തിരുവനന്തപുരത്തും കൊറോണ : പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി

Sharing is caring!

തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്ന വ്യക്തിക്കും കൊറോണ സ്ഥിതീകരിച്ചു. ഇതോടെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

തിരുവന്തപുരം മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലുമാണ് ജില്ലയില്‍ കോവിഡ് 19 ചികിത്സയ്ക്കുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വലിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ജില്ലയിലുടനീളം നടക്കുന്നത്. കളക്ടറുടെ നേതൃത്വത്തില്‍ കോര്‍പറേഷന്റേയും മുന്‍സിപ്പാലിറ്റികളുടേയും പഞ്ചായത്തുകളുടേയും സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. എല്ലാ പഞ്ചായത്തുകളിലും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി വരുന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി വരുന്നവരെ നിരീക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക സംവിധാനം ശക്തിപ്പെടുത്തി.

കോവിഡ് 19 ക്ലിനിക്ക്, 49 ഐസൊലേഷന്‍ റൂമുകള്‍, ഐസൊലേഷന്‍ ഐ.സി.യു. എന്നിവ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടുതല്‍ രോഗികളെത്തിയാല്‍ ഐസൊലേഷന്‍ റൂമുകളുടെ എണ്ണം അതനുസരിച്ച് വര്‍ധിപ്പിക്കും. കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്. ഡീലക്‌സ് പേ വാര്‍ഡിന്റെ താഴത്തെ നിലയിലാണ് കോവിഡ് 19 ക്ലിനിക്ക് ഒ.പി. സജ്ജമാക്കിയിരിക്കുന്നത്. പരിശീലനം സിദ്ധിച്ച വിദഗ്ധ ഡോക്ടര്‍മാരും നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ജീവനക്കാരുമാണ് ഇവിടെയുള്ളത്. രോഗലക്ഷണങ്ങള്‍ ഉള്ളവരെ പ്രത്യേക സുരക്ഷയോടെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സിക്കും. ഇല്ലാത്തവരെ വീട്ടിലെ നിരീക്ഷണത്തിനായി വിടും. ജീവനക്കാര്‍ക്ക് മതിയായ പരിശീലനവും സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ട്. എല്ലാ ദിവസവും പ്രത്യേക മെഡിക്കല്‍ ബോഡ് യോഗം കൂടി സ്ഥിതിഗതികള്‍ വിലയിരുത്തുന്നു.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്. പേ വാര്‍ഡുകള്‍ പൂര്‍ണായും കോവിഡ് 19 രോഗം ബാധിച്ചവരെ ചികിത്സിക്കാനായി സജ്ജമാക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് 19 ക്ലിനിക്കും ഐസൊലേഷന്‍ സജ്ജീകരണങ്ങളുള്ള 24 മുറികളുമാണ് ഇവിടെ സജ്ജമാക്കിയത്. പരിശോധനയ്ക്കുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ജീവനക്കാര്‍ക്ക് സ്വയം പ്രതിരോധ ഉപകരണങ്ങളും പരിശീലനവും നല്‍കിയിട്ടുണ്ട്.
പേരൂര്‍ക്കട മാതൃകാ ജില്ലാ ആശുപത്രിയിലും ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലും ഐസൊലേഷന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

എയര്‍പോര്‍ട്ടില്‍ നിന്നും കോവിഡ് 19 ബാധിച്ചെന്ന് സംശയമുള്ളവരെ കൊണ്ടുവരാനായി തലസ്ഥാനത്ത് 108 ആംബുലന്‍സും സജ്ജമാക്കിയിട്ടുണ്ട്. 24 മണിക്കൂറും 2 ആംബുലന്‍സുകളാണ് ഇതിനായി എയര്‍പോര്‍ട്ടില്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതുകൂടാതെ രോഗികളെ സുരക്ഷിതമായി കൊണ്ട് പോകുന്നതിന് 15 സര്‍ക്കാര്‍ ആംബുലന്‍സുകളും ഒരുക്കിയിട്ടുണ്ട്. രോഗിയെ ആശുപത്രിയില്‍ ഇറക്കി അണുവിമുക്തമാക്കിയിന് ശേഷമാണ് വീണ്ടും ആംബുലന്‍സ് ഉപയോഗിക്കുന്നത്. ജീവനക്കാര്‍ക്ക് സുരക്ഷാ ഉപകരണങ്ങളും നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ ഇതുസംബന്ധിച്ചുള്ള സംശയമോ ആശുപത്രി സേവനമോ വേണ്ടവര്‍ 2730045, 2730067 എന്നീ ജില്ലാ കോവിഡ് 19 കോള്‍ സെന്ററിലേക്കോ വിളിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com