നടതുറക്കും മുൻപെ ഭീതിപരത്തിത്തുടങ്ങി : ഇനി എന്തെന്ന് ചരിത്രം പറയും

Sharing is caring!

ചാരു

ശബരിമല യുവതീ പ്രവേശനത്തെ രാഷ്ട്രീയ ആയുധമാക്കി വിശ്വാസികളായ ജനങ്ങളെ തമ്മില്‍ ഭന്നിപ്പിച്ച് കേരളരാഷ്ട്രീയത്തിൽ തന്നിടങ്ങളുണ്ടാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. വരും ദിവസങ്ങളില്‍ കേരളത്തിൽ അവർ ചെയ്യാനിരിക്കുന്നതും വര്‍ഗ്ഗീയതയുടെ പുതിയ മുഖം തന്നെയാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 

നാളെ (5.11.2018) വൈകിട്ട് ശബരിമലനട ഭക്തര്‍ക്ക് വേണ്ടി വീണ്ടും തുറക്കുകയും വിശേഷ പൂജകള്‍ക്ക് ശേഷം ആറാം തിയതി വൈകിട്ടോടെ നട അടയ്ക്കുകയും ചെയ്യും. ഇതിന് ശേഷം നാല്‍പ്പത്തൊന്ന് ദിവസത്തെ മണ്ഡലകാലത്തിന് നവംബർ 14 ന് തുടക്കമാകും. നവംബർ ഏഴാം തീയതി മുതൽ കേരളത്തിൽ രഥയാത്ര നടത്താനും സ്ത്രീകളെ അണിനിരത്തി പ്രതിഷേധം കടുപ്പിക്കാനും സംഘപരിവാർ ഒരുങ്ങുകയാണ്. ഇതിനായി നുണ പ്രചരണം മാത്രമല്ല, ഭീതി പരത്താനും ശ്രമം തുടങ്ങിയിരിക്കുന്നു. അധികാരം പിടിക്കുന്നതിനായി സംഘപരിവാർ പയറ്റിത്തെളിഞ്ഞ തന്ത്രങ്ങളാണിതെന്ന് ചരിത്രം പറയുന്നു.  

1992 ഡിസംബര്‍ 6 ന് എങ്ങനെയാണോ സംഘപരിവാർ ഭീകരത ബാബറി മസ്ജിദ് തകര്‍ക്കുകയും ഇന്ത്യൻ രാഷ്ട്രീയത്തില്‍ ബി.ജെ.പി അത് വരെ ഇല്ലാത്ത തരത്തില്‍ സ്വന്തമായൊരിടം ഉണ്ടാക്കുകയും ചെയ്തത് അതിന് സമാനമായ നീക്കങ്ങൾ കേരള രാഷ്ട്രീയത്തിൽ ഇടം പിടിക്കാനും അവർ നടത്തുന്നു എന്ന് സാരം. 

അയോദ്ധ്യയിലെ തര്‍ക്കഭൂമിയിലുണ്ടായിരുന്ന ബാബറി മസ്ജിദ് പൊളിക്കപ്പെട്ടതിലൂടെ രാജ്യത്തിന്റെ പല ഭാഗത്തും വര്‍ഗീയകലാപങ്ങളുണ്ടാക്കാനും ഗുജറാത്ത്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ വര്‍ഗ്ഗീയകലാപങ്ങൾ നടത്താനും 1992 ൽ സംഘപരിവാറിന് സാധിച്ചിരുന്നു. 564 ആള്‍ക്കാരെങ്കിലും ഇതോടനുബന്ധിച്ച് നടന്ന വര്‍ഗ്ഗീയകലാപങ്ങളില്‍ മരിക്കുകയും, നിരവധി പേരെ കാണാതാവുകയും അതിലേറെ ആളുകള്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

ഉത്തര്‍പ്രദേശിലെ അയോദ്ധ്യയിൽ 400 വര്‍ഷത്തിലധികം പഴക്കം കണക്കാക്കുന്ന ആരാധനാലയമായിരുന്ന ബാബറി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി എൽ.കെ. അദ്വാനി 1990-ല്‍ നടത്തിയ രഥയാത്രയാണ് രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധങ്ങളിൽ ഒന്നായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടത്. രാമരഥയാത്ര എന്ന് അറിയപ്പെട്ടിരുന്ന ഈ യാത്ര അദ്വാനിയുടെ രാഷ്ട്രീയജീവിതത്തിന്റെ നാഴികക്കല്ലായി മാറി. 

ഉത്തര്‍പ്രദേശ് മന്ത്രിസഭയിൽ അത് വരെ രണ്ട് എം.പിമാര്‍ മാത്രം ഉണ്ടായിരുന്ന ബിജെപിക്ക് വാജ്പേയുടെ നേത്വത്തില്‍ 13 ദിവസം ഭരിക്കാൻ അവസരം ലഭിക്കുന്നത് ബാബറി മസ്ജിദ് തര്‍ക്കപ്പെട്ടതിന് ശേഷമാണ്. ഇടക്കാല തിരഞ്ഞെടുപ്പില്‍ മുന്നണി ഉണ്ടാക്കാൻ സംഘപരിവാറിനെ അന്ന് സഹായിച്ചതും രഥയാത്ര തന്നെ. പിന്നീടിങ്ങോട്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിൽ ബി.ജെ.പി ഉണ്ടാക്കിയെടുത്ത എല്ലാ നേട്ടങ്ങളുടെയും തുടക്കം 1990 ലെ ഈ ഒരൊറ്റ സംഭവം മാത്രമെന്ന് പഠനങ്ങള്‍ അവകാശപ്പെടുന്നു. 

1990 സെപ്തംബർ 25ന് തുടങ്ങി ഒക്ടോബര്‍ 30ന് അയോധ്യയില്‍ അവസാനിക്കുക എന്ന ലക്ഷ്യവുമായാണ് ഈ യാത്ര ആസൂത്രണം ചെയ്യപ്പെട്ടത്. സോമനാഥക്ഷേത്രത്തില്‍ നിന്നായിരുന്നു ഈ യാത്രയുടെ തുടക്കം. ഒക്റ്റോബർ 23-ന് ബിഹാറിലെ സമസ്തിപൂർ എന്ന സ്ഥലത്തുവച്ച് എൽ.കെ. അദ്വാനി അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് യാത്ര അവസാനിച്ചത്. ആദ്യം പദയാത്രനടത്താനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പ്രമോദ് മഹാജന്റെ നിര്‍ദ്ദേശപ്രകാരം അദ്വാനി രഥയാത്ര നടത്താനുള്ള തീരുമാനത്തില്‍ എത്തുകയായിരുന്നു.  

ഹൈന്ദവരുടെ ആരാധനാമൂര്‍ത്തിയായ ശ്രീരാമന്റെ ജന്മസ്ഥലത്ത് ഉണ്ടായിരുന്ന ക്ഷേത്രം മസ്ജിദായി പരിവര്‍ത്തിപ്പിക്കപ്പെട്ടതാണെന്ന വിശ്വാസം അന്ന് ബാബറി മസ്ജിദിനെ ചൊല്ലി നിലവിലുണ്ട്. ഇക്കാരണത്താലുള്ള തര്‍ക്കം മൂലം ആരാധനാലയം ഏറെക്കാലം അടച്ചിട്ടിരിക്കുകയായിരുന്നു. തര്‍ക്കം, നിയമത്തിനു മുമ്പില്‍ പരിഹാരമാവാതെ കിടക്കുകയായിരുന്നതിനാൽ തര്‍ക്കമന്ദിരം എന്ന വാക്കാണ് ഈ ആരാധനാലയത്തെക്കുറിച്ച് പരാമര്‍ശിക്കുവാന്‍ ഉപയോഗിച്ചിരുന്നത്.

തകര്‍ക്കപ്പെടുന്നതിന് മുന്‍പ്, ഉത്തര്‍പ്രദേശത്തെ ഏറ്റവും വലിയ പള്ളികളിലൊന്നായിരുന്നു ഇത്. ബാബറുടെ നിര്‍ദ്ദേശപ്രകാരം ഒരു രാമക്ഷേത്രം തകര്‍ത്താണ് മിര്‍ ബകിനിര്‍മ്മിച്ചത് എന്ന് ബ്രിട്ടീഷ് ഓഫീസര്‍ എച്ച്.ആര്‍.നെവില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വിഭജിച്ചു ഭരിക്കല്‍ നയത്തിന്റെ ഭാഗമായി ഹിന്ദു-മുസ്ലിം വിഭജനത്തിനും സംഘട്ടനത്തിനുമായാണ് ഈ റിപ്പോര്‍ട്ടെന്നും അഭിപ്രായമുണ്ട്.

രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.ബിയുടെ പഴയ ഉദ്യോഗസ്ഥനായ കൃഷ്ണധര്‍ 2005-ല്‍ എഴുതിയ ഒരു ബുക്കില്‍ തര്‍ക്കമന്ദിരം തകര്‍ക്കൽ 10 മാസം മുന്‍പേ ആര്‍.എസ്.എസ്, വി.എച്.പി, ബി.ജെ.പി നേതാക്കൾ ആസൂത്രണം ചെയ്തിരുന്നു എന്നും അന്നത്തെ പ്രധാന മന്ത്രിയായിരുന്ന നരസിംഹറാവു ഇത് കൈകാര്യം ചെയ്ത രീതി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു എന്നും പറയുന്നു. താന്‍ സംഘപരിവാറിന്റെയും ബി.ജെ.പിയുടെയും കൂടിക്കാഴ്ച ചിത്രീകരിച്ചിരുന്നുവെന്നും അതിൽ നിന്നും ഡിസംബറിൽ നടക്കാനുള്ള തകര്‍ക്കൽ മനസ്സിലാക്കാമായിരുന്നു എന്നും പറയുന്നു. ഈ ടേപ്പ് പിന്നീട് ഉയര്‍ന്ന അധികാരിക്ക് കൈമാറുകയും അതിലെ ഉള്ളടക്കം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അറിഞ്ഞിരിക്കണം എന്നും അദ്ദേഹം അവകാശപ്പെടുന്നു. അയോധ്യയിലെ സംഭവം നിശ്ശബ്ദമായി ഒരു രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിച്ചു എന്നും ലേഖകന്‍ പറയുന്നുണ്ട്.

42 ഹിന്ദു സംഘടനകളെ കൂട്ട് പിടിച്ച ഉത്തരേന്ത്യൻ മാതൃകയിൽ സംഘപരിവാർ കേരളത്തില്‍ നടത്താനിരിക്കുന്നത് സമാനമായൊരു വര്‍ഗ്ഗീയ യുദ്ധം തന്നെയാണ് എന്ന് ചരിത്രം നമുക്ക് കാട്ടിത്തരുന്നു. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ രഹസ്യ ഒത്താശകൾ അന്ന് എങ്ങിനെ ആണോ കല്യാണ്‍സിംങ് സര്‍ക്കാരിലൂടെ സംഘപരിവാറുകാര്‍ക്ക് അനുകൂലമായി മാറിയത് അതേ പിന്തുണ ഇന്നും കേരളത്തിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്നും ആര്‍.എസ്.എസ്, സംഘപരിവാര്‍ നേതൃത്വത്തിന് ലഭിക്കുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്.

കേരളത്തില്‍ എട്ട് ശതമാനം പ്രാതിനിത്യം മാത്രം ഉണ്ടായിരുന്ന ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍  നിന്നും 13 ശതമാനത്തിലേക്കുള്ള ബി.ജെ.പിയുടെ വളര്‍ച്ചയെ നിസ്സാര വൽകരിക്കാൻ ഇനിയും കേരളത്തിന് സാധിക്കില്ല. ഈ വളര്‍ച്ചയിൽ അവര്‍ക്ക് കിട്ടിയ വോട്ടുകളിൽ ഭൂരിപക്ഷവും  കോണ്‍ഗ്രസ്സിന്റെതാണെന്ന് പറയുമ്പോഴും കമ്മ്യൂണിസ്റ്റ് പ്രാധിനിത്യം അതില്‍ ഇല്ലെന്ന് ഉറപ്പിക്കാൻ കഴിയില്ല. 

ശബരിമല യുവതീ പ്രവേശനം കൃത്യമായി രാഷ്ട്രീയ ആയുധമാക്കുക വഴി കമ്മ്യുണിസ്റ്റ് വിശ്വാസി സമൂഹത്തെ കൂടെ നിര്‍ത്താനും അവരിൽ സംശയമുണ്ടാക്കാനും സംഘപരിവാറിന് സാധിച്ചിട്ടുണ്ട്. വിശ്വാസത്തെ സംരക്ഷിക്കാനെന്ന വ്യാജേന ഭക്തിയെ മറയാക്കി കേരളത്തിൽ രാഷ്ട്രീയ ഹിന്ദുത്വത്തെ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആണ് അണിയറയില്‍ നടക്കുന്നത്. വരാനിരിക്കുന്ന മണ്ഡലകാലത്ത് പ്രതിഷേധത്തിന് സ്ത്രീകളെ അണി നിരത്തുക എന്നതിലും കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ട്. 

വരും ദിവസങ്ങളില്‍ സംഘപരിവാർ നടത്താനിരിക്കുന്ന തന്ത്രങ്ങളായ രഥയാത്രയും വിശ്വാസികളായ സ്ത്രീകളെ അണിനിരത്തിയുള്ള  പ്രതിഷേധവും കേരള രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം അതിനിര്‍ണ്ണായകമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com