സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നുണ്ട്..
സാക്ഷിയും സിന്ധുവും വെറും രണ്ട് ദിവസത്തെ ചർച്ച മാത്രമായി ഒതുങ്ങാതിരിക്കട്ടെ.. രാജ്യത്തിന്റെ കായിക സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ മുളക്കാൻ ഇനിയെങ്കിലും നല്ല നടപടികൾ ഉണ്ടാകട്ടെ..