പ്രളയം : കായലുകളില്‍ ഹൈഡ്രോഗ്രാഫിക് സര്‍വ്വെ തുടങ്ങി
വെബ് ഡസ്ക്
പ്രളയശേഷം കേരളത്തിലെ കായലുകളില്‍ മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജലഗാതാഗത വകുപ്പ് ഹൈഡ്രോഗ്രാഫിക് സര്‍വ്വെ തുടങ്ങി. കായലുകളില്‍ ഉണ്ടായ ആഴവ്യത്യാസം അറിയാന്‍ സാധിക്കുന്നതാണ് ഈ സര്‍വ്വെ.
പ്രളയത്തില്‍ കയര്‍, തടി, മരങ്ങള്‍ തുടങ്ങിയവ കായലുകളിലേക്ക് ഒഴുകിയെത്തുകയും ചിലയിടങ്ങളില്‍ മണല്‍ത്തിട്ടകള്‍ രൂപപ്പെടുകയും ഉണ്ടായിട്ടുണ്ട്. ഇത് ബോട്ട് സര്‍വ്വീസിന് കാര്യമായ കേടുപാടുകള്‍ വരുത്തി. ബോട്ടുകളുടെ പ്രൊപ്പല്ലര്‍ ലീഫ് ഒടിഞ്ഞുപോയ സംഭവം വരെ എറണാകുളം ഭാഗത്ത് ഉണ്ടായിട്ടുണ്ട്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനും കായലുകളില്‍ വന്ന മാറ്റം പഠിക്കുന്നതിനും സര്‍വ്വെയിലൂടെ സാധിക്കും.
പോര്‍ട്ട് ഡിപ്പാര്‍ട്ടിന്റെ കീഴിലാണ് സര്‍വ്വെ നടക്കുന്നത്. ആലപ്പുഴ ജില്ലയില്‍ പൊരുമ്പളം, ആലപ്പുഴ കനാല്‍, വേമ്പാടന്തറ, ചെറുകര, കൈനകരി, പള്ളിത്തോട്, അക്കാപ്പാറ തുടങ്ങിയ റൂട്ടുകളില്‍ സര്‍വ്വെ പൂര്‍ത്തിയാക്കി ജലഗതാഗത വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചമ്പക്കുളം, തകഴി, നെടുമുടി മേഖലയില്‍ സര്‍വ്വെ പുരോഗമിക്കുകയാണ്. മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി, എറണാകുളം, ബേപ്പൂര്‍, കൊല്ലം മേഖലകളിലും സര്‍വ്വെ നടക്കുന്നുണ്ട്.
സര്‍വ്വെ പൂര്‍ത്തിയായ ശേഷം ഇറിഗേഷന്‍ വകുപ്പ് ആവശ്യമായ സ്ഥലങ്ങളില്‍ കായലിന്റെ ആഴം കൂട്ടും. തുടര്‍ന്ന് വീണ്ടും സര്‍വ്വെ നടത്തി അളവ് പരിശോധിക്കും. മൂന്നോ നാലോ മീറ്റര്‍ ആഴമാണ് ബോട്ടുകള്‍ക്ക് സര്‍വ്വീസ് നടത്താന്‍ വേണ്ടത്.