സിനിമാലോകത്തിന് പ്രതീക്ഷയേകി അഞ്ച് ആധുനിക തിയേറ്ററുകള്‍ കൂടി വരുന്നു

വെബ് ഡസ്ക്

സംസ്ഥാനത്ത് അഞ്ച് ആധുനിക സിനിമാ തിയേറ്ററുകള്‍ നിര്‍മ്മിക്കുന്നതിന് കഴിഞ്ഞദിവസം ചേര്‍ന്ന കിഫ്ബി യോഗത്തില്‍ അനുമതിയായി. പയ്യന്നൂര്‍ (11.40 കോടി), കായംകുളം (15.03 കോടി), പേരാമ്പ്ര (11.35 കോടി), തൃശ്ശൂര്‍ അഴകപ്പ നഗര്‍ (9.29 കോടി), തലശ്ശേരി (10.19 കോടി) എന്നിവിങ്ങളില്‍ തിയേറ്റര്‍ കോംപ്ലക്സ് നിര്‍മ്മിക്കുന്നതിനാണ് കിഫ്ബി ഭരണാനുമതി നല്‍കിയിട്ടുള്ളത്. കായംകുളത്ത് മൂന്ന് സ്ക്രീനും മറ്റിടങ്ങളില്‍ രണ്ട് സ്ക്രീനും ഉള്ള തിയേറ്ററുകളാണ് നിര്‍മ്മിക്കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ നൂറ് തിയേറ്റര്‍ കോംപ്ലക്സ് ഫിലിം ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ മുഖേനയും നാനൂറ് തിയേറ്ററുകള്‍ സ്വകാര്യമേഖലയിലും ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ സ്ഥലം ലഭ്യമായ അഞ്ച് തിയേറ്ററുകള്‍ക്കാണ് ഇപ്പോള്‍ കിഫ്ബി അംഗികാരം ലഭിച്ചിരിക്കുന്നത്.

250 സീറ്റുകളുള്ള തിയേറ്ററില്‍ 4 കെ പ്രൊജക്ടര്‍ സിസ്റ്റം, അറ്റ്മാ സൗണ്ട് സിസ്റ്റം എന്നിവയാണ് ഒരുക്കുക. അത്യാധുനിക പാര്‍ക്കിംഗ് സൗകര്യത്തോട് കൂടി മികച്ച സിനിമാ അനുഭവം നല്‍കുന്നവയായിരിക്കും ഫിലിം ഡെവലപ്മെന്‍റ് കോര്‍പറേഷന് കീഴിലുള്ള ഈ തിയേറ്ററുകള്‍. തിരുവനന്തപുരം ചിന്താജ്ഞലി സ്റ്റുഡിയോ ഫിലിം സിറ്റി ആക്കുന്നതിനും അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് സ്ഥിരം വേദി നിര്‍മ്മിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. പറവൂരിലെയും ചിറ്റൂരിലെയും ചിത്രാജ്ഞലി സ്റ്റുഡിയോ ആധുനികവല്‍ക്കരിച്ചു. അന്താരാഷ്ട്ര ഫിലിം സ്റ്റഡി റിസര്‍ച്ച് റിസര്‍ച്ച് സെന്‍റര്‍ & ഡിജിറ്റല്‍ ആര്‍ക്കൈവ്സ് കഴക്കൂട്ടത്ത് പ്രവര്‍ത്തനം ആരംഭിച്ചു. അടുത്ത കിഫ്ബി യോഗത്തില്‍ ആറ് തിയേറ്റര്‍ കോംപ്ലക്സുകളുടെ പ്രൊജക്ട് കൂടി സമര്‍പ്പിക്കുമെന്ന് കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.

സിനിമാമേഖലയില്‍ ഗ്രാമങ്ങളിലെ തിയേറ്ററുകള്‍ ഓഡിറ്റോറിയങ്ങളായി മാറിയതും പ്രവര്‍ത്തനം നിലച്ചതും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കേരളത്തിലെ നഗരങ്ങളില്‍ പോലും പഴയ തിയേറ്ററുകള്‍ ആധുനികവല്‍കരിക്കപ്പെട്ടിട്ടില്ല. ഇതിന് പരിഹാരം കാണുന്നതിനും സിനിമാ വിതരണ രംഗത്തെ കുത്തക അവസാനിപ്പിച്ച് എല്ലാ സിനിമകളും ഗ്രാമങ്ങളിലേക്ക് എത്തിക്കുന്നതിനും സര്‍ക്കാര്‍ തിയേറ്റര്‍ കോംപ്ലക്സുകള്‍ വഴി സാധിക്കുമെന്നാണ് മലയാള സിനിമാലോകം പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *