ലോക് ഡൗൺ പാഴാക്കിയില്ല, വീട്ടിലൊരു കിണറ് കുഴിച്ചു.. കയ്യടി നേടി അച്ഛനും മകനും

Sharing is caring!

ഒരു ഭാഗത്ത് ജോലിത്തിരക്ക്. മറുഭാഗത്ത് സമയക്കുറവ്. വീട്ടിലൊരു കിണറ് വേണം. ഇത്തവണത്തെ വേനലിന് എന്തായാലും കിണറ് കുഴിക്കാൻ തന്നെയായിരുന്നു സനേഷിന്‍റെ തീരുമാനം. എത്രകാലം സഹോദരിയുടെ വീട്ടിലെ കിണറിനെ ആശ്രയിക്കും. വേനലായാൽ ആ കിണറും വറ്റുമായിരുന്നു. ബ്രണ്ണൻ ഹയർസെക്കന്‍ററി സ്കൂളിൽ ലാബ് അസിസ്റ്റന്‍റായി ജോലി ചെയ്യുന്ന കണ്ണൂർ ഇരിട്ടിയിലെ മുഴക്കുന്ന്, മുടക്കോഴി സ്വദേശി സനേഷിന്‍റെയും കർഷകനായ അച്ഛൻ ബാലന്‍റെയും ആശങ്കകളായിരുന്നു ഇത്.

ഇതിനിടയിലാണ് ലോക് ഡൗൺ വന്നത്. സമയം ഒട്ടും പാഴാക്കിയില്ല. 66 വയസുള്ള അച്ഛനെയും കൂട്ടി സനേഷ് കിണറ് കുഴിക്കാനിറങ്ങി. പണ്ട് കാലത്ത് കിണറ് കഴിച്ച അനുഭവം ഉണ്ട് ബാലന്. അധികദിവസം കഴിഞ്ഞില്ല. തൊട്ടടുത്ത് വയലാണ്. ആറോ ഏഴോ കോൽ കുഴിച്ചപ്പോഴേക്കും വെള്ളം കണ്ടു. ലോക് ഡൗൺ കാലത്ത് അച്ഛനും മകനും സ്വന്തം വീട്ടിൽ കിണറ് കുഴിച്ച് വെള്ളം കണ്ട കഥ നാട്ടിലെങ്ങും പാട്ടായി. അങ്ങനെ നാടിന്‍റെ കയ്യടി നേടിയ അച്ഛന്‍റെയും മകന്‍റെയും കഥ വൈറലായി.

വീട്ടുകാരുടെ പൂർണ പിന്തുണയുണ്ടായിരുന്നു ഇവർക്ക്. കനത്ത ചൂടിനെ മറികടക്കാൻ രാവിലെയും വൈകുന്നേരവുമായാണ് പണിയെടത്തത്. വേനലിൽ വെള്ളം വറ്റുന്ന പ്രദേശത്ത് ജലസമൃദ്ധിയോടെ ഒരു കിണർ രൂപപ്പെടുന്നത് ചുറ്റുവട്ടങ്ങൾക്കും ആശ്വാസമാണ്.

ഇത് മാത്രമായിരുന്നില്ല സനേഷ് മുടക്കോഴിയുടെ ലോക് ഡൗൺകാല പ്രവർത്തനങ്ങൾ. നാട്ടിലെ സർഗാത്മക പ്രവർത്തനങ്ങളിൽ സജീവമാണ് ഇദ്ദേഹം. മുഴക്കുന്ന് ഗ്രാമീണ വായനശാലയുടെ യുവജനവേദി ചെയർമാനാണ് സനേഷ് മുടക്കോഴി. മൂന്ന് വർഷമായി വായനശാലയും യുവജനവേദിയും പുസ്തക ചർച്ചകൾ വരുന്നുണ്ട്. കൊറോണക്കാലം വന്നതോടെ കൂട്ടംകൂടിയുള്ള പുസ്തക ചർച്ചകൾ നിന്നു. ഇ-ചർച്ച എന്ന ആശം സനേഷാണ് ആദ്യം പങ്കുവെച്ചത്. മറ്റുള്ളവരും അത് ഏറ്റെടുത്തതോടെ വാട്സ് ആപ് ഗ്രൂപ്പ് രൂപീകരിച്ചായി പുസ്തക ചർച്ച. ഓരോ പുസ്തകവും ഇഴകീറി വായിച്ച് ചൂടേറിയ ചർച്ചയാണ് ഇവിടെ നടക്കുന്നത്. നാൽപതോളം പേരാണ് വായനാമുറി-യുവജനവേദി എന്ന പേരിൽ രൂപീകരിച്ച ഗ്രൂപ്പിലെ അംഗങ്ങളായുള്ളത്. പുസ്തകചർച്ച ഓൺലൈൻ ആയതോടെ വിദേശത്തുള്ള മുടക്കോഴി നിവാസികൾക്കും ചർച്ചയിൽ പങ്കെടുക്കാൻ സാധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com