കള്ളവോട്ട് : കണ്ണൂര്‍, കാസര്‍ഗോഡ് കളക്ടര്‍മാര്‍ ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

വെബ് ഡസ്ക് 

കള്ളവോട്ട് വിവാദം കത്തിപ്പടര്‍ന്നതോടെ കടുത്ത നടപടികളിലേക്ക് ഒരുങ്ങുകയാണ് ഉദ്യോഗസ്ഥ വിഭാഗം. മാധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ക്ക് പുറമെ ബൂത്തുകളിലെ ദൃശ്യങ്ങള്‍ കളക്ടര്‍മാര്‍ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. ഇതിനായി പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

മാടായി പഞ്ചായത്തിലെ പുതിയങ്ങാടി ജമാഅത്ത് ഹയര്‍സെക്കന്‍ററി സ്കൂളിലെ 69 ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത എസ് വി മുഹമ്മദ് ഫായിസ്, കെ എം ആഷിഖ്, കെ എം മുഹമ്മദ്, അബ്ദുള്‍ സമദ് എന്നിവര്‍ക്കെതിരെ കേസ് എടുക്കുകയും കള്ളവോട്ട് ചെയ്ത് വിദേശത്തേക്ക് കടന്ന അബ്ദുള്‍ സമദിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. മാധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ അനുസരിച്ച്  സിപിഐഎം പരാതി നല്‍കിയിരുന്നു. എസ് വി മുഹമ്മദ് ഫായിസ്, കെ എം ആഷിഖ്, അബ്ദുള്‍ സമദ് എന്നിവര്‍ക്കെതിരെയാണ് സിപിഎം പരാതി നല്‍കിയത്. എന്നാല്‍ ഇതിന് പുറമെ ദൃശ്യത്തില്‍ ഉള്‍പ്പെട്ട കെ എം മുഹമ്മദിന് നേരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കളക്ടര്‍ എല്ലാ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട് എന്നാണ് ഇത് വ്യക്തമാക്കുന്നത്.

കള്ളവോട്ട് ആരോപണങ്ങളില്‍ മുസ്ലീംലീഗ് പ്രതിസന്ധിയിലായതോടെ കെ സുധാകരനും നിലപാട് മാറ്റവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ വ്യാപകമായി നാലും അഞ്ചും വോട്ട് ചെയ്യുന്ന ദൃശ്യമാണ് പുറത്തുവന്നത്. ഇത് തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. പിലാത്തറയിലെ കള്ളവോട്ട് ആരോപണം കമ്പാനിയന്‍ വോട്ടാണെന്ന വാദത്തില്‍ സിപിഎം ഉറച്ചുനില്‍ക്കുന്നതും കെ സുധാകരന്‍ ഇന്നലെ സിപിഎം വാദത്തെ തള്ളിപ്പറയാതിരുന്നതും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാ ദൃശ്യങ്ങളും സൂക്ഷ്മമായി പരിശോധിച്ച് കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് കളക്ടര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം എന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.

ഇപ്പോള്‍ കേസെടുത്തിരിക്കുന്നവര്‍ക്ക് പുറമെ കൂടുതല്‍ പേര്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്ന ആരോപണങ്ങളിലും ഗൗരവമായ പരിശോധന നടക്കുന്നുണ്ട്. കലക്ടറേറ്റിൽ സൂക്ഷിച്ച വീഡിയോകളും വെബ് കാസ്റ്റ് നിലച്ച ഘട്ടങ്ങളിൽ ഏർപ്പെടുത്തിയ പ്രത്യേക സംവിധാനത്തിൽ നിന്ന് ലഭ്യമായ ദൃശ്യങ്ങളും ഒരു സംഘം ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്. പുതിയങ്ങാടിയിൽ കാര്യങ്ങൾ ഗൗരവതരമാണ് എന്നാണ് ദൃശ്യങ്ങൾ പരിശോധിച്ച ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന നിഗമനം. സിപിഎം നൽകിയ പരാതികളിൽ പേരില്ലാത്തവരെ ഉൾപ്പെടെ ഹാജരാവാൻ നിർദ്ദേശിക്കുകയും ജില്ലാ മജിസ്ട്രേട്ട് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരിക്കുന്നത് ഇതിന്‍റെ ഭാഗമാണ്. മാത്രമല്ല എട്ട് തവണയോളം ബൂത്തുകളിൽ പ്രവേശിച്ച് വോട്ട് ചെയ്ത് പുറത്തിറങ്ങുന്ന മുസ്ലീം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ദൃശ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന സൂചന. ഇവർ ആരൊക്കെ എന്ന് തിരിച്ചറിയാനുള്ള നടപടികളും പുരോഗമിക്കുകയാണ്. മാടായി പഞ്ചായത്തിലെ ഒരു ബൂത്തിൽ പല തവണ ഓപ്പൺ വോട്ടു ചെയ്യുന്ന പെൺകുട്ടിയുടെ ദൃശ്യം ഉള്ളതായും സൂചനയുണ്ട്.

തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഉയര്‍ത്തിക്കൊണ്ടുവന്ന കള്ളവോട്ട് ഇരു മുന്നണികളെയും അസ്വസ്ഥമാക്കുന്ന നിലയിലേക്കാണ് മുന്നോട്ട് പോകുന്നത്. ശക്തമായ നിലപാടുമായി കളക്ടര്‍മാര്‍ മുന്നോട്ട് പോകുന്നത് വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നതിന് ഇടയാക്കും എന്നാണ് കരുതുന്നത്. സ്ത്രീകളുടെ ദൃശ്യങ്ങൾ പുറത്തു വന്നാൽ ലീഗിലെ സ്ഥിതി വഷളാകും. കള്ളവോട്ട് ചെയ്യിക്കാൻ ഇറങ്ങിയവർക്കെതിരെ ലീഗ് കേന്ദ്രങ്ങളിൽ അസംതൃപ്തി പുകയുന്നുണ്ട്. വോട്ട് ചെയ്ത് മടങ്ങിയ പ്രവാസികളുടെ ജോലി പോകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഉദ്യോഗസ്ഥർ കടുത്ത നടപടികളിലേക്കും കൂടുതൽ പരിശോധനകളിലേക്കും കടന്നതോടെ കാര്യങ്ങൾ കൈവിട്ടു പോകുന്ന സ്ഥിയിലാണ് രാഷ്ട്രീയ പാർട്ടികൾ.

Leave a Reply

Your email address will not be published. Required fields are marked *