ലോക്ക്ഡൗണ്‍ : സഫാരി ആനകള്‍ പട്ടിണിയിലേക്കെന്ന് റിപ്പോർട്ട്
ലോകത്തെ വിനോദസഞ്ചാരമേഖലയ്ക്ക് വലിയ ആഘാതമാണ് കോവിഡ് 19 ബാധ ഉണ്ടാക്കിയിരിക്കുന്നത്. ടൂറിസം മേഖലയെ ആശ്രയിച്ച് കഴിയുന്ന രാജ്യങ്ങളുടെ സാമ്പത്തിക രംഗം തകിടം മറിഞ്ഞിരിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇതിനിടയിലാണ് മൃഗങ്ങളും പട്ടിണിയിലേക്കെന്ന വാർത്ത പുറത്തുവരുന്നത്.
വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ തായ്ലന്ഡിൽ നിന്നാണ് യാത്രക്കാരെ സഫാരിക്കായി കൊണ്ടുപോകാന്‍ തയ്യാറാക്കിയിരുന്ന ആനകള്‍ പട്ടിണി അഭിമുഖീകരിക്കുന്നു എന്ന വാർത്ത പുറത്തുവന്നത്. സഫാരിക്കായി ഉപയോഗിക്കുന്ന 4000 ആനകളാണ് തായ്ലന്‍ഡിലുള്ളത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാര്‍ച്ചില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഈ മിണ്ടാപ്രാണികളേയും കൂടിയാണ് പ്രതികൂലമായി ബാധിച്ചത്.

ദിവസം 200 മുതല്‍ 300 കിലോ ഗ്രാം വരെ ഭക്ഷണം വേണ്ട ഇവയുടെ പരിപാലനം നിലവിലെ സാഹചര്യത്തില്‍ ഏറെ ബുദ്ധിമുട്ടാണ്. 2000 ആനകള്ക്കെങ്കിലും അടിയന്തരമായി സഹായം ആവശ്യമുണ്ടെന്ന് ദ വേള്‍ഡ് അനിമല്‍ പ്രൊട്ടക്ഷന്‍ ചൂണ്ടിക്കാട്ടി. ഇക്കൂട്ടത്തില്‍ ഗര്‍ഭിണികളുമുണ്ടെന്നും സഹായം ലഭിച്ചില്ലെങ്കില്‍ അവ മരണത്തിന് കീഴടങ്ങുമെന്നും ദ സേവ് എലിഫന്റ് ഫൗണ്ടേഷന് സ്ഥാപകന്‍ ലേ ചൈലേര്ട്ട് പറഞ്ഞു.
ആനകള്‍ക്ക് ഭക്ഷണം നല്‍കുക എന്നത് പ്രധാനം തന്നെയാണെന്നും എന്നാല്‍ അതിനാവശ്യമായ വനസമ്പത്ത് സമീപങ്ങളിലില്ല എന്നത് വെല്ലുവിളിയാണെന്നും മേ ചേമിലെ ആനസങ്കേതം കൈകാര്യം ചെയ്യുന്ന കെറി മക്രിയ പറയുന്നു. വിനോദസഞ്ചാര മേഖലയില്‍ നിന്നും വരുമാനം നിലച്ചതോടെ എഴുപതോളം ആനകളെ മേല്‍നോട്ടക്കാരായ ഗ്രാമീണര്‍ സങ്കേതത്തിലേക്ക് തിരിച്ചയച്ചതായും അവര്‍ ബിബിസിയോട് പറഞ്ഞു.
കുടുംബത്തിന്റേയും ആനയുടേയും ചിലവ് എങ്ങനെ വഹിക്കുമെന്നോര്‍ത്ത് ആകുലതയിലാണ് ആനയെ നോക്കുന്നവർ. ആനകളെ സ്വന്തം കുടുംബാംഗത്തേപ്പോലെയാണ് കരുതുന്നത്. എന്നാൽ ലോക്ക്ഡൗണ്‍ കാരണം മനുഷ്യരുടെ ജീവിതം തന്നെ പരുങ്ങലിലാണ്. ആനകളെ പട്ടിണിക്കിടാതിരിക്കാൻ അടിയന്തിര നടപടി വേണമെന്ന് ഇതിനകം ആവശ്യം ഉയർന്നിട്ടുണ്ട്. ലോകത്ത് സമാന സാഹചര്യം അനുഭവിക്കുന്ന ടൂറിസം മേഖലകളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ആവശ്യപ്പെടുന്നുണ്ട്.