അവര്‍ കേരളത്തിലേക്ക് വരുമ്പോള്‍..

Sharing is caring!

വെബ് ഡസ്ക് 

കേരളവും ബംഗാളും കൈപ്പിടിയിലൊതുക്കാതെ ഇന്ത്യയില്‍ ബിജെപി രാഷ്ട്രീയം പൂര്‍ണമാകില്ല എന്നാണ് കഴിഞ്ഞ ദിവസം അമിത്ഷാ പറഞ്ഞത്. അതെ, ഇനി അവര്‍ കേരളത്തിലേക്ക് വരികയാണ്. അല്ലെങ്കില്‍ പയറ്റിതെളിഞ്ഞ അടവുകള്‍ മാറ്റിപ്പിടിച്ച് കേരളത്തിലേക്ക് അവര്‍ എത്തിക്കഴിഞ്ഞു. “ത്രിപുര പിടിച്ചതുപോലെ കേരളം പിടിക്കാന്‍ ബിജെപിക്ക് നിഷ്പ്രയാസം സാധിക്കും. കേരളത്തിലെ മൊത്തം വോട്ടര്‍മാരുടെ 50 ശതമാനവും ഇന്നും ഇടതുപക്ഷത്തിനൊപ്പമാണെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധ വോട്ടുകളും ഏതാനും കോണ്‍ഗ്രസുകാരെയും ചാക്കിലാക്കിയാല്‍ കേരളത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്ക് സാധിക്കും.” ഈ ചിന്തയാണ് കേരളത്തിലെ ഇടതുപക്ഷത്തിനുള്ളതെങ്കില്‍ അത് തെറ്റി എന്നേ പറയാന്‍ സാധിക്കു. കാരണം, ബിഡിജെഎസ് ഉണ്ടാക്കിയും ആദിവാസി സംഘടനാ നേതാക്കളെ കൂടെ കൂട്ടിയും എന്‍ഡിഎ വിപുലീകരിച്ച ബിജെപിക്ക് കേരളത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ സാധിച്ചിരുന്നില്ല. അവിടെയാണ് സംഘപരിവാറിന്‍റെ പുതിയ തന്ത്രങ്ങള്‍ക്ക് കേരളം കാതോര്‍ക്കേണ്ടത്.

ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലാണ് ഇന്ന് ബിജെപി അധികാരത്തിലുള്ളത്. കോണ്‍ഗ്രസ് തങ്ങളുടെ മുഖമുദ്രയായ മതേതരത്വം ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ വളര്‍ത്താന്‍ ശ്രമിക്കാതെ അവിടെയുണ്ടായിരുന്ന ജാതി-മത രാഷ്ട്രീയത്തെ മുതലെടുത്താണ് അധികാരത്തില്‍ തുടര്‍ന്നത്. ആ രാഷ്ട്രീയം ആര്‍എസ്എസിന് വളമാവുകയായിരുന്നു. വികസനമെന്ന മുഖംമൂടിയും വര്‍ഗ്ഗീയതയെന്ന തന്ത്രവും ഒരുപോലെ കച്ചവടം ചെയ്താണ് ബിജെപി അധികാരത്തിലെത്തിയത്. ഭരണത്തിലെത്തിയ ശേഷം ഓരോ സംസ്ഥാനങ്ങളായി കൈപ്പിടിയിലൊതുക്കാന്‍ കേന്ദ്രഭരണമെന്ന സ്വാധീനവും ഓരോ സംസ്ഥാനത്തിന്‍റെയും രാഷ്ട്രീയ പശ്ചാത്തലവും ആര്‍എസ്എസും ബിജെപിയും മുതലാക്കിയിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരുടെയും എംപിമാരുടെയും കടുത്ത വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ സംഘപരിവാറിന് ചില സംസ്ഥാനങ്ങളില്‍ വോട്ടായി മാറുകയായിരുന്നു. സിപിഐഎമ്മിന്‍റെ ശക്തികേന്ദ്രമായ ത്രിപുരയില്‍ പോലും സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനും സവര്‍ണ വോട്ടുകള്‍ ശേഖരിക്കാനും ബിജെപിക്ക് സാധിച്ചു.

അങ്ങനെ നോക്കുമ്പോള്‍ കേരളത്തില്‍ ബിജെപി ഇനി എന്ത് തന്ത്രം മെനയും എന്നാണ് പലരും ചിന്തിക്കുന്നത്. ത്രിപുര ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ പയറ്റിയ തന്ത്രങ്ങള്‍ കേരളത്തില്‍ നേരത്തെ തന്നെ ബിജെപി മെനഞ്ഞുതുടങ്ങിയിരുന്നു. എന്നാല്‍ പലതും പരാജയപ്പെട്ടു. കോണ്‍ഗ്രസിന്‍റെ ദുര്‍ബലതയാണ് ബിജെപിയുടെ മുന്നേറ്റം എന്നത് കേരളത്തിലും ശരിയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ എക്കൗണ്ട് തുറക്കാനായത് കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രമായ മണ്ഡലത്തിലായിരുന്നു എന്ന് നാം ഈ അവസരത്തില്‍ ഓര്‍ക്കണം. കോണ്‍ഗ്രസിന്‍റെ ദുര്‍ബലതയെ മുതലെടുത്ത് കേരളത്തിലെ മുഖ്യപ്രതിപക്ഷം എന്ന പദവി അലങ്കരിക്കാനുള്ള വ്യഗ്രതയും ബിജെപിയില്‍ കാണാനുണ്ട്. ഈ സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ തന്നെ കോണ്‍ഗ്രസിലെ ചിലരെയെങ്കിലും ചാക്കിട്ടുപിടിക്കാന്‍ കേരളത്തിലും ബിജെപിക്ക് സാധിച്ചേക്കും. എന്നാല്‍ ഇതുകൊണ്ട് മാത്രം ബിജെപിക്ക് കേരളത്തിലെ ഭരണത്തിലെത്താനോ വലിയ ഇളക്കം ഉണ്ടാക്കാനോ സാധിക്കില്ല.

ഭരണത്തിലിരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ഇടതുപക്ഷത്തെ, പ്രത്യേകിച്ച് സിപിഐഎമ്മിനെതിരെ പ്രചരണം നടത്താന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. അടുത്തകാലത്തായി കേരളം പോലും അറിയാതെ നമ്മുടെ പുരോഗമന മനസില്‍ ബിജെപി ചില തന്ത്രങ്ങള്‍ നടപ്പിലാക്കുന്നുണ്ട്. ചില ഉദാഹരണങ്ങള്‍ നോക്കിയാല്‍ മനസിലാകുന്നത് കേരളത്തിലെ ജനങ്ങളുടെ പ്രത്യേകതയെ അവര്‍ മുതലെടുക്കാനുള്ള ശ്രമത്തിലാണ് എന്നാണ്. നവോത്ഥാന പ്രസ്ഥാനങ്ങളും പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഉണ്ടാക്കിയെടുത്ത പുരോഗമനപരമായ ആശയത്തില്‍ വിള്ളല്‍ വീഴ്ത്തുക എന്ന ദൗത്യമാണ് കേരളത്തില്‍ ഇപ്പോള്‍ സംഘപരിവാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ജനങ്ങളില്‍ ഇപ്പോഴും പോയകാലത്തിന്‍റെ ജീര്‍ണ്ണിച്ച ജാതിബോധവും മതചിന്തയും ഉണ്ട്. ഉള്ളിന്‍റെ ഉള്ളിലുള്ള ആ ചിന്തയെ പലപ്പോഴായി ഉണര്‍ത്താന്‍ ശ്രമിക്കുകയാണ് സംഘപരിവാര്‍. അത്തരം സാഹചര്യങ്ങളില്‍ ഇടതുപക്ഷം നിശബ്ദമാകുന്നതായാണ് അടുത്തകാലത്തായി കണ്ടുവരുന്നത്.

നവോത്ഥാനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമൊന്നുമല്ല, പ്രവാസികളാണ് കേരളത്തില്‍ മാറ്റം കൊണ്ടുവന്നത് എന്നതാണ് സംഘപരിവാര്‍ അടുത്തകാലത്തായി പ്രചരിപ്പിച്ചത്. പല പേരില്‍ സോഷ്യല്‍മീഡിയ വഴി നടത്തുന്ന ഈ പ്രചരണം ശരിയാണല്ലോ എന്ന് ഇടതുപക്ഷത്തിരിക്കുന്നവര്‍ വരെ ചിന്തിച്ചുപോയി. നവോത്ഥാനം തിരികൊളുത്തിയ വിദ്യഭ്യാസ ചിന്തയും കമ്മ്യൂണിസം പ്രാവര്‍ത്തികമാക്കിയ സാക്ഷരതാപ്രസ്ഥാനവുമൊക്കെയാണ് പ്രവാസത്തെ പ്രോത്സാഹിപ്പിച്ചത് എന്ന് ഒരു കമ്മ്യൂണിസ്റ്റ് നേതാവ് പറഞ്ഞപ്പോള്‍ ഈ പ്രചരണം താനെ അവസാനിച്ചു. പക്ഷെ, സംഘപരിവാര്‍ പ്രചരണം എത്തിയ അത്രയും പേര്‍ക്കിടയില്‍ ഈ സത്യം എത്തിയില്ല. പ്രതികരണങ്ങളില്‍ ഇടതുപക്ഷവും സിപിഎമ്മും വൈകുന്നിടത്തെല്ലാം സംഘപരിവര്‍ വിജയിക്കുന്നുണ്ട് എന്നതിലേക്കാണ് ഈ സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്.

മിശ്രവിവാഹങ്ങളെ മതംമാറ്റങ്ങളാക്കി കോടതികളില്‍ കയറ്റാനും മതംമാറ്റം കേന്ദ്രങ്ങള്‍ എന്ന പ്രചരണത്തിലൂടെ കേരളം മറന്നുവെന്ന് നടിക്കുന്ന ജാതി-മത ബോധത്തെ പുറത്തെടുക്കാനും സംഘപരിവാര്‍ അടുത്തകാലത്തായി ശ്രമം നടത്തി. ഐഎസ് റിക്രൂട്മെന്‍റുമായി ബന്ധപ്പെട്ടും ഇസ്ലാംവിരുദ്ധ മുദ്രാവാക്യം സാധാരണക്കാരായ, നിക്ഷ്പക്ഷമതികളായ ഹിന്ദുകുടുംബങ്ങളിലേക്ക് എത്തിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇടതുപക്ഷ അനുഭാവി കുടുംബങ്ങള്‍ പോലും ഇസ്ലാം-ഹിന്ദു വിവാഹങ്ങളോട് മുഖംചുളിക്കും എന്ന നിലയിലേക്ക് അവരുടെ പ്രചരണം വളരുകയാണ് ഉണ്ടായത്. എന്നാല്‍ ഇത്തരം പ്രചരണ തന്ത്രത്തിലെ വിജയം മനസിലാക്കി വര്‍ഗ്ഗീയകലാപങ്ങളിലേക്ക് കേരളത്തിലെ പല സ്ഥലങ്ങളെയും തിരഞ്ഞെടുത്തപ്പോള്‍ അതിനെ കേരളം ചെറുത്തുതോല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെയെല്ലാം ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രാദേശിക നേതൃത്വങ്ങള്‍ വിശ്വാസങ്ങളില്‍ ഇടപെടാന്‍ പേടിയോടെ മാറി നിന്നു. അഭിപ്രായങ്ങള്‍ പറയാതെയും ഇടപെടാതെയും മിണ്ടാതെ നിന്നു.

ത്രിപുരയില്‍ സിപിഐഎം അത്ര സജീവമല്ലാത്ത സോഷ്യല്‍മീഡിയ ബിജെപി വോട്ട് വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നത് നാം മറക്കരുത്. അടുത്തകാലത്തായി നടന്ന രണ്ട് പ്രചരണങ്ങള്‍ പരിശോധിച്ച് നോക്കാം. ആദിവാസി യുവാവ് മധുവിനെ ഒരുപറ്റം മലയാളികള്‍ അക്രമിക്കുന്നു. അയാള്‍ കൊല്ലപ്പെടുന്നു. മലയാളികളുടെ മാനസിക നിലയില്‍ വന്ന മാറ്റത്തെയാണ് ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നത്. അതിന് വേണ്ടത് ബോധവല്‍ക്കരണമാണ്. കേരളം ഒറ്റക്കെട്ടായി ഈ സംഭവത്തെ അപലപിച്ചു. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ കേരളത്തിലെ ആദിവാസികള്‍ പട്ടിണിയിലാണ് എന്ന മുദ്രാവാക്യത്തിനാണ് വലിയ സ്വീകാര്യത ലഭിച്ചത്. അത് സംഘപരിവാര്‍ കേന്ദ്രത്തില്‍ നിന്നും ഉണ്ടായതാണ്. സിപിഐഎം ഭരിക്കുന്ന കേരളത്തില്‍ കുറെ മുസ്ലീങ്ങള്‍ ചേര്‍ന്ന് ഒരു ആദിവാസിയെ കൊലപ്പെടുത്തി എന്നാണ് ദേശീയ തലത്തില്‍ ഇതേ സംഘപരിവാര്‍ പ്രചരിപ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ ആദിവാസികള്‍ക്ക് വേണ്ടി കോടികള്‍ ചിലവഴിക്കുന്നുവെന്നും അത് കേരള സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്നും മധു സംഭവം നടന്ന് രണ്ടാംദിവസം മുതല്‍ പ്രചരണം ആരംഭിച്ചു. അപ്പോഴാണ് എംബി രാജേഷ് എംപി കേരളത്തിലെ ആദിവാസികള്‍ക്കിടയില്‍ പട്ടിണിയില്ലെന്ന് തെളിയിക്കുന്ന വീഡിയോ സഹിതം രംഗത്തെത്തിയത്. ഇവിടെ എന്താണ് ആദിവാസികളുടെ യഥാര്‍ത്ഥ പ്രശ്നം എന്ന് ചര്‍ച്ച ചെയ്യാന്‍ കേരളം തയ്യാറായില്ല. പുരോഗമന കേരളം ആദിവാസികള്‍ പട്ടിണിയിലാണെന്ന സംഘപരിവാര്‍ അജണ്ട വിശ്വസിച്ച് പ്രൊഫൈല്‍ പിക്ചറുകള്‍ മാറ്റി. കേന്ദ്രസര്‍ക്കാര്‍ ആദിവാസി ഫണ്ടുകള്‍ വര്‍ഷംതോറും വെട്ടിക്കുറയ്ക്കുകയാണെന്ന് ഇടതുപക്ഷം പറഞ്ഞതും എത്രയോ ദിവസങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ്. ഇവിടെ കള്ളം പറഞ്ഞ് പ്രചരിപ്പിച്ച സംഘപരിവാര്‍, പ്രചരണ രംഗത്ത് മേല്‍ക്കൈ നേടി. യഥാര്‍ത്ഥ്യം പറയാതെ പോയ ഈ സംഭവം കേരളത്തിന്‍റെ പുരോഗമന മനസിന് വിള്ളള്‍ വീഴ്ത്താനുള്ള ശ്രമത്തിന്‍റെ ഒരു ഭാഗം മാത്രമാണ്.

ഏറ്റവും ഒടുവില്‍ ഒരു കലാകാരി ഒരു മാസികയുടെ പ്രചരണത്തിന്‍റെ ഭാഗമായി കുഞ്ഞിന് മുലകൊടുക്കുന്നന ചിത്രവുമായി വന്നതാണ് വിവാദവിഷയം. അവിടെയും കേരളത്തിന്‍റെ പുരോഗമന മനസിനെ ചിന്തിപ്പിക്കുന്ന നിലയലുള്ള ചര്‍ച്ചകള്‍ നടന്നില്ല. കുറെയാളുകള്‍ ഒന്നിച്ച് എതിര്‍ക്കുകയും സമൂഹത്തില്‍ ഒരുപോലെ ആ എതിര്‍പ്പിന്‍റെ ഇളക്കം ഉണ്ടാക്കുകയും ചെയ്യുക എന്ന സംഘപരിവാര്‍ രാഷ്ട്രീയ തന്ത്രമാണ് വിജയിച്ചത്. ഗൃഹലക്ഷ്മിയുടെ ആ ചിത്രം പത്ത് വര്‍ഷം മുമ്പാണ് വന്നതെങ്കില്‍ അതിലെ രാഷ്ട്രീയം കേരളം ചര്‍ച്ച ചെയ്യുമായിരുന്നു. എന്നാല്‍ ഇന്ന് കേരളം ചര്‍ച്ച ചെയ്യുന്നത് അതിലെ മോഡലിനെ കുറിച്ചും അമ്മ കുഞ്ഞിന് മുല കൊടുക്കുന്നത് ഇങ്ങനയല്ല എന്നൊക്കെയുള്ള അരാഷ്ട്രീയതയാണ്. ഞാന്‍ നേരത്തെ പറഞ്ഞ കേരളത്തിന്‍റെ പുരോഗമന മനസിന് വിള്ളല്‍ വീണുകൊണ്ടിരിക്കുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇത്തരം വിവാദങ്ങളോട് മുഖംതിരിച്ചുനില്‍ക്കാതെ അതാത് സമയങ്ങളില്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും സോഷ്യല്‍മീഡിയകളിലൂടെ ഓരോ വിഷയത്തിലും പുരോഗമന ആശപ്രചരണം നടത്താനും ഇനിയെങ്കിലും തയ്യാറകണമെന്ന് ത്രിപുരയില്‍ നിന്ന് കേരളത്തിലേക്ക് നോക്കുമ്പോള്‍ ഓര്‍മ്മപ്പെടുത്തുകയാണ്.

കോണ്‍ഗ്രസിനെ ചാക്കിട്ടു പിടിച്ചും സംഘപരിവാര്‍ രാഷ്ട്രീയം പറഞ്ഞും ബിജെപിക്ക് കേരളത്തില്‍ വളരാന്‍ സാധിക്കില്ല.  അവിടെയാണ് നിസാരമെന്ന് തോന്നാവുന്ന ഇത്തരം സംഭവങ്ങളിലെ അരാഷ്ട്രീയ പ്രചരണവും രാഷ്ട്രീയ മുതലെടുപ്പും കേരളത്തിനെ ഹൈജാക്ക് ചെയ്യാനുള്ള ചില തന്ത്രങ്ങളുടെ ഭാഗമാണെന്ന് മനസിലാക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com