ലോക്ക്ഡൗണില്‍ ലോക്കായി കലാകാരന്മാരുടെ ജീവിതം : സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി
കലാ-സാംസ്കാരിക-സിനിമാ മേഖലയ്ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി മോശം കാലാവസ്ഥയാണ്. ഏപ്രില്‍ മാസം മുതല്‍ ഓണം വരെ നീളുന്നതാണ് കലാകാരന്മാരുടെ സീസണ്. ഇതില്‍ ഏപ്രില്‍, മെയ് മാസങ്ങളാണ് പ്രധാന വരുമാനമാര്‍ഗം. ഭൂരിപക്ഷം കലാകാരന്മാരും ഈ മാസങ്ങളില്‍ ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഒരു വര്‍ഷം തള്ളനീക്കുന്നത്. എന്നാല്‍ പ്രളയത്തിന്റെ പേരില്‍ രണ്ട് വര്‍ഷത്തെ പരിപാടികള്‍ മുടങ്ങി. ഇപ്പോള്‍ കൊറോണയും ഇവരുടെ അന്നം മുട്ടിച്ചിരിക്കുകയാണ്.
കോവിഡ് 19 നിയന്ത്രണങ്ങള്‍ കലാകാരന്മാരെ പ്രതിസന്ധിയിലാക്കിയത് നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. സിനിമാ മേഖലയിലെ ദിവസവേതനക്കാരായ തൊഴിലാളികള്‍ക്ക് വേണ്ടി ഫെഫ്ക പണം സ്വരൂപിച്ച് സഹായനിധി രൂപീകരിച്ചിരുന്നു. ഇതിന് പുറമെ സംസ്ഥാന സര്‍ക്കാര്‍ കലാകാരക്ഷേമനിധിയില് അംഗങ്ങളായവര്‍ക്ക് പെന്‍ഷനും മറ്റ് സഹായധനങ്ങളും മുന്‍കൂട്ടി നല്‍കുകയും ചെയ്തു. എന്നാല്‍ ഇതിലൊന്നും പെടാത്ത വലിയൊരു വിഭാഗമുണ്ട്.
തെയ്യം/തിറ കലാകാരന്മാര്, വാദ്യകലാകാരന്മാര്, ക്ഷേത്രകലകളില്‍ ഏര്‍പ്പെട്ടവര്‍, നാടക/സ്റ്റേജ് കലാകാരന്മാര്, സൗണ്ട് ടെക്നീഷ്യന്മാര് , ലൈറ്റ്, പന്തല്‍, അനൗണ്‍സ്മെന്റ് മേഖലയിലെ കലാകാരന്മാര്, നൃത്തകലാ അദ്ധ്യാപകര്‍, മ്യുസിഷ്യന്‍സ്, നാടക കലാകാരന്മാര്, മജീഷ്യന്മാര്, എന്നിങ്ങനെ നിരവധി സാധാരണക്കാരാണ് കലാരംഗത്ത് ഉപജീവനം കഴിക്കുന്നത്. ഇവരുടെ അവസ്ഥ ചൂണ്ടിക്കാണിച്ച് സര്‍ക്കാരിന് വിവിധ സംഘടനകള്‍ കത്ത് നല്‍കിയിരുന്നു. എല്ലാ കലാകാരന്മാരുടെയും നിവേദനം സമം നല്കിയപ്പോള് ഗായിക സയനോരയും സിതാരയും ഫേസ്ബുക്കിലൂടെ സര്‍ക്കാരിനോട് അഭ്യര്‍ത്ഥന നടത്തി. ഛായാഗ്രാഹകന്‍ മധു അമ്പാട്ട് സിനിമാമേഖലയിലെ ദിവസവേതനക്കാര്‍ക്ക് സഹായം നല്‍കണമെന്നും ജര്‍മ്മനിയിലും യുകെയിലും സാംസ്കാരിക മേഖലയ്ക്ക് പ്രത്യേക പാക്കേജ് ഉണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കത്ത് നല്കി.
പലിശരഹിത വായ്പ, താല്‍ക്കാലിക ധനസഹായങ്ങള്‍, ചികിത്സാ സഹായങ്ങള്‍ തുടങ്ങിയ അടിയന്തിര ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. സാംസ്കാരിക മന്ത്രി എ കെ ബാലന് ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. കോവിഡ് 19 അവലോകനത്തിന് ശേഷം ഇന്ന് (06.04.2020) വൈകിട്ട് ആറ് മണിക്ക് നടത്തിയ പത്രസമ്മേളനത്തില്‍ കലാകാരന്മാര്ക്ക് സഹായം നല്‍കുന്നത് അനുഭാവ പൂര്‍വ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.