105 കോടി, 176 ഹെക്ടര്‍ വനം : സംസ്ഥാനത്തെ ആദ്യത്തെ ആനമ്യൂസിയം കോട്ടൂരില്‍
വെബ് ഡസ്ക്
തിരുവനന്തപുരത്തെ കോട്ടൂര്‍ കപ്പുകാട് ആനപരിപാലന കേന്ദ്രം വന്‍ വികസനത്തിനായി ഒരുങ്ങുന്നു. സംസ്ഥാനത്ത് തന്നെ ആദ്യമായി ആനകളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഉള്‍ക്കൊള്ളിക്കുന്ന നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം ഉള്‍പ്പെടെ 105 കോടി രൂപയുടെ പദ്ധതിയാണ് ഇവിടെ നടപ്പിലാക്കാന്‍ പോകുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടപ്രവര്ത്തനങ്ങള്ക്കായി 72 കോടി അനുവദിച്ചു.
നിലവില്‍ 51 ഹെക്ടര്‍ വനത്തിലാണ് കോട്ടൂരിലെ ആനപരിപാലന കേന്ദ്രം. ഇതിനെ 176 ഹെക്ടറിലേക്കാണ് പുതിയ പദ്ധതിയിലൂടെ വികസിപ്പിക്കുന്നത്. സ്വാഭാവിക ആവാസ വ്യവസ്ഥയെ നിലനിര്‍ത്തിക്കൊണ്ട് 24 കൊട്ടിലുകള്‍ നിര്‍മ്മിക്കും. ഇതില്‍ ഒറ്റ ആനകളെ പാര്‍പ്പിക്കുന്ന 11 കൂടുകളും ഉണ്ടാകും. 56.44 ഏക്കര്‍ ഭൂമിയില്‍ 50 ആനകള്‍ക്ക് പാര്‍ക്കാനുള്ള സൗകര്യമാണ് ഇത്തരത്തില്‍ ഒരുക്കുന്നത്.
നിലവില്‍ 18 ആനകളും 35 പാപ്പാന്മാരുമാണ് ഈ കേന്ദ്രത്തിലുള്ളത്. പുതിയ പദ്ധതി പ്രകാരം പ്രായമായ ആനകള്‍, കുട്ടി ആനകള്‍, കാട്ടില്‍ നിന്നും പിടികൂടുന്ന ആനകള്‍, നാട്ടില്‍ വിവിധ കേസുകളില്‍പ്പെട്ട ആനകള്‍ എന്നിങ്ങനെ പ്രത്യേകമായാണ് ആനകളെ പാര്‍പ്പിക്കുക. പിടിയാനകളെയും കുട്ടിയാനകളെയും പ്രത്യേക ഇടങ്ങള്‍ ഒരുക്കിയാണ് പാര്‍പ്പിക്കുന്നത്. കൂടാതെ പാപ്പാന്മാര്ക്ക് പരിപാലന കേന്ദ്രത്തില്‍ തന്നെ താമസ സൗകര്യം, പരിശീലനത്തിന് വരുന്നവര്‍ക്ക് ഹോസ്റ്റലും സന്ദര്‍ശകര്‍ക്ക് വിശ്രമ കേന്ദ്രവും മൃഗാശുപത്രി എന്നിവയും പുതിയ പദ്ധതി പ്രകാരം ഒരുക്കുന്നുണ്ട്.
2020 ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.