ലോകം ഞെട്ടി, 64 പൗണ്ട് പ്ലാസ്റ്റിക്കുമായി തിമിംഗലം കരയ്ക്കടിഞ്ഞു

Sharing is caring!

സനക് മോഹന്‍ എം  

64 പൗണ്ട് പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ വിഴുങ്ങി വലിയ പല്ലുകളുള്ള ആണ്‍ തിമിംഗലം തീരത്ത് അടിഞ്ഞത് ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. സൗത്ത് സ്പെയിന്‍ തീരത്താണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തിമിംഗലത്തെ കണ്ടെത്തിയത്.

തിമിംലത്തിന്‍റെ മരണകാരണം പ്ലാസ്റ്റിക് വിഴുങ്ങിയതാണെന്ന് വൈല്‍ഡ് ലൈഫ് റെസ്ക്യൂ സെന്‍റര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. പ്ലാസ്റ്റിക് ബാഗ്, പ്ലാസ്റ്റിക് വലകള്‍, കപ്പല്‍പായ, പ്ലാസ്റ്റിക് ചാക്ക് തുടങ്ങിയവ തിമിംഗലത്തിന്‍റെ ആമാശയത്തില്‍ നിന്നും കുടല്‍മാലയില്‍ നിന്നും വേര്‍തിരിച്ചെടുത്താണ് പഠനം നടത്തിയത്. ആമാശയത്തിനകത്ത് പ്ലാസ്റ്റിക് അടിഞ്ഞ് കൂടുകയും അണുക്കള്‍ പടരുകയും ചെയ്തതാണ് മരണകാരണം. വിഴുങ്ങിയ പ്ലാസ്റ്റിക് വസ്തുക്കള്‍ പുറത്തേക്ക് കളയാന്‍ ആകാത്തതിനാല്‍ തിമിംഗലത്തിന്‍റെ ആന്തരീകഭാഗങ്ങളില്‍ വീക്കം ഉണ്ടായതായും കണ്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന വലിയ പല്ലുകളുള്ള ആണ്‍ തിമിംഗലമാണ് പ്ലാസ്റ്റിക്കിന്‍റെ ഇരയായത്. യുഎസിന്‍റെ വംശനാശ ഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കല്‍ നിയമപ്രകാരം പരിപാലിക്കപ്പെടുന്ന വര്‍ഗ്ഗമാണ് ഇവ. മനുഷ്യായുസ്സ് പോലെ തന്നെ 70 വര്‍ഷത്തോളം ആയുസുള്ള ഈ തമിംഗലങ്ങള്‍ സമുദ്രജീവികളെയാണ് പ്രധാനമായും ഭക്ഷിക്കുക. രണ്ട് വര്‍ഷം മുന്‍പ് വംശനാശ ഭീഷണി നേരിടുന്ന 13 തിമിംഗലങ്ങളെ ഇത്തരത്തില്‍ പ്ലാസ്റ്റിക് വിഴുങ്ങി തീരങ്ങളില്‍ അടിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു.

സമുദ്രസമ്പത്തിന് ഏറ്റവും വലിയ ഭീഷണിയായി മനുഷ്യരുടെ പ്ലാസ്റ്റിക് ഉപയോഗം മാറി എന്നതിന്‍റെ സൂചനയായാണ് ലോകം ഈ സംഭവത്തെ വിലയിരുത്തുന്നത്. എത്രയോവര്‍ഷക്കാലമായി മനുഷ്യന്‍ ഉപയോഗിച്ച് ഉപേക്ഷിച്ച പ്ലാസ്റ്റിക് വസ്തുക്കളാണ് ഇപ്പോള്‍ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണി ഉയര്‍ത്തുന്നത്. ഏകജേശം 5 ലക്ഷം കോടിയോളം പ്ലാസ്റ്റിക് വസ്തുക്കള്‍ ലോകത്തിലെ സമുദ്രങ്ങളില്‍ ഒഴുകിനടക്കുന്നുണ്ടെന്നാണ് അടുത്തകാലത്ത് നടന്ന ഒരു പഠനം സൂചിപ്പിക്കുന്നത്. 2050 ഓടെ ലോകത്തിലെ ആകെ മത്സ്യസമ്പത്തിന്‍റെ ഇരട്ടിയോളം പ്ലാസ്റ്റിക് വസ്തുക്കള്‍ കടലില്‍ നിറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഫിലിപ്പിന്‍സ് തീരത്തെ മനുഷ്യനിര്‍മ്മിത തിമിംഗലം. ഇത് ലോകത്ത് വര്‍ദ്ധിച്ച് വരുന്ന യാഥാര്‍ത്ഥ്യത്തെ സൂചിപ്പിക്കുന്നു

തമിംഗലത്തിന്‍റെ ദാരുണ മരണത്തോടെ സൗത്ത് സ്പെയിനില്‍ പലയിടങ്ങളിലും ഇപ്പോള്‍ തന്നെ പ്ലാസ്റ്റിക് വിരുദ്ധ ക്യാംപെയിനുകള്‍ ആരംഭിച്ചുകഴിഞ്ഞു. പ്ലാസ്റ്റിക് ഉപയോഗം കുറക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്കുകള്‍ നിരോധിച്ചും, നികുതി ചുമത്തിയും, പേപ്പര്‍ ബാഗുകള്‍ പ്രോത്സാഹിപ്പിച്ചും പരമാവധി പ്ലാസ്റ്റിക് ഉപയോഗം കുറക്കാനുള്ള നെട്ടോട്ടത്തിലാണ് ലോകം. പക്ഷെ, റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കാലങ്ങള്‍ക്ക് മുന്‍പെ ഉപയോഗിച്ച പ്ലാസ്റ്റിക്കുകളാണ് ഇപ്പോള്‍ അപകടം ഉണ്ടാക്കുന്നത്.

റീസൈക്ലിംഗ് ചെയ്യാന്‍ പറ്റുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നടപടി തുടങ്ങിക്കഴിഞ്ഞു. 2030 ഓടെ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത പ്ലാസ്റ്റിക് നിര്‍മ്മാണ ഏജന്‍സികള്‍ വ്യാപകമാകുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം ഭൂമിയെ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ലോകം ഏര്‍പ്പെടേണ്ടതും നിലനില്‍പിന്‍റെ ആവശ്യമായി മാറിയിട്ടുണ്ട്.

മനുഷ്യരുടെ പ്ലാസ്റ്റിക് ഉപയോഗങ്ങളുടെ അപകടവും വ്യാപ്തിയും കാണിക്കുന്നതായിരുന്നു തീരത്തടിഞ്ഞ തിമിംഗലം. കടലിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് വിഴുങ്ങിയാണ് തിമിംഗലം ചത്ത്പൊങ്ങിയത് എന്ന കാര്യം നമ്മുടെ ആവാസ വ്യവസ്ഥയുടെ അപകടത്തെയാണ് സൂചിപ്പിക്കുന്നത്.

കടപ്പാട് : ഫോബ്സ് മാഗസിന്‍

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com