ഓസ്കാറുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വസ്തുതാപരമല്ലാത്ത വാർത്തകൾ : ഡോ. ബിജു

Sharing is caring!

മലയാളത്തിൽ നിന്നും മിക്കപ്പോഴും കേൾക്കുന്നതാണ് പാട്ടുകൾ ഓസ്കാർ നോമിനേഷനു പരിഗണിക്കുന്നു എന്ന വാർത്ത. ഇത് തികച്ചും തെറ്റിധാരണ ജനിപ്പിക്കുന്ന വാർത്ത ആണ്.

ഡോ. ബിജു

ഓസ്കാറുമായി ബന്ധപ്പെട്ട് പലപ്പോഴും മാധ്യമങ്ങൾ തീരെ വസ്തുതാപരമല്ലാത്ത വാർത്തകൾ ആണ് നൽകുന്നത്. അതുകൊണ്ട് ഈ കാര്യത്തിൽ ചില വസ്തുതകൾ പങ്ക് വെക്കാം.

ഇംഗ്‌ളീഷിൽ അല്ലാതെ നിർമിക്കപ്പെട്ട ചിത്രങ്ങൾ ഓസ്കാറിനായി പരിഗണിക്കുന്നത് മികച്ച വിദേശ ഭാഷാ ചിത്രം എന്ന വിഭാഗത്തിലാണ്. ഇതിൽ പരിഗണിക്കുന്നതിനായി അമേരിക്ക ഒഴികെയുള്ള ഓരോ രാജ്യത്തിനും ഒരു ചിത്രം സമർപ്പിക്കാം. ഇന്ത്യയിൽ നിന്നും ഓരോ വർഷവും അയക്കേണ്ട സിനിമ ഏതാണ് എന്നത് ഫിലിം ഫെസ്ഡറേഷൻ ഓഫ് ഇന്ത്യ ഒരു 15 അംഗ ജൂറിയെ നിയോഗിച്ചു ആണ് തിരഞ്ഞെടുക്കുന്നത്. ഇത്തവണ ന്യൂട്ടൻ എന്ന സിനിമ ആണ് ഇന്ത്യ അയച്ചത്. ഇങ്ങനെ ഏതാണ്ട് നൂറോളം രാജ്യങ്ങൾ ഒരു സിനിമ വീതം തിരഞ്ഞെടുത്ത് അയക്കുന്നു. ഇതാണ് ലോങ് ലിസ്റ്റ്. ഇത് ഓസ്കാർ നോമിനേഷൻ അല്ല. ഓസ്കാർ നോമിനേഷനു വേണ്ടി മത്സരിക്കാൻ ഓരോ രാജ്യങ്ങളും സമർപ്പിക്കുന്ന ചിത്രങ്ങൾ മാത്രമാണ്. എല്ലാ വർഷവും ഓരോ സിനിമ ഓരോ രാജ്യത്തിനും സമർപ്പിക്കാം. ഇന്ത്യയിൽ മലയാളത്തിൽ നിന്നും ഗുരു, ആദാമിന്റെ മകൻ അബു എന്നീ സിനിമകൾ മുൻപ് ഇന്ത്യയുടെ എൻട്രി ആയി സമർപ്പിച്ചിട്ടുണ്ട്. ഇങ്ങനെ നൂറോളം രാജ്യങ്ങളിൽ നിന്നും സമർപ്പിക്കുന്ന ചിത്രങ്ങളിൽ നിന്നും 9 സിനിമകൾ ഷോർട്ട് ലിസ്റ്റ് ചെയ്യുകയും പിന്നീട് 5 ചിത്രങ്ങൾ നോമിനേഷനായി തിരഞ്ഞെടുക്കുകയും ചെയ്യും. അതിൽ നിന്നും ഒരു ചിത്രം മികച്ച വിദേശ ഭാഷയ്ക്കുള്ള ഓസ്കാർ നേടുകയും ചെയ്യും.

ഇന്ത്യക്ക് ഇതേവരെ ഈ നോമിനേഷനിൽ 3 തവണ മാത്രമേ ഉൾപ്പെടാൻ സാധിച്ചിട്ടുള്ളൂ മദർ ഇന്ത്യ (1957) സലാം ബോംബെ (1988) , ലഗാൻ (2001). ഒരു തവണ പോലും ഓസ്കാർ നേടാൻ ഇന്ത്യക്ക് സാധിച്ചിട്ടുമില്ല. ഇതാണ് വിദേശ ഭാഷാ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്ന രീതി. ഓരോ വർഷവും ഓസ്കാർ നോമിനേഷൻ ലഭിക്കുന്നത് വെറും 5 ചിത്രങ്ങൾക്ക് മാത്രമാണ്. ഏതാണ്ട് 90 വർഷത്തെ ഓസ്കാർ ചരിത്രത്തിൽ ഇന്ത്യക്ക് 3 തവണ മാത്രമേ ഓസ്കാർ നോമിനേഷൻ പോലും ലഭിച്ചിട്ടുള്ളൂ(മേൽ പേര് സൂചിപ്പിച്ച ചിത്രങ്ങൾ) .

ഇനി മറ്റൊരു രീതിയിലും ഓസ്‌കാറിന്‌ ചിത്രങ്ങൾ സമർപ്പിക്കാം. ഒരു ചിത്രം ലോസ് ഏഞ്ചൽസ് കണ്ട്രിയിൽ രണ്ടാഴ്ച്ച ഏതെങ്കിലും തിയറ്ററിൽ റിലീസ് ചെയ്താൽ ആ ചിത്രത്തിന് മികച്ച വിദേശ ഭാഷാ ചിത്രം ഒഴികെയുള്ള കാറ്റഗറികളിൽ മത്സരിക്കാൻ അപേക്ഷിക്കാം. പാട്ട്, സ്‌ക്രിപ്റ്റ് തുടങ്ങി ഏത് വിഭാഗത്തിലും അപേക്ഷിക്കാം. നിയമാനുസൃതമായ ഫീസ് അടച്ച് അപേക്ഷയുടെ മാനദണ്ഡങ്ങൾ പാലിക്കുന്ന സിനിമകൾ എല്ലാം തന്നെ ലോങ്ങ് ലിസ്റ്റ് ചെയ്യും. 50 എങ്കിൽ 50, 100 എങ്കിൽ നൂറ്, 200 എങ്കിൽ 200. പിന്നീട് അക്കാദമി അംഗങ്ങൾ ഏറ്റവും കൂടുതൽ പേർ വോട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഓരോ വിഭാഗത്തിലും 5 ചിത്രങ്ങൾ (സാങ്കേതിക വിഭാഗത്തിൽ 5 സാങ്കേതിക പ്രവർത്തകർ) നോമിനേഷൻ ലഭിക്കും. ഇതാണ് ഓസ്കാർ നോമിനേഷൻ. ഇതിൽ നിന്നും ഒരു ചിത്രത്തിന് (ഒരാൾക്ക്) ആണ് ഓസ്കാർ ലഭിക്കുന്നത്. ഇൻഡ്യൻ സിനിമകൾക്ക് ഇതേവരെ ഒരു ഓസ്കാറും ലഭിച്ചിട്ടില്ല. സത്യജിത് റായിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ്റിനുള്ള ഹോണററി പുരസ്കാരം ലഭിച്ചത് മാത്രമാണ് ഒരു ഇന്ത്യക്കാരന് ഇന്ത്യൻ സിനിമകൾ മുൻനിർത്തി ലഭിച്ച ഏക ഓസ്കാർ പുരസ്‌കാരം. (റസൂലിനും, ഗുൽസാറിനും, ഭാനു അത്തയ്യക്കും ഒക്കെ ഓസ്കാർ ലഭിച്ചത് ഇന്ത്യൻ സിനിമകളിലെ പങ്കാളിത്തം മുൻനിർത്തിയല്ല. മറിച്ച് ആ ചിത്രങ്ങൾ ഒക്കെ വിദേശ ചിത്രങ്ങൾ ആണ് , ഇന്ത്യൻ പശ്ചാത്തലത്തിൽ ചിത്രീകരിച്ചു എന്നേ ഉള്ളൂ. പക്ഷെ നിർമാണം ഇന്ത്യ അല്ല…)ഇതാണ് ഓസ്കാറിന്റെ രീതി.

മലയാളത്തിൽ നിന്നും മിക്കപ്പോഴും കേൾക്കുന്നതാണ് പാട്ടുകൾ ഓസ്കാർ നോമിനേഷനു പരിഗണിക്കുന്നു എന്ന വാർത്ത. ഇത് തികച്ചും തെറ്റിധാരണ ജനിപ്പിക്കുന്ന വാർത്ത ആണ്. അപേക്ഷിക്കുന്ന എല്ലാ ചിത്രങ്ങളുടെയും പട്ടിക ഇടുന്ന ലോങ് ലിസ്റ്റിൽ ഉൾപ്പെടുന്നതിനെയാണ് നമ്മുടെ മാധ്യമങ്ങൾ നോമിനേഷൻ ആയി തെറ്റിദ്ധരിച്ചു വാർത്ത നൽകുന്നത്. ഈ വർഷത്തെ ഓസ്കാർ നോമിനേഷനുകൾ ഏതൊക്കെ എന്നത് ജാനുവരിയിൽ പ്രഖ്യാപിക്കാൻ പോകുന്നതെയുള്ളൂ. വിദേശ ഭാഷാ ചിതരത്തിൽ ഇത്തവണയും ഇന്ത്യക്ക് പ്രതീക്ഷ വേണ്ട. 9 ചിത്രങ്ങൾ ഷോർട്ട് ലിസ്റ്റ് ചെയ്തപ്പോൾ ഇന്ത്യൻ എൻട്രി ന്യൂട്ടൻ പുറത്തായി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com