മുഖ്യമന്ത്രി പറയുന്നത് ആത്മാർത്ഥമായാണെങ്കിൽ അതിനെ സർവാത്മനാ പിന്തുണക്കുന്നു..

Sharing is caring!

സി ആർ നീലകൺഠൻ

കഴിഞ്ഞ കാൽ നൂറ്റാണ്ടായി കേരളത്തെക്കുറിച്ചുള്ള ഏറ്റവും പ്രധാന നിരീക്ഷണമായി ഞാൻ കരുതിപ്പോരുന്നത് ” “നമ്മൾ ഉണ്ടാക്കുന്നതൊന്നും ഉപയോഗിക്കാത്തവരും ഉപയോഗിക്കുന്നതൊന്നും ഉണ്ടാക്കാത്തവരുമാണ്” എന്നാണു. നമ്മൾ ഉത്പാദിപ്പിക്കുന്ന എല്ലാ നല്ല വസ്തുക്കളും ( കശുവണ്ടി,ഏലം, കുരുമുളക്, റബ്ബർ, കാപ്പി, തേയില,മൽസ്യം, കയർ… തുടങ്ങിയവയിൽ ഒന്നാം ക്വാളിറ്റി) നാം കയറ്റി അയക്കുന്നു. എന്തിനേറെ നമ്മുടെ മിടുക്കരായ കുട്ടികളെ നാം വളർത്തുന്നത് കയറ്റി അയക്കാൻ ആണല്ലോ. നമുക്ക് വേണ്ടതെല്ലാം ( ഭക്ഷണം, വസ്ത്രം, മരുന്ന് തുടങ്ങി വലിയ തോതിൽ തൊഴിലാളികളെ വരെ) നാം ഇറക്കുമതി ചെയ്യുന്നു. നാം ഉണ്ടാക്കുന്നവയുടെയും ഉപയോഗിക്കുന്നവയുടെയും വില നിയന്ത്രിക്കുന്നത് പുറത്തുള്ളവരാണ്. ഉദാഹരണം : റബ്ബർ, അതുകൊണ്ടുടാക്കുന്ന ടയർ.

ഈ അവസ്ഥയുടെ മറ്റൊരു പ്രധാന ദോഷം മണ്ണില്ലാതെയും ജീവിക്കാം എന്ന ബോധം മലയാളിയിൽ ഉണ്ടായി എന്നതാണ്. ഭൂമി എന്നാൽ കുഴിച്ചും നികത്തിയും മുറിച്ചും മറിച്ചും വിൽക്കാനുള്ള ചരക്കു മാത്രം. ഭക്ഷണം മുതൽ ഒന്നിനും ഭൂമി വേണ്ട. മണ്ണ് കച്ചവടച്ചരക്കാകുമ്പോൾ അതിന്റെ വില നിർണ്ണയിക്കുന്നത് ജൈവമൂല്യമല്ല എന്ന് വരുന്നു. ഒരേക്കർ നെൽപാടത്തിന്റെ വില അത് നികത്തിവിട്ടാൽ കിട്ടുന്ന കോടികൾ ആകുന്നു. അതുണ്ടാക്കുന്ന ഭക്ഷണമോ അത് ശേഖരിക്കുന്ന മഴവെള്ളമോ അല്ലാതാകുന്നു. കഴിഞ്ഞ അമ്പത് വർഷങ്ങൾക്കിടയിൽ മാത്രം നമുക്ക് നഷ്ടമായത് നെൽപ്പാടങ്ങളും 75 ശതമാനത്തിലേറെയാണ്.

ഒരു ഭൗമദിനത്തിൽ ഇത്രയും ചിന്തിക്കാൻ കാരണം കോവിഡ് ബാധമൂലം അടച്ചിടൽ സംഭവിക്കുന്നതിനാൽ കേരളം (ലോകത്തിലെ പല രാജ്യങ്ങളും) ഭക്ഷ്യപ്രതിസന്ധിയെ നേരിടാൻ സാധ്യതയുണ്ടെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പാണ്. വളരെ ശരിയായ ഒന്നാണത്. മലയാളി ഇനി രക്ഷപ്പെടണമെങ്കിൽ ഭക്ഷണം ലഭ്യമാക്കുന്ന ഭൂമി സംരക്ഷിക്കപ്പെടണം. സംസ്ഥാന മുഖ്യമന്ത്രി തന്നെ അതിനു മുൻകയ്യെടുക്കേണ്ടതുമുണ്ട്. പതിറ്റാണ്ടുകളായി പരിസ്ഥിതി പ്രവർത്തകർ ഇത് പറയുമ്പോൾ അതിനെ വികസനവിരുദ്ധതയായി കാണാനാണ് മിക്കവാറും എല്ലാ രാഷ്ട്രീയനേതാക്കളും (അത്യപൂർവം ചിലരൊഴിച്ച്) തയ്യാറായിട്ടുള്ളത്. വാചകമാറ്റിയിൽ പരിസ്ഥിതി ആഹരിതം എന്നൊക്കെ പറയുമെങ്കിലും കുന്നിടിക്കൽ, പാഠങ്ങളും തണ്ണീർത്തടങ്ങളും നികത്തൽ, ഒരു നിയമങ്ങളും പാലിക്കാതെയുള്ള ഖനനങ്ങൾ, വന, പുഴ, കായൽ മുതലായവയുടെ കയ്യേറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇവരൊക്കെ വിനാശകാരികൾക്കൊപ്പമായിരിക്കും.

നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമം വന്നിട്ട് ഒരു വ്യാഴവട്ടം പിന്നിടുമ്പോഴും അത് നടപ്പിലാക്കാൻ കഴിയാത്ത വിധമാണ് ഇവരുടെയൊക്കെ ഇടപെടലുകൾ. ഇത്രകാലമായിട്ടും ആ നിയമത്തിന്റെ ഭാഗമായുള്ള ഡാറ്റ ബാങ്ക് തയ്യാറാക്കി പ്രസിദ്ധീകരിക്കാൻ തയ്യാറായില്ലെന്നത് തന്നെ ഇവരുടെ താല്പര്യം വ്യക്തമാക്കുന്നു. ഇതൊക്കെയാണെങ്കിലും ഇപ്പോൾ മുഖ്യമന്ത്രി പറയുന്നത് ആത്മാർത്ഥമായാണെങ്കിൽ അതിനെ സർവാത്മനാ പിന്തുണക്കുന്നു. ബെറ്റർ ലേറ്റ് ദാൻ നെവർ എന്നാണല്ലോ. നമുക്ക് നമ്മുടെ ഭൂമിയെ ജീവനുള്ളതാക്കി നിലനിർത്തതാം. അങ്ങനെ വരുമ്പോൾ ഇനിമേൽ ഭൂമിയുടെ ഏതു തരം ഉപഭോഗവും ഏറെ ചിന്തിച്ച ശേഷമേ പാടുള്ളു. അത് ദേശീയപാതയുടെ വീതിയായാലും അതിവേഗ റെയിൽ ഇടനാഴി ആയാലും ഷോപ്പിംഗ് മാളുകൾ ആയാലും അങ്ങനെയേ തീരുമാനിക്കാവു. ആ മാറ്റം കൊണ്ട് വരാൻ ഈ അടച്ചിരിക്കൽ സഹായകമാകുമെങ്കിൽ കേരളത്തിന് നിലനിൽപ്പുണ്ട് എന്ന് മാത്രം പറയട്ടെ.

കഴിഞ്ഞ കാൽ നൂറ്റാണ്ടായി കേരളത്തെക്കുറിച്ചുള്ള ഏറ്റവും പ്രധാന നിരീക്ഷണമായി ഞാൻ കരുതിപ്പോരുന്നത് " "നമ്മൾ…

Gepostet von CR Neelakandan am Mittwoch, 22. April 2020

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com