ഐസൊലേഷന്‍ വാര്‍ഡിലെ നഴ്സ് അനൂപ് പാട്ടുപാടിയാണ് അവരെ ഉറക്കിയിരുന്നത്..
കോവിഡിനെ അതിജീവിച്ച കേരളത്തിലെ ഏറ്റവും പ്രായചെന്ന വൃദ്ധദമ്പതികള്‍ തോമസ് ഏബ്രഹാമും (93), മറിയാമ്മ (88)യും വിഷുദിനത്തില്‍ അവരുടെ 14 ദിവസത്തെ ക്വാറന്റൈനും പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ അഹോരാത്രം പണിപ്പെട്ടാണ് അവരെ ശുശ്രൂഷിച്ചത്. കൊവിഡ് ബാധിച്ച് ലോകത്ത് മരിച്ചവരിലേറെയും 60 വയസ്സിന് മുകളില്‍ ഉള്ളവരാണെന്നതിനാല് അതീവ ജാഗ്രത ആരോഗ്യരംഗം പുലര്‍ത്തിയിരുന്നു.
പ്രായത്തിന്റെ പിടിവാശിയും അവശതകളും ഉള്ളവരായിരുന്നു അവര്‍. ആദ്യമൊക്കെ ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത് അനുസരിച്ചിരുന്നില്ല. വലിയ പിടിവാശിയായിരുന്നു കാണിച്ചിരുന്നതെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്സ് ഏഞ്ചല്‍ ജേക്കബ് ഓര്‍ക്കുന്നു. സ്നേഹം കൊടുത്തപ്പോള്‍ ഞങ്ങള്‍ക്ക് അപ്പച്ചനും അമ്മച്ചിയും പോലെയായെന്നും ഏഞ്ചല്‍ പറഞ്ഞു. സ്നേഹത്തോടെ സമീപിച്ച് പിടിവാശികള്‍ ഇല്ലാതാക്കി വീട്ടിലെ ഭക്ഷണം ഉള്‍പ്പെടെ എത്തിച്ചു നല്‍കിയാണ് ആരോഗ്യപ്രവര്‍ത്തകര്‍ അവരെ ശുശ്രൂഷിച്ചത്.

ഐസൊലേഷന്‍ വാര്‍ഡിലെ പുരുഷ നേഴ്സ് അനൂപ് പാട്ടുപാടിയാണ് അവരെ ഉറക്കിയിരുന്നതെന്ന് ഏഞ്ചല്‍ ഓര്‍ക്കുന്നു. ഗുരുതരാവസ്ഥയിലാണ് അവര്‍ ആശുപത്രിയിലെത്തിയത്. കോവിഡിനൊപ്പം പ്രായാധിക്യം മൂലമുള്ള അസുഖങ്ങളും മൂര്‍ച്ഛിച്ചു. വെന്റിലേറ്ററില്‍ വരെ കിടത്തിയിരുന്നു. ചില സമയങ്ങളില്‍ വീട്ടില്‍ പോകണമെന്ന് വാശിപിടിച്ച് ഭക്ഷണം കഴിക്കാതിരിക്കുകയും ആരോഗ്യപ്രവര്‍ത്തകരോട് സഹകരിക്കാതിരിക്കുകയും ചെയ്തിരുന്നു. ആശങ്കകള്‍ തെല്ലുമില്ലാതെ വീട്ടിലെ മാതാപിതാക്കളെ പോലെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ അവരെ ശുശ്രൂഷിച്ചത്. അങ്ങനെ ശുശ്രൂഷിച്ച നഴ്സ് രേഷ്മയ്ക്ക് കോവിഡ് 19 പകരുകയും ചെയ്തിരുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ ഈ കരുതലാണ് ലോകത്തിന് തന്നെ മാതൃകയായി അവര്‍ക്ക് കോവിഡിനെ അതിജീവിക്കാന്‍ സാധിച്ചത്.
വീടിനുള്ളില്‍ പതുക്കെ നടന്നും ഇഷ്ടവിഭവങ്ങള്‍ കഴിച്ചുമാണ് എബ്രഹാമും മറിയാമ്മയും ക്വാറന്റൈന് കാലം കഴിച്ചുകൂട്ടിയിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മക്കള്‍ കൂടെയുള്ളത് കാരണം ഇവരുടെ സന്തോഷം ഇരട്ടിയാണ്.