വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളല്‍ : അദാലത്ത് നടക്കുന്നുവെന്ന വാര്‍ത്ത വ്യാജം

Sharing is caring!

സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. ഏത് വിശ്വസിക്കണം, ഏത് വിശ്വസിക്കണ്ട എന്ന് മനസിലാകാത്ത സ്ഥിതിയാണ് ജനങ്ങളിലുള്ളത്. തെറ്റിദ്ധാരണ പരത്തുന്ന പ്രചരണങ്ങളില്‍ ജനങ്ങള്‍ വീണുപോകുന്നു എന്നതാണ് അപകടം.

 

സംസ്ഥാന സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളല്‍ പദ്ധതി പ്രാവര്‍ത്തികമാകാന്‍ പോകുന്നതെയുള്ളുവെന്നും ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്നും ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പട്ട് സര്‍ക്കാര്‍ അദാലത്തൊന്നും തീരുമാനിച്ചിട്ടില്ല. എന്നാല്‍ അദാലത്ത് നടക്കുന്നതായി സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. വാട്സ് ആപ് സന്ദേശങ്ങള്‍ കണ്ട് ജില്ലാ ഓഫീസുകളില്‍ അന്വേഷിച്ചെത്തുന്നവരുടെ എണ്ണം ദിനം പ്രതി കൂടുകയാണെന്നും ഐസക് പറയുന്നു. ജനസാന്ത്വന പദ്ധതിയിലും ഇത്തരത്തിലുള്ള വ്യാജ പ്രചരണം ഉണ്ടായിരുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധം പ്രചരിപ്പിക്കുന്ന ഗൂഢ സംഘം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്  എന്നും ഐസക് ആരോപിച്ചു.

തോമസ് ഐസകിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം :

വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാൻ ജൂലൈ 3 ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അദാലത്ത് നടക്കുന്നുവെന്ന വാട്സ്അപ്പ് സന്ദേശങ്ങളിൽ വഞ്ചിതര്‍ ആകരുത് . വായ്പയെടുത്തവരും തിരിച്ചടവ് ബാധ്യതയായി മാറിയവരും അദാലത്തിൽ പങ്കെടുക്കണമെന്ന സന്ദേശമാണ് പടരുന്നത്. എന്നാൽ സർക്കാർ ഇത്തരത്തിലൊരു അദാലത്തിനും തീരുമാനിച്ചിട്ടില്ല. 
ജനസാന്ത്വന പദ്ധതിക്ക് അപേക്ഷ നൽകുന്നതുമായി ബന്ധപ്പെട്ടും ഇത്തരത്തിലൊരു വ്യാജസന്ദേശം പരത്തിയിരുന്നു. സന്ദേശം വിശ്വസിച്ച പതിനായിരക്കണക്കിന് ആളുകളാണ് കളക്ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും എത്തിയത്. ഇത്തരത്തിൽ സർക്കാർ പദ്ധതികളെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഗൂഢസംഘം സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് അനുമാനിക്കേണ്ടത്. ഇത്തരക്കാരെ കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കും.
സർക്കാർ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പാ പദ്ധതിയെ സംബന്ധിച്ച സോഫ്ട് വെയർ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. രണ്ട് ആഴ്ചയ്ക്കുള്ളിൽ ഈ സംവിധാനം ഓൺലൈനിൽ വരും . വിദ്യാഭ്യാസ വായ്പാ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് അപേക്ഷകൾ ഓൺലൈനായി അയയ്ക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com