ഓഫ് ലൈനിലും ഫേസ്ബുക്ക് നിങ്ങളുടെ പ്രവൃത്തികള്‍ നിരീക്ഷിക്കുന്നു

Sharing is caring!

ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ഫേബ്സുക്ക് രഹസ്യമായി ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഫെബ്രുവരി ഒന്നിന് ശേഷം അപ്ഡേറ്റ് ചെയ്ത എല്ലാ ഫേസ്ബുക്ക് അക്കൗണ്ടുകളിലും ഈ ഓപ്ഷന്‍ വന്നിട്ടുണ്ട്.

നിങ്ങളുടെ ഇന്‍റര്‍നെറ്റ് സെര്‍ച്ചുകളെല്ലാം സൂക്ഷിച്ചുവെക്കുന്നതാണ് പുതിയ സംവിധാനം. ഫേസ്ബുക്ക് ഓഫ് ചെയ്ത് മൊബൈലില്‍ മറ്റ് ആപ്പുകളും ഗൂഗിള്‍ സെര്‍ച്ചുകളും നടത്തിയാലും അത് ഫേസ്ബുക്കിന് അറിയാനും സൂക്ഷിച്ചുവെക്കാനും സാധിക്കും. ഫെബ്രുവരി ഒന്ന് മുതല്‍ അപ്ഡേറ്റ് ചെയ്ത എല്ലാ ഫേസ്ബുക്ക് ഉപയോക്താക്കളുടെയും പ്രവൃത്തികള്‍ ഫേസ്ബുക്ക് രഹസ്യമായി നിരീക്ഷിക്കുകയും ട്രാക്ക് ചെയ്യുകയുമാണ്.

നിങ്ങളുടെ വിവരങ്ങള്‍ ഇത്തരത്തില്‍ ഫേസ്ബുക്ക് ട്രാക്ക് ചെയ്യുന്നുണ്ടോ എന്നറിയാന്‍ ഫേസ്ബുക്ക് സെറ്റിംഗ്സ് (Settings) എടുക്കുക. സെറ്റിംഗ്സില്‍ ഫേസ്ബുക്ക് ഇന്‍ഫര്‍മേഷന്‍ (Facebook Information) എന്നൊരു ഓപ്ഷന്‍ ഉണ്ട്. അതില്‍ ക്ലിക്ക് ചെയ്യുക. അതില്‍ ഓഫ് ഫേസ്ബുക്ക് ആക്റ്റിവിറ്റി (Off Facebook Activity) എന്നൊരു ഓപ്ഷന്‍ കാണാം. ഫേസ്ബുക്ക് ഓഫ് ചെയ്ത് നിങ്ങള്‍ ചെയ്ത പ്രവൃത്തികളുടെ വിവരങ്ങള്‍ അവിടെ കാണാം. ഫെബ്രുവരി ഒന്ന് മുതൽ ഇതുവരെയുള്ള നിങ്ങളുടെ പ്രവൃത്തികൾ ഇവിടെ ഫേസ്ബുക്ക് സൂക്ഷിച്ചുവെച്ചിട്ടുണ്ട്.

ഇത് ഓഫ് ചെയ്യണമെങ്കില്‍ അതേ പേജിലുള്ള മോര്‍ ഓപ്ഷന്‍സ് (More Options) ക്ലിക്ക് ചെയ്യുക. അതില്‍ മാനേജ് ഫ്യൂച്ചര്‍ ആക്റ്റിവിറ്റി (Manage Future Activity) ഓഫ് ചെയ്യുകയും ക്ലിയര്‍ ഹിസ്റ്ററിയില്‍ (Clear History) ക്ലിക്ക് ചെയ്ത് അതുവരെ ശേഖരിച്ചുവെച്ച നിങ്ങളുടെ വിവരങ്ങള്‍ ക്ലിയര്‍ ചെയ്യാവുന്നതുമാണ്.

പ്രധാനമായും ഓരോ വ്യക്തികളും ഇന്‍റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുന്ന വിവരങ്ങളാണ് ഇത്തരത്തില്‍ ഫേസ്ബുക്ക് നിരീക്ഷിക്കുന്നത്. നിങ്ങള്‍ ഉപയോഗിച്ച ആപ്പുകളും അതില്‍ നടത്തിയ പ്രവൃത്തികളും ഫേസ്ബുക്ക് സൂക്ഷിച്ചുവെക്കുന്നുണ്ട്. വ്യക്തികളുടെ അഭിരുചികള്‍, താല്‍പര്യങ്ങള്‍ എന്നിവ ഫേസ്ബുക്ക് രഹസ്യമായി കണ്ടെത്തുകയും അതിന് അനുസരിച്ചുള്ള വിവരങ്ങള്‍ പിന്നീട് ആ ഉപയോക്താവിന് ലഭ്യമാക്കാനുമാണ് ഫേസ്ബുക്ക് ഇത്തരമൊരു ഓപ്ഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഉപയോക്താക്കളുടെ അറിവും സമ്മതവും കൂടാതെ അവരുടെ ഡാറ്റ സൂക്ഷിച്ചുവെക്കുന്നത് നിയമവിരുദ്ധമാണ് എന്നിരിക്കെ ഫേസ്ബുക്ക് രഹസ്യമായി ഇത്തരമൊരു കാര്യം ചെയ്തത് ശരിയായില്ലെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു. ലോകത്തെ കോടിക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോം എന്ന നിലയില്‍ ഇത്തരമൊരു ഓപ്ഷന്‍ വന്ന വിവരം ഫേസ്ബുക്ക് പൊതുഅറിയിപ്പായി നല്‍കേണ്ടതായിരുന്നു. സൈബർ സുരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്ന പ്രസിദ്ധനായ അഭിഭാഷകൻ അഡ്വ. പ്രശാന്ത് മാലി ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയുടെ 10 ശതമാനം ഓഹരി ഇപ്പോള്‍ ഫേസ്ബുക്ക് വാങ്ങിയിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ ശേഖരിച്ച ജനങ്ങളുടെ ആധാര്‍ വിവരങ്ങളാണ് റിലയന്‍സ് ജിയോ അവരുടെ സേവനങ്ങള്‍ നല്‍കുന്നതിനായി ഉപയോഗിച്ചത്. ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനിക്ക് നല്‍കിയതുമായി ബന്ധപ്പെട്ട കേസും ചര്‍ച്ചകളും നടക്കുന്നതിനിടയിലാണ് ഫേസ്ബുക്ക് പുതിയ ഓപ്ഷന്‍ വഴി ഉപയോക്താക്കളുടെ സ്വകാര്യത ചോര്‍ത്തുന്നതും ജിയോയുടെ ഓഹരി സ്വന്തമാക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com