ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഇനി വ്യക്തിവിവരം നല്‍കേണ്ട

വെബ് ഡസ്ക് 

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുന്നത് നിര്‍ത്തലാക്കുന്നു. പല ആപ്പുകളും വ്യക്തിവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്. ഇതിന് ഗൂഗിളിന്‍റെ പിടിവീണിരിക്കുകയാണ്.

മാര്‍ച്ച് 9 ന് മുന്‍പ് വ്യക്തിവിവരം ചോദിക്കുന്ന ആപ്പുകള്‍ അതിന്‍റെ ആവശ്യകത ഗൂഗിളിനെ ബോധിപ്പിക്കണം. ആപ്പ് ഇന്‍സ്റ്റാള്‍മെന്‍റിന് ഇത്തരം വിവരങ്ങള്‍ അത്യാവശ്യമല്ലെങ്കില്‍ ഗൂഗിള്‍ അത് ഒഴിവാക്കാന്‍ ആവശ്യപ്പെടും. നിയന്ത്രണങ്ങള്‍ അനുസരിക്കാത്ത ആപ്പുകള്‍ ഇനി മുതല്‍ പ്ലേസ്റ്റോറില്‍ കാണില്ലെന്ന മുന്നറിയിപ്പും ഗൂഗിള്‍ നല്‍കുന്നുണ്ട്.

വ്യക്തിവിവരങ്ങള്‍ വ്യാപകമായി ചോരുന്നുവെന്ന ആക്ഷേപം ലോകത്തെമ്പാടും ഉണ്ട്. സോഷ്യല്‍മീഡിയയുടെ കടന്നുവരവും ഡിജിറ്റല്‍ വിപ്ലവവും വ്യക്തിവിവരങ്ങള്‍ ചോരുന്നതിന് കാരണമായിട്ടുണ്ട്. ഈ രംഗത്തെ നിയന്ത്രണമില്ലായ്മ വ്യക്തിവിവരങ്ങള്‍ അപകടത്തിലാക്കുന്നുണ്ടെന്ന് സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഫൗണ്ടേഷന്‍ സ്ഥാപകന്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞിരുന്നു.

എസ്എംഎസ് വഴിയും ഫോണ്‍ കോളുകള്‍ വഴിയും വിവരങ്ങള്‍ ശേഖരിക്കുന്നത് വ്യാപകമായ തട്ടിപ്പിന് ഇടയാക്കുന്നുണ്ടെന്നും ഗൂഗിള്‍ കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *