മലയോര ഹൈവേ : പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു
വെബ് ഡസ്ക്
സംസ്ഥാനത്ത് ആറിടങ്ങളില്‍ മലയോര ഹൈവേ നിര്‍മ്മാണപ്രവൃത്തി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. കാസർഗോഡ് നന്ദാരപടവു നിന്നും തിരുവനന്തപുരം പാറശാല വരെ 1251 കിലോ മീറ്റർ നീളത്തിലാണ് മലയോര ഹൈവെ നിർമ്മിക്കുന്നത്. ഇതില്‍ കാസര്‍ഗോഡ്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പ്രവൃത്തികൾ ആരംഭിച്ചുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സംസ്ഥാനത്തെ മലയോര മേഖലയുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിന് വിരാമമാകുന്നുവെന്നും മലയോര മേഖലയുടെ വികസനത്തിന് സഹായകരമാകുന്ന മലയോര ഹൈവേ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗം കൂടിയതായും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
കേരള വികസനത്തിൽ ഗതാഗത സംവിധാനത്തിന്റെ വളർച്ച ഒഴിച്ചുകൂടാനാകാത്തതാണ്. മതിയായ ഗതാഗത സംവിധാനം ഇല്ലാത്തതാണ് കേരളത്തിന്റെ വികസനത്തിൽ വേഗത കൈവരിക്കാൻ സാധിക്കാത്തതെന്ന് എത്രയോ പഠനങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഇതിന് പരിഹാരം കാണുന്നതിന്റെ സൂചനകളാണ് ഇപ്പോൾ കേരളത്തിൽ കണ്ടുവരുന്നതെന്ന് കഴിഞ്ഞ ദിവസങ്ങളിലെ മുഖ്യമന്ത്രിയുടെ വാക്കുകൾ വ്യക്തമാക്കുന്നുണ്ട്. വ്യോമ-റെയിൽ-റോഡ് ഗതാഗത സംവിധാനത്തിൽ വലിയ കുതിപ്പാണ് കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുന്നു. എത്രയോ കാലം മുടങ്ങിക്കിടന്ന പദ്ധതികളാണ് ജനങ്ങളുടെ പരാതികൾ പരിഹരിച്ച് വേഗത്തിൽ മുന്നോട്ട് പോകുന്നത്.
കിഫ്ബിയിൽ നിന്നുള്ള 3500 കോടി രൂപ ചെലവഴിച്ചാണ് മലയോര ഹൈവേ നിര്‍മ്മാണം. കാസര്‍ഗോഡ് നന്ദാരപടവ് മുതല്‍ ചോവാര്‍ വരെയുള്ള 23 കിലോ മീറ്റര്‍ ദൂരത്തെ റോഡ് നിര്‍മ്മാണം നാല്‍പ്പത് ശതമാനത്തോളം പൂര്‍ത്തിയായി. 53.93 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ഈ മേഖലയിലെ പ്രവൃത്തിക്ക് 2018 ജൂണിലാണ് കരാര്‍ നല്‍കിയിരുന്നത്. കാസര്‍ഗോഡ്- കോളിച്ചാല്‍- എടപ്പറമ്പ് മേഖലയില്‍ മുപ്പത് ശതമാനത്തോളം പണി ഇതിനകം പൂര്‍ത്തീകരിച്ചു. 24 കിലോ മീറ്റര്‍ ദൂരത്തില്‍ 84.65 കോടി രൂപ ചെലവു കണക്കാക്കിയ പ്രവൃത്തിക്ക് 2018 ജൂലൈയിലാണ് കരാര്‍ ഒപ്പു വെച്ചത്. കൊല്ലം ജില്ലയിലെ കൊല്ലായില്‍ പുനലൂര്‍ മേഖലയിലെ ജോലിയും ആരംഭിച്ചു. 42 കിലോ മീറ്ററില്‍ 200 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം. പാറശാല മുതല്‍ കള്ളിക്കാട് വരെയുള്ള 15 കിലോ മീറ്റര്‍ പ്രവൃത്തിക്കും തുടക്കമായി. കൊല്ലായില്‍ -വിതുര – കള്ളിക്കാട് , കൊളിച്ചാല്‍- ചെറുപുഴ റൂട്ടുകളില്‍ ടെണ്ടർ നടപടികള്‍ അന്തിമഘട്ടത്തിലെത്തി.
13 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മലയോര ഹൈവെ 42 പദ്ധതികളിലൂടെ പൂർത്തീകരിക്കും. 656 കിലോമീറ്റർ നീളം വരുന്ന 24 പദ്ധതികളുടെ വിശദമായ രൂപരേഖ ഇതിനകം തയ്യാറാക്കി കഴിഞ്ഞു. ഇതിൽ 17 പദ്ധതികൾക്ക് അനുമതിയായി. വേഗതയില്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.