കുട്ടനാടിന് സംഭിവിച്ചതും മാധ്യമങ്ങള്‍ കാണാത്തതും: ഗോപകുമാര്‍ മുകുന്ദന്‍

Sharing is caring!

ഗോപകുമാര്‍ മുകുന്ദന്‍ 

കുട്ടനാട്ടിലെ വികസനപ്രവർത്തനങ്ങളുടെ ദിശ എന്തായിരുന്നു? ഒരു ഡെൽറ്റാ പ്രദേശമായ ആദിമകുട്ടനാട്ടിൽ പല ഘട്ടങ്ങളിലായി മനുഷ്യർ നടത്തിയ ഇടപെടലാണ് വികസന പ്രവർത്തനങ്ങളായി വന്നത്. തുടക്കത്തിൽ ഇത് പരിസ്ഥിതിയ്ക്ക് വലിയ പരിക്കേൽപ്പിക്കാതെയാണ് ഇത് നടന്നത്. എന്നാൽ പിന്നീട് ആവശ്യങ്ങൾ മാറി. ഇടപെടലിന്റെ സ്വഭാവവും മാറി.


പമ്പ, മണിമല, അച്ചൻകോവിൽ, മീനച്ചിൽ എന്നീ നദികൾ വന്നു ചേരുന്ന പ്രദേശമാണ് കുട്ടനാട്. ഈ നദികളുടെ ഒരു ഡെൽറ്റാ പ്രദേശമാണ് ആദിമകുട്ടനാടെന്നു പറയാം. വിശാലമായൊരു ഭൂപ്രദേശമാണിത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലായി വിശാലമായ ഒരു സവിശേഷ പാരിസ്ഥിതിക വ്യവസ്ഥ. ഈ നദികളിലൂടെ ഒഴുകിയെത്തുന്ന ജലം വേമ്പനാട് കായലിലൂടെ കൊച്ചി അഴിമുഖത്തേയ്ക്ക് ഒഴുകി മാറും. നദികളിലെ നീരൊഴുക്ക് കുട്ടനാടിന്റെ പാരിസ്ഥിതിക സന്തുലനത്തിൽ സുപ്രധാനമാണ്. ഒഴുക്ക് കൂടുകയും കുറയുകയും ചെയ്യുന്നതിനനുസരിച്ച് കുട്ടനാട്ടിലേയ്ക്കുള്ള ഓരുകയറ്റത്തിലും വ്യത്യാസം വരും. ഇടവപ്പാതിയ്ക്കും തുലാവർഷത്തിലും പെയ്യുന്ന മഴ കുട്ടനാടിലേയ്ക്കുള്ള നീരൊഴുക്കിൽ വൻ വർദ്ധനവ് വരുത്തി. ഈ ഉയർന്ന നീരൊഴുക്ക് പാടങ്ങളിലേയ്ക്കും അൽപ്പം ഉയർന്ന പറമ്പുകളിലേയ്ക്കുമെല്ലാം പരന്നൊഴുകും. അതുകൊണ്ടുതന്നെ വെള്ളപ്പൊക്കം ഒരു വാർഷിക പ്രതിഭാസമായിരുന്നു.

ഇന്നുള്ള കുട്ടനാടിനെ അപ്പർ കുട്ടനാട്, ലോവർ കുട്ടനാട്, പുറക്കാടുകരി, വൈക്കംകരി എന്നിങ്ങനെ തിരിക്കാം. ഈ ഓരോ മേഖലയിലും വിവിധ കാലങ്ങളിൽ വ്യത്യസ്തങ്ങളായ വികസന ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്.

കൂടുതൽ നെൽകൃഷിയ്ക്കുവേണ്ടി കായൽ ബണ്ടുകുത്തിയെടുത്ത് കൃഷിനിലങ്ങളാക്കിയതാണ് ആദ്യത്തെ പ്രധാന വികസന ഇടപെടൽ. ലോവർ കുട്ടനാട് അല്ലെങ്കിൽ കോർ കുട്ടനാട്ടിലാണ് ഇങ്ങനെ ഏതാണ്ട് 13,000 ഹെക്ടർ കായൽ നികത്തി കൃഷിയിടമാക്കിയത്. ഒരുപ്പു കൃഷിയായിരുന്നു അവിടുത്തെ രീതി. വെള്ളപ്പൊക്കക്കാലത്ത് അധികജലം പരന്നൊഴുകാൻ പാകത്തിൽ കായൽ നിലങ്ങൾ തരിശ്ശിടും. വ്യാപാകമായ ഈ നികത്ത് പിന്നീട് നിർത്തേണ്ടി വന്നു. ഒരുപ്പു കൃഷി ഇരുപ്പു ആക്കാനും വെള്ളപ്പൊക്കം നിയന്ത്രിക്കാനും ഗതാഗതം സുഗമമാക്കാനും കുടിവെള്ളലഭ്യത വർദ്ധിപ്പിക്കാനും ലക്ഷ്യംവച്ചുള്ള കുട്ടനാട് ഡെവലപ്പ്മെന്റ് സ്കീമായിരുന്നു പിന്നീടുണ്ടായ പ്രധാന സംഘടിത വികസന ഇടപെടൽ. ആലപ്പുഴ – ചങ്ങനാശ്ശേരി റോഡും അമ്പലപ്പുഴ – തിരുവല്ല റോഡും തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയുമെല്ലാം ഇങ്ങനെ വന്നതാണ്. എന്നാൽ ഇതിന്റെ ഭാഗമായി വിഭാവനം ചെയ്യപ്പെട്ട നീരൊഴുക്ക് സുഗമമാക്കാനുള്ള ആലപ്പുഴ – ചങ്ങനാശ്ശേരി കനാലും മറ്റു ജലനിർഗ്ഗമന മാർഗ്ഗങ്ങളും അവഗണിക്കപ്പെട്ടു. കുടിവെള്ള പദ്ധതിയാവട്ടെ ഓർമ്മയിൽ നിന്നേ മാഞ്ഞു എന്നുവേണം പറയാൻ. വികസന പ്രവർത്തനങ്ങളിലെ സുസ്ഥിരത ഒരു പരിഗണനയായിരുന്നില്ലായെന്നുവേണം കരുതാൻ.

ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിനെയും അമ്പലപ്പുഴ – തിരുവല്ല റോഡിനെയും ബന്ധപ്പെടുത്തി ഒട്ടനവധി ഗ്രാമീണ റോഡുകൾക്ക് ഡിമാന്റ് ഉയർന്നുവന്നതും വളരെ സ്വാഭാവികമായിരുന്നു. റോഡ് നിർമ്മിക്കുകയെന്നതിൽ ശ്രദ്ധവച്ച അധികാരികൾ നീരൊഴുക്ക് നിലനിർത്തിക്കൊണ്ട് അത് ചെയ്യണമെന്നതിൽ അലംഭാവം കാട്ടി. വർഷകാലത്ത് ഒഴുകിക്കയറുന്ന വെള്ളം ഇറങ്ങിപ്പോകാതെ കെട്ടി നിന്ന് നിരവധി പ്രതിസന്ധികൾ സൃഷ്ടിക്കുന്ന അവസ്ഥയായി. പാടങ്ങൾക്ക് കരിങ്കൽ ബണ്ടുകൾ കെട്ടി വെള്ളക്കയറ്റം തടയാൻ മാർഗ്ഗങ്ങൾ തേടുകയായിരുന്നു പിന്നീട്. കെ.എൽ.ഡി.സി ബണ്ടുകളുടെ ആവിർഭാവം അങ്ങനെയാണ്. ഇത് വലിയ അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കും വളം വച്ചു. വായ്പയെടുത്ത കർഷകർ ക്രമേണ കടക്കെണിയിലുമായി. സുഗമമായ നീരൊഴുക്ക് തടയപ്പെട്ടതോടെ ഫ്ലാഷ് ഫെഡ്ഡുകൾ സാധാരണമായി. ഈ ഘട്ടത്തിലാണ് ഡച്ച് വാട്ടർ ബാലൻസ് സ്റ്റഡി നടക്കുന്നത്. കുട്ടനാട്ടിൽ നടന്ന ഏറ്റവും സമഗ്രമായ പഠനമായിരുന്നു ഇത്. പക്ഷെ നിർദ്ദേശങ്ങളും പലതും അപ്രായോഗികങ്ങളായിരുന്നു. അതും ഫലത്തിൽ കുട്ടനാടിന്റെ പാരിസ്ഥിതിക തകർച്ചയ്ക്ക് പരിഹാരമായില്ല.

ഇതേസമയം, കുട്ടനാട് അതിദ്രുതം നഗരവൽക്കരണത്തിന്റെ പ്രവണതകൾ പ്രകടമാക്കാൻ തുടങ്ങി. ഉൾനാട്ടിൽപ്പോലും കടന്നുവന്ന റോഡുകൾ നിലം നികത്തലിന് വലിയ തോതിൽ പ്രേരകമായി. അതുവീണ്ടും നീരൊഴുക്കിനെ തടയുന്ന സ്ഥിതിയും വന്നു. നേരത്തെ പറഞ്ഞിട്ടുള്ളതുപോലെ പ്രകൃതി നിരന്തരം നോട്ടീസുകൾ നൽകി. മത്സ്യരോഗം, താറാവ് രോഗം അങ്ങനെ പലതും. കൃഷി ക്രമേണ അനാകർഷകമായിത്തുടങ്ങി. ഹരിതവിപ്ലവത്തിന്റെ അനുരണനങ്ങൾ അടിച്ച കുട്ടനാട്ടിൽ സ്വാഭാവികമായും രാസവള ഉപയോഗം വർദ്ധിച്ചു. കൃമികീടങ്ങളുടെ വർദ്ധന അമിത കീടനാശിനി പ്രയോഗത്തിലേയ്ക്കും വഴിവച്ചു. യുക്തിസഹമായും ശാസ്ത്രീയമായും കൃഷി ക്രമപ്പെടുത്തുകയെന്നത് അപ്പോഴും ഒരു നയനിലപാടായി ഉയർന്നുവന്നില്ല. ഒറ്റപ്പെട്ട കാൽപ്പനിക പ്രകൃതി കൃഷി പരീക്ഷണങ്ങളല്ലാതെ മറ്റൊന്നും ഒരു രാഷ്ട്രീയ അജണ്ടയായി ഉയർന്നില്ല.

ഈ ഘട്ടമെത്തിയപ്പോഴേയ്ക്കും കുട്ടനാട് ഒരു പാരിസ്ഥിതിക ദുരന്തത്തിലേയ്ക്ക് നീങ്ങുകയാണെന്ന ധാരണ പ്രബലമായി. വികലവികസനത്തിന്റെ പഠനാന്വേഷണ കേന്ദ്രമായി കുട്ടനാട് മാറി. അതിനപ്പുറം സാർത്ഥകമായ ഇടപെടലുകളൊന്നും ഉണ്ടായുമില്ല. തണ്ണീർമുക്കം ബണ്ട് വേമ്പനാട്ടിലേയ്ക്കും കുട്ടനാട്ടിലേയ്ക്കുമുള്ള ഓരുവെള്ള കയറ്റത്തെ ഗണ്യമായി തടഞ്ഞു. ഇത് കളകളുടെ വർദ്ധനയ്ക്ക് കാരണവുമായി. തണ്ണീർമുക്കവും തോട്ടപ്പള്ളിയും കൃഷിയെ എത്ര പ്രോത്സാഹിച്ചുവെന്ന കണക്കെടുപ്പ് ഇന്നും കാര്യമായൊന്നും നടന്നിട്ടില്ല.

ഈ ഘട്ടത്തിൽ ആലപ്പുഴ നഗരത്തിനും വലിയ പരിവർത്തനങ്ങൾ വന്നു. ഒരു തുറമുഖ നഗരമായി പിറവിയെടുത്ത ആലപ്പുഴ പട്ടണം കൊച്ചി തുറമുഖത്തിന്റെ പ്രൌഡി ഉയർന്നതോടെ കാര്യമായി ഒന്ന് മങ്ങിയിരുന്നു. പിന്നീട് നഗരം കേന്ദ്രകരിച്ചുള്ള വൻകിട കയർ വ്യവസായ ഫാക്ടറികളുടെ പട്ടണമായി മാറി. ഈ പ്രൌഡിയും പിന്നെ പോയി മറഞ്ഞു. ടൂറിസമാണ് നഗരത്തിന്റെ പുതിയകാല പ്രവർത്തനം. പ്രതിവർഷം രണ്ടരലക്ഷം യാത്രികർ വേമ്പനാട് കാണാനും പുരവഞ്ചി തുഴയാനും മാത്രമായി ആലപ്പുഴയിൽ എത്തുന്നുണ്ട്. ഇവരെല്ലാം വേമ്പനാട്ടിലേയ്ക്കും കുട്ടനാട്ടിലേയ്ക്കുമാണ് പോകുന്നത്. ആലപ്പുഴയുടെയും കുട്ടനാടിന്റെയും ഒരു മുഖ്യസാമ്പത്തിക പ്രവർത്തനമായി ടൂറിസം മാറിയിട്ടുണ്ട്. ഇപ്പോഴും ഉത്തരവാദിത്തത്തോടെ ഈ ടൂറിസം മേഖല വികസിപ്പിക്കുകയെന്നത് ഒരു പരിപാടി ആയതേയില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കായലിന്റെ നടുക്ക് ഒരു ഫ്ലോട്ടിംഗ് വിമാനത്താവളം (ജലവിമാനത്താവളം) കൊണ്ടുവരാൻ ശ്രമിച്ചത് ഓർക്കുമല്ലോ? ഏറ്റവും ലെജിറ്റിമേറ്റായ ഒരു കായൽ കൈയ്യേറ്റമായാണ് അധികാരികൾ ഇതിനെ വിശേഷിപ്പിച്ചതെന്നത് മറക്കരുത്.

ഇത് ഇവിടെ തൽക്കാലം അവസാനിപ്പിക്കാം. ഒന്നു പറയാനാണ് ഇത്രയും എഴുതിയത്. കുട്ടനാട്ടിൽ നടന്നിട്ടുള്ള മാറ്റങ്ങൾ ഏതെങ്കിലും ഒരു വ്യക്തിയുടെയോ ഒരു കമ്പനിയുടെയോ ഒറ്റപ്പെട്ട ചെയ്തിയായി പറയുന്നത് ചരിത്ര നിഷേധമാണ്. മാധ്യമങ്ങൾക്ക് അത്രയും ഹ്രസ്വദൃഷ്ടിയേ ആവശ്യമുണ്ടാകൂ. എന്നാൽ സമൂഹത്തിന് അതുപോരാ. ഈനില തുടർന്നാൽ ദുരിതങ്ങളിൽ നിന്ന് ദുരന്തത്തിലേയ്ക്ക് നീങ്ങുക മാത്രമാവും ഫലം. കുട്ടനാടിന്റെ പരിസ്ഥിതി പുനസ്ഥാപനത്തിനായി കൊണ്ടുവന്ന സ്വാമിനാഥൻ പാക്കേജ് കായലിൽ കോൺക്രീറ്റ് ഭിത്തികൾ നിർമ്മിക്കുന്നതിനുള്ള ഒരു ദുരന്തമാക്കി പര്യവസാനിപ്പിച്ചത് എങ്ങനെയെന്ന് നോക്കിയാൽ വേമ്പനാട്ടിലെ നയരാഹിത്യത്തിന്റെ ആഴം നമുക്ക് മനസിലാകും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com