പൂജാരിയുമായി ഏര്‍പ്പെട്ടുണ്ടാകുന്ന കുട്ടി ‘ദൈവത്തിന്റെ കുട്ടി’ ആയിരുന്ന ആചാരങ്ങളുണ്ടായിരുന്നു

കുട്ടിയുണ്ടാകാത്ത സ്ത്രീ ക്ഷേത്രത്തിൽപ്പോയി പൂജാരിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും അങ്ങനെയുണ്ടാകുന്ന കുട്ടി ‘ദൈവത്തിന്റെ കുട്ടി’ ആയി വിശ്വസിക്കുകയും ചെയ്യുന്ന ആചാരങ്ങളും മുമ്പുണ്ടായിരുന്നു.
യോനി പൂജിക്കുന്ന, ആർത്തവം ആഘോഷിക്കുന്ന ഗുവാഹാട്ടിയിലെ അമ്പുബാച്ചി മേളയും ഇവിടെത്തന്നെയാണുള്ളത്.

ഹരി മോഹന്‍ എഴുതുന്നു.. 

ഹരീഷിന്റെ വരികള്‍ നിങ്ങളുടെ ഉറക്കം കളയുന്നുവെങ്കില്‍, നിങ്ങളിലെ സദാചാരമെന്ന കൊളോണിയല്‍ നിര്‍മിതി രോഷം കൊള്ളുന്നുവെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഒന്നു ചരിത്രത്തിലേക്കു നോക്കേണ്ടതുണ്ട്.

പണ്ട് ഏറ്റവും ലൈംഗിക സ്വാതന്ത്രവും, കപട സദാചാരബോധവും ഇല്ലാത്ത ഒരു നാടായിരുന്നു ഇപ്പോഴത്തെ ഇന്ത്യൻ ഉപദ്വീപും അതിനോടു ചേർന്നു കിടന്നിരുന്ന ഹൈന്ദവവിശ്വാസങ്ങളും ജനങ്ങളും. അതുകൊണ്ടാണല്ലോ, കാമസൂത്രം അടക്കമുള്ള ഗ്രന്ഥങ്ങൾ ഋഷിമാര്‍ തന്നെ രചിച്ചതും, ഖജുരാഹോ മുതൽ കർണാടകത്തിലെ വിരൂപാക്ഷ ക്ഷേത്രം വരെയുള്ള ഇന്ത്യയിലെ ക്ഷേത്രങ്ങളുടെ ചുവരുകളിൽ ലൈംഗികത സ്ഥാനംപിടിച്ചതും. അന്നതുകണ്ട് ആർക്കും നെറ്റി ചുളിഞ്ഞിട്ടില്ല. പരാശരനും സത്യവതിയും തമ്മില്‍ പരസ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതു വിവരിക്കുന്ന മഹാഭാരതത്തിലെ ആദിപര്‍വത്തിലുള്ള ഒരധ്യായം വായിച്ചപ്പോള്‍ ഹരീഷിനെതിരേ വാളെടുത്ത ഹൈന്ദവസംഘടനകളിലാര്‍ക്കും ചോര തിളച്ചില്ല.

പണ്ടു വേശ്യാവൃത്തിപോലും ക്ഷേത്രങ്ങളുടെ ഭാഗമായിരുന്നു. കൊളോണിയൽ സംസ്കാരം വരുന്നതുവരെ ദേവദാസികള്‍ ലൈംഗികതൊഴിൽ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുതന്നെ നടത്തിയിരുന്നു. സ്ത്രീകളെ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്ന പദമായ ‘കൂത്തിച്ചി’ വരെ ക്ഷേത്രങ്ങളിൽ കൂത്ത് നടത്തിയിരുന്ന സ്ത്രീകളുമായി ബന്ധപ്പെട്ടു വന്നതാണെന്നോര്‍ക്കണം.
അശ്ലീലമാണ്, ഭാരതസംസ്കാരത്തിനു വിരുദ്ധമാണ് എന്നെല്ലാം പറഞ്ഞു നിങ്ങളിന്നു ലൈംഗികതയെ നിരാകരിക്കുന്നതിന്റെ കാരണം കോളനിവത്കരണം സമ്മാനിച്ച വിക്ടോറിയൻ സദാചാരബോധമാണ്.

പെരുമാൾ മുരുകന്റെ വിവാദനോവലില്‍ പറഞ്ഞിരിക്കുന്നതുപോലെ കുട്ടിയുണ്ടാകാത്ത സ്ത്രീ ക്ഷേത്രത്തിൽപ്പോയി പൂജാരിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും അങ്ങനെയുണ്ടാകുന്ന കുട്ടി ‘ദൈവത്തിന്റെ കുട്ടി’ ആയി വിശ്വസിക്കുകയും ചെയ്യുന്ന ആചാരങ്ങളും മുമ്പുണ്ടായിരുന്നു.

യോനി പൂജിക്കുന്ന, ആർത്തവം ആഘോഷിക്കുന്ന ഗുവാഹാട്ടിയിലെ അമ്പുബാച്ചി മേളയും ഇവിടെത്തന്നെയാണുള്ളത്.

ലൈംഗികത എന്ന വാക്കു കേട്ടാല്‍ത്തന്നെ ഞെട്ടിവിറക്കുന്ന ഒരു ജനതയായി നമ്മള്‍ മാറിക്കഴിഞ്ഞു. അടിച്ചമര്‍ത്തപ്പെട്ട, നിശ്ശബ്ദമായ ഒരു ലൈംഗിക സദാചാരത്തെ ശരിയും ശാശ്വതവുമായ ഒരു പരിഷ്‌കാരമായി നമ്മള്‍ സ്വീകരിച്ചുകഴിഞ്ഞു, 17-ാം നൂറ്റാണ്ടുമുതല്‍. അതുവരെ ലൈംഗികത എന്നുകേട്ടാല്‍ ഈ ഞെട്ടലോ അശ്ലീലമെന്ന തോന്നലോ നിലനിന്നിരുന്നില്ലല്ലോ.. സെന്‍സര്‍ ബോര്‍ഡുകളും ഇല്ലായിരുന്നു.. വിക്‌ടോറിയന്‍ സദാചാരമാണ് ആ സാഹചര്യം മാറ്റിമറിച്ചത്. ലൈംഗികതയ്ക്ക് അതിരുകള്‍ നിശ്ചയിക്കപ്പെട്ടു. ഭാര്യ-ഭര്‍തൃ ബന്ധത്തെ കുടുംബത്തിനുള്ളിലേക്കൊതുക്കി. പ്രത്യുത്പാദനം എന്നതിലേക്കു മാത്രമായി അതിനെ മാറ്റി. മറ്റുള്ളിടങ്ങളില്‍നിന്നു ലൈംഗികതയ്ക്ക് അപ്രഖ്യാപിത വിലക്കുവന്നു. സംസാരംപോലും ലൈംഗിക നിരപേക്ഷമായിരിക്കണമെന്ന നിബന്ധനവന്നു. മറിച്ചെന്തെങ്കിലുമുണ്ടായാല്‍ അതിനെ ഒറ്റപ്പെടുത്തി. ലൈംഗികത എന്ന ഒന്നില്ലെന്ന ബോധത്തിലേക്കു മക്കളെ വളര്‍ത്തി. വിക്ടോറിയന്‍ സദാചാരത്തെ നമ്മള്‍ സൗകര്യപൂര്‍വം ആര്‍ഷഭാരത സംസ്കാരം എന്നു വിളിക്കാനും തുടങ്ങി.

വിക്ടോറിയന്‍ സദാചാര സങ്കല്‍പ്പത്തെ ആധാരമാക്കി ബ്രിട്ടീഷ് കൊളോണിയല്‍ ഭരണാധികാരികള്‍ രൂപംനല്‍കിയ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് സ്വവര്‍ഗരതിക്കും തടയിട്ടു.

തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ വിദ്യാദേവതയായ സരസ്വതിയോട് പ്രാര്‍ഥിക്കുന്നത്, തന്‍റെ നാവിന്മേല്‍ നഗ്‌നയായി വന്നു നൃത്തം ചെയ്യണമെന്നാണ്. കര്‍ക്കിടകമാസത്തില്‍ അധ്യാത്മരാമായണം വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരശ്ലീലവും തോന്നുന്നില്ലെങ്കില്‍, അതില്‍ സംസ്കാരശൂന്യത കാണുന്നില്ലെങ്കില്‍, ഹരീഷിന്റെ വാക്കുകളിലും അതുണ്ടാവരുത്. പറയുന്നതു സംഘപരിവാറിനോടാണെന്നറിയാം, എങ്കിലും…

Leave a Reply

Your email address will not be published. Required fields are marked *