പ്രാർത്ഥന മാത്രം മതിയാകില്ല, കൊറോണയെ അനുകമ്പയോടെ നേരിടണം : ദലൈലാമ

ദലൈലാമ എഴുതിയ ലേഖനം. അദ്ദേഹത്തിൻ്റെ വെബ്സൈറ്റിലും ടൈം മാഗസിനിലും ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരിഭാഷ: ആദർശ് ഓണാട്ട്
ചില അവസരങ്ങളിൽ എന്റെ സുഹൃത്തുക്കൾ എന്നോട് ചോദിക്കാറുണ്ട് ഈ ലോകത്തെ ബാധിച്ചിരിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിന് എൻ്റെ കൈവശം ഉള്ള ചില ‘മാന്ത്രികവിദ്യകൾ’ ഉപയോഗിച്ചുകൂടെ എന്ന്. ഞാൻ അവരോട് പറയും ദലൈലാമയുടെ കയ്യിൽ അത്തരം മന്ത്രശക്തികൾ ഒന്നുമില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ കാലുവേദനയോ തൊണ്ടയടപ്പോ ഒന്നും എനിക്ക് നേരിടേണ്ടിവരില്ലല്ലോ. നാമെല്ലാരും ഒരുപോലെയാണ്. ഓരോത്തരും അനുഭവിക്കുന്ന ആശങ്കകൾ, പ്രത്യാശകൾ, അനിശ്ചിതത്വങ്ങൾ എല്ലാം ഒന്ന് തന്നെ. ബുദ്ധമത വീക്ഷണത്തിൽ, സചേതനമായ ഏതൊരു ജീവിയും പ്രയാസങ്ങളും അസുഖങ്ങളും വാർദ്ധക്യവും മരണവും അതിന്റെ സത്യത്തിൽ അറിയുന്നു. മനുഷ്യന് കോപവും പരിഭ്രാന്തിയും ദുരാഗ്രഹവുമൊക്കെ അതിജീവിക്കാനുള്ള കഴിവുണ്ട്. അടുത്ത കാലത്തായി ഞാൻ ഊന്നൽ കൊടുത്തു പറയുന്ന ഒന്നാണ് “വൈകാരിക നിരായുധീകരണം” (emotional disarmament) എന്നത്. ഭയത്തിനോ, കോപത്തിനോ വഴിപ്പെടാതെ കാര്യങ്ങളെ യാഥാർഥ്യത്തോടെയും വ്യക്തമായും കാണാൻ ശ്രമിക്കുക എന്നതാണ് അത് കൊണ്ട് അർത്ഥമാക്കുന്നത്.

ഒരു പ്രശ്നത്തിന് പരിഹാരമുണ്ടെങ്കിൽ അത് കണ്ടെത്താൻ നമ്മൾ പ്രവർത്തിക്കണം. എന്നാൽ അതിന് സാധിക്കുന്നില്ലെങ്കിൽ അതിനെക്കുറിച്ച് ചിന്തിച്ച് നമ്മൾ സമയം കളയേണ്ടതില്ല. ഞങ്ങൾ ബുദ്ധമതസ്ഥർ ഈ ലോകം പരസ്പരം ആശ്രയിച്ചു നിൽക്കുന്നു എന്ന് വിശ്വസിക്കുന്നവരാണ് . അതുകൊണ്ടാണ് ഞാൻ പലപ്പോഴും സാർവത്രിക ഉത്തരവാദിത്തത്തെക്കുറിച്ച് സംസാരിക്കുന്നത്.
ഈ ഭയാനകമായ കൊറോണ വൈറസ് ഒരു വ്യക്തിയിൽ ഏല്പിക്കുന്ന ആഘാതം മറ്റെല്ലാ ജീവികളെയും ഏറെ താമസിയാതെ ബാധിക്കുമെന്ന് നമ്മൾക്കറിയാം. അനുകമ്പാർദ്രമോ ക്രിയാത്മകമോ ആയ പ്രവർത്തികൾ-അത് ആശുപത്രികളിൽ രോഗികളെ പരിശോധിക്കുന്നതോ സാമൂഹിക അകലം പാലിക്കുന്നതോ ആകട്ടെ- പലർക്കും വലിയ സഹായകമാകുമെന്ന് ഈ മഹാമാരി നമ്മെ ഓർമിപ്പിക്കുന്നു.വുഹാനിലെ കൊറോണ വൈറസിനെക്കുറിച്ച് വാർത്തകൾ പുറത്തുവന്നതുമുതൽ ചൈനയിലും മറ്റെല്ലായിടത്തുമുള്ള എന്റെ സഹോദരീസഹോദരന്മാർക്കായി ഞാൻ പ്രാർത്ഥിക്കുന്നു. ഈ വൈറസ് ബാധയിൽ നിന്ന് ആരും ഒഴിവായി നിൽക്കുന്നില്ല എന്ന് ഇപ്പോൾ നമുക്ക് അറിയാം. നമ്മുടെ വീടുകളെയും പ്രിയപ്പെട്ടവരെയും ഭാവിയേയും സമ്പദ്വ്യവസ്ഥയെയും ഒക്കെ ഓർത്ത് നാമെല്ലാവരും ആശങ്കാകുലരാണ്. എന്നാൽ അതിന് പ്രതിവിധി പ്രാർത്ഥന മാത്രം ആകുന്നില്ല. ഈ പ്രതിസന്ധി പറഞ്ഞു തരുന്നത് നാമെല്ലാം കഴിയുന്നിടത്തോളം ഉത്തരവാദിത്തം ഏറ്റെടുക്കണം എന്നാണ്.
ഡോക്ടർമാരും നഴ്സുമാരും അനുഭവസാക്ഷ്യമായി കാട്ടിത്തരുന്ന ധൈര്യം ഈ സാഹചര്യത്തെ ദിശമാറ്റാനും വരും നാളുകളിൽ ഇത്തരം ഭീഷണികളിൽ നിന്ന് നമ്മെ സംരക്ഷിക്കാനും സഹായിക്കും. നാമെല്ലാം വളരെയധികം ഭയപ്പെടുന്ന ഈ സമയത്ത്, ലോകം നേരിടുന്ന ദീർഘകാല വെല്ലുവിളികളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും നമ്മൾ ചിന്തിക്കേണ്ടത് പ്രധാനമാണ്. നമ്മുടെ നീല ഗ്രഹത്തിന് യഥാർത്ഥ അതിരുകളില്ലെന്ന് ബഹിരാകാശത്തു നിന്നുള്ള ഫോട്ടോഗ്രാഫുകൾ വ്യക്തമാക്കുന്നു. അത് കൊണ്ട് തന്നെ അതിനെ സംരക്ഷിക്കുകയും അത് നേരിടുന്ന കാലാവസ്ഥാ വ്യതിയാനത്തെയും മറ്റ് വിനാശകരമായ ശക്തികളെയും തടയാൻ പ്രവർത്തിക്കുകയും വേണം. ഒറ്റക്കെട്ടായി ആഗോളതലത്തിൽ നാമെല്ലാം ഒത്തുചേരുന്നതിലൂടെ മാത്രമേ ഈ വെല്ലുവിളികളെ നേരിടാൻ നമ്മുക്ക് കഴിയുള്ളൂ എന്ന മുന്നറിയിപ്പ് കൂടി ഈ മഹാമാരി തരുന്നു.
ആരും കഷ്ടപ്പാടുകളിൽ നിന്ന് മുക്തരല്ലെന്നും വീടുകളോ വിഭവങ്ങളോ കുടുംബമോ ഇല്ലാത്ത മറ്റുള്ളവർക്ക് സംരക്ഷണത്തിന്റെ ഒരു കൈത്താങ്ങാകാൻ നമ്മൾക്ക് കഴിയണം. ലോകത്തിന്റെ പല കോണിൽ ആണെങ്കിലും നാമെല്ലാവരും അകന്നു നിൽക്കുന്നവരല്ല. അത് കൊണ്ട് തന്നെ അനുകമ്പയും സഹായവും നൽകേണ്ട ഉത്തരവാദിതം നമ്മൾക്ക് ഉണ്ട്.ഒരു ബുദ്ധവിശ്വാസി എന്ന നിലയിൽ ഞാൻ അനിത്യതയുടെ തത്വത്തിൽ വിശ്വസിക്കുന്നു. ഈ വൈറസ് കടന്നുപോകും. എന്റെ ജീവിതകാലത്ത് യുദ്ധങ്ങളും മറ്റ് ഭയാനകമായ ഭീഷണികളും കടന്നുപോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഭീഷണികൾ എല്ലാം ഒഴിയുമ്പോൾ ഈ ലോകത്തെ പുനർനിർമ്മിക്കാനുള്ള അവസരം നമ്മളിൽ വന്നു ചേരും. അത് നമ്മൾ നിരവധി തവണ ചെയ്തിട്ടുണ്ടമുണ്ട്. എല്ലാവരും സുരക്ഷിതരായി തുടരാനും ശാന്തത പാലിക്കാനും കഴിയുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. അനിശ്ചിതത്വത്തിന്റെ ഈ സമയത്ത്, മനുഷ്യരുടെ സൃഷ്ടിപരമായ ശ്രമങ്ങളിൽ നമുക്ക് പ്രതീക്ഷയും ആത്മവിശ്വാസവും അർപ്പിക്കാം. – ദലൈലാമ